കർണാടക മുഖ്യമന്ത്രിക്കസേര തർക്കം ക്ലൈമാക്സിലെത്താൻ ഇനിയും സമയമെടുത്തേക്കും. മുഖ്യമന്ത്രിപദ മോഹികളായ സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും എഐസിസി നേതൃത്വം ചർച്ച തുടരുകയാണ്. നേതാക്കളുമായി ഡി കെ ശിവകുമാർ ഒറ്റയ്ക്ക് ചർച്ച നടത്തി. ഇരുവർക്കും പറയാനുള്ളത് കേട്ടെങ്കിലും അന്തിമ തീരുമാനം സോണിയ ഗാന്ധിയുടെതായിരിക്കും. ഷിംലയിലുള്ള സോണിയ ഗാന്ധി ഡൽഹിയിൽ മടങ്ങിയെത്തും വരെ തീരുമാനം നീളുമെന്നാണ് സൂചന.
കസേര രണ്ടര വർഷം വീതം പങ്കിടാമെന്ന ഹൈക്കമാൻഡിന്റെ ഒത്തുതീർപ്പ് ഫോർമുലയോട് ഇന്നലെ നേതാക്കൾ യോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും സിദ്ധരാമയ്യ പ്രകോപിപ്പിച്ചതോടെ ഡി കെ ശിവകുമാർ ഇത് നിരസിച്ചു. അഞ്ചുകൊല്ലം തികച്ച് ഭരിക്കുന്നതാണ് സംസ്ഥാന താൽപ്പര്യങ്ങൾക്ക് ഉചിതമെന്നാണ് ഇരുവരും ഇന്ന് സ്വീകരിച്ച നിലപാട്.
സിദ്ധരാമയ്യയ്ക്ക് തന്നെ മുഖ്യമന്ത്രി പദവി നൽകുന്നതിൽ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിലും അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേതാകും. ഡി കെ ശിവകുമാറിന് മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ വാഗ്‌ദാനം ചെയ്യുകയാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന വാശിയിലാണ് സിദ്ധരാമയ്യ.
ഡികെയുടെയും സിദ്ധരാമയ്യയുടെയും അനുയായികൾക്ക് മന്ത്രിസഭയിൽ തുല്യ പ്രാധാന്യം നൽകണമെന്ന നിർദേശമാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്. ഡി കെ ശിവകുമാർ നിർദേശിക്കുന്ന മൂന്ന് പേർക്ക് മന്ത്രി പദവി ഉറപ്പാക്കുമെന്നും ഹൈക്കമാൻഡ് വാഗ്ദാനമുണ്ട്.
ഇരുനേതാക്കളുമായും ഖാർഗെ നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പരം കുറ്റപ്പെടുത്തലുമായാണ് നേതാക്കൾ എത്തിയത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക സിദ്ധരാമയ്യ കൈമാറി. 2024 ലെ തിരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണെന്നും ഹൈക്കമാൻഡിന്റെ തീരുമാനത്തിനൊപ്പം നിൽക്കണമെന്നും ഖാർഗെ ഡികെയോട് അഭ്യർത്ഥിച്ചു. ചർച്ചയ്ക്കുശേഷം പുറത്തുവന്ന ഡികെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടൻ തന്നെ സഹോദരൻ ഡി കെ സുരേഷ് എംപിയുടെ വസതിയിലേക്ക് മടങ്ങി.
മികച്ച പാർട്ടി സംഘാടകൻ എന്ന നിലയിൽ ഡി കെ ശിവകുമാറിനെയും മികച്ച ഭരണതന്ത്രജ്ഞൻ എന്ന നിലയിൽ സിദ്ധരാമയ്യയെയും കോൺഗ്രസ് ഹൈക്കമാൻഡിന് തള്ളാനാവില്ല. നേതാക്കളെ പിണക്കിയാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകും കോൺഗ്രസിനെ കാത്തിരിക്കുക. രണ്ടുദിവസം കൂടി സമയമെടുത്ത് മികച്ച ഒത്തുതീർപ്പ് ഫോർമുല അവതരിപ്പിക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.