കർണാടകയിലുടനീളം പാർട്ടിയുടെ താരപ്രചാരകർക്കൊപ്പം തിരക്കിലമരുമ്പോഴും ഇടയ്ക്കിടെ ഷിഗാവിൽ ഓടി എത്തുകയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മുംബൈ കർണാടക മേഖലയിലെ കാവിക്കോട്ടയായ ഹവേരി ജില്ലയിൽ ഉൾപ്പെടുന്ന മണ്ഡലത്തിൽ നാലാമങ്കത്തിലാണ് അദ്ദേഹം. മൂന്നു തവണ അനായാസേന മണ്ഡലത്തിൽനിന്ന് ജയിച്ചുകയറിയ ബൊമ്മെയ്ക്ക് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല.
മുൻ കർണാടക മുഖ്യമന്ത്രി എസ് ആർ ബൊമ്മെയുടെ മകനെ മണ്ഡലം രണ്ടുകയ്യും നീട്ടി സ്വീകരിച്ചത് മൂന്നുതവണ
1957 മുതൽ 2004 വരെ കോൺഗ്രസും സ്വതന്ത്രരും മാറി മാറി കൈവശം വച്ച ഷിഗാവ് 2008 ലായിരുന്നു ബിജെപി സ്ഥാനാർഥിയായി എത്തിയ ബസവരാജ് ബൊമ്മെ പിടിച്ചെടുത്തത്. മുൻ കർണാടക മുഖ്യമന്ത്രി എസ് ആർ ബൊമ്മെയുടെ മകനെ മണ്ഡലം രണ്ടുകയ്യും നീട്ടി സ്വീകരിച്ചത് മൂന്നുതവണ. ജനതാ പരിവാറുകാരനായ എസ് ആർ ബൊമ്മെയുടെ മകൻ വഴിപിരിഞ്ഞു ബിജെപി കൊടി പിടിച്ചെങ്കിലും അതിന്റെ നിറം നോക്കാതെ വോട്ടർമാർ അദ്ദേഹത്തെ തുണച്ചുപോന്നു. ഷിഗാവിൽ എല്ലാ വിഭാഗം ആളുകളെയും ചേർത്തുനിർത്തുന്നതായിരുന്നു ബൊമ്മെയെന്ന നേതാവിന്റെ വിജയ ഫോർമുല.
മുഖ്യമന്ത്രിയായ ബൊമ്മെ തന്നെ പ്രഖ്യാപിച്ച ഒബിസി ക്വാട്ടയിലെ മുസ്ലിം സംവരണം റദ്ദാക്കൽ മണ്ഡലത്തിൽ അദ്ദേഹത്തെ വിയർപ്പിക്കുകയാണ്
ഇത്തവണ പക്ഷെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ് ഷിഗാവിൽ. മുഖ്യമന്ത്രിയായ ബൊമ്മെ തന്നെ പ്രഖ്യാപിച്ച ഒബിസി ക്വാട്ടയിലെ മുസ്ലിം സംവരണം റദ്ദാക്കൽ മണ്ഡലത്തിൽ അദ്ദേഹത്തെ വിയർപ്പിക്കുകയാണ്. കഴിഞ്ഞ തവണ ഒൻപതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബൊമ്മെ ജയിച്ചുകയറിയത് . ന്യൂനപക്ഷ വിരുദ്ധതയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും ബൊമ്മെയോട് വ്യക്തിപരമായ അടുപ്പം കാക്കുന്നവരാണ് മണ്ഡലത്തിലെ മുസ്ലിം വിഭാഗം. രണ്ടു ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ അറുപതിനായിരം പേരോളം മുസ്ലിം വിഭാഗത്തിൽ നിന്നാണ്. ഈ വോട്ടുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ബൊമ്മെയുടെ മൂന്നു തിരഞ്ഞെടുപ്പ് വിജയങ്ങളിലും. ഇത്തവണ ഈ വോട്ടുകൾ ബൊമ്മെയുടെ കയ്യിൽനിന്ന് ചോർന്നു പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
പത്രിക സമർപ്പണത്തിനെത്തിയ ബസവരാജ് ബൊമ്മെ വളരെ വികാരാധീനനായായിരുന്നു ഷിഗാവിലെ വോട്ടർമാരോട് സംസാരിച്ചത്. " നിങ്ങളുടെ അനുഗ്രഹമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഞാനൊരിക്കലും ഷിഗാവ് വിട്ടുപോകില്ല. അവസാന ശ്വാസം വരെ നിങ്ങളോടൊപ്പമുണ്ടാകും. മരിച്ചാല്‍ എന്നെ ഷിഗാവിന്റെ മണ്ണിൽ ലയിപ്പിക്കണം," ഇതായിരുന്നു ബൊമ്മെയുടെ വാക്കുകൾ.
മണ്ഡലത്തിൽ എടുത്തുപറയാൻ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരാമർശിക്കാതെയായിരുന്നു ബൊമ്മെയുടെ പ്രസംഗം. കുടുംബ സുഹൃത്തും കന്നഡ നടനുമായ കിച്ചാ സുദീപും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ചേർന്ന് റോഡ് ഷോ നടത്തി ആയിരുന്നു ബൊമ്മെയുടെ പത്രിക സമർപ്പണം.
മുസ്ലിം സംവരണ പ്രശ്നം തിരിച്ചടിയാകുമെന്ന് മനസിലാക്കിയ ബൊമ്മെ മണ്ഡലത്തിൽ പരാജയത്തിന് തുല്യമായ വിജയമാണ് നിലവിൽ പ്രതീക്ഷിക്കുന്നത്
മുസ്ലിം സംവരണ പ്രശ്നം തിരിച്ചടിയാകുമെന്ന് മനസിലാക്കിയ ബൊമ്മെ മണ്ഡലത്തിൽ പരാജയത്തിന് തുല്യമായ വിജയമാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ബൊമ്മെയെ പിടിച്ചു കെട്ടാൻ മണ്ഡലത്തിൽ കോൺഗ്രസ് പതിവ് പോലെ മുസ്ലിം മുഖം തന്നെയാണ് പരീക്ഷിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം യാസിർ അഹമ്മദ് ഖാൻ പത്താൻ ആണ് സ്ഥാനാർഥി. ആദ്യം സ്ഥാനാർഥി പട്ടികയിൽ മുഹമ്മദ് യൂസഫ് സാവന്നൂരിന്റെ പേര് വന്നിരുന്നെങ്കിലും സംവരണ പ്രശ്നം കടുത്തതോടെ കൂടുതൽ സ്വാധീനമുള്ള പത്താനെ ഇറക്കി മണ്ഡലം കയ്യിലാക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.
മുസ്ലിം സംവരണം അട്ടിമറിച്ചെന്ന പ്രതിപക്ഷ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയും മുസ്ലിങ്ങൾക്ക് സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ ലഭിക്കുന്ന 10 ശതമാനം സംവരണത്തിന്റെ ഗുണങ്ങൾ വിവരിച്ചുമാണ് ബൊമ്മെയും കൂട്ടരും ഷിഗാവിൽ വോട്ട് തേടുന്നത്. മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരെ പ്രത്യേകം പ്രത്യേകം കാണാനും സംവരണം റദ്ദാക്കലിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്താനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ്. മുസ്ലിം വിഭാഗത്തിന് കാര്യങ്ങൾ ബോധ്യമായാൽ ബൊമ്മെയ്ക്ക് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കയറാം.
സംവരണ പ്രശ്നത്തിന് പുറമെ മണ്ഡലം സ്ഥിതി ചെയ്യുന്ന ഹവേരി ജില്ലയിലൊന്നാകെ സീറ്റ് നിഷേധത്തെത്തുടർന്ന് ബിജെപി നേരിടുന്ന വിമതശല്യവും മുഖ്യമന്ത്രിക്ക് വിനയാകുന്നുണ്ട്. ഹവേരി സിറ്റിങ് എംഎൽഎ നെഹ്‌റു ഒലേക്കർ സീറ്റ് നിഷേധത്തെത്തുടർന്ന് ബൊമ്മെയുടെ തോൽവി ഉറപ്പാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിഎസ് യെദ്യുരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ബൊമ്മെയെ പ്രതിഷ്ഠിച്ചതോടെ മണ്ഡലത്തിൽ അദ്ദേഹത്തെ കാണാൻ കിട്ടിയില്ലെന്ന പരാതിയുമുണ്ട് ഷിഗാവുകാർക്ക്.
മുസ്ലിം സംവരണ പ്രശ്നം, വിമത നീക്കം, ഭരണവിരുദ്ധ വികാരം എന്നിവ സംഗമിക്കുന്ന ഷിഗാവിൽ കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹമ്മദ് ഖാൻ പത്താൻ വിജയം സ്വപ്നം കാണുന്നതിൽ തെറ്റുപറയാനാവില്ല. മണ്ഡലത്തിൽ സംവരണ പ്രശ്നം കത്തിച്ച് നിർത്തിയാണ് പത്താന്റെ വോട്ടു പിടുത്തം.
ഷിഗാവിലെ പഞ്ചമശാലി ലിംഗായത്ത് (ലിംഗായത്ത് ഉപവിഭാഗം), കുറുബ, മറ്റ് ന്യൂനപക്ഷ - ദളിത് വോട്ടുകൾ എന്നിവ ഏകീകരിക്കപ്പെടുമെന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം കൂട്ടുന്നു. മണ്ഡലത്തിൽ ജെഡിഎസ് നിർത്തിയിരിക്കുന്ന സ്ഥാനാർഥി ശശിധർ യെലിഗർ കോൺഗ്രസ് വിമതനാണ് എന്നതാണ് പത്താനെ അലട്ടുന്ന ഏക പ്രശ്നം. ജെഡിഎസിന് മണ്ഡലത്തിൽ അയ്യായിരത്തിൽ താഴെ വോട്ടുകളുള്ളൂവെങ്കിലും അട്ടിമറി സാധ്യത മുന്നിൽ കാണുന്നുണ്ട് കോൺഗ്രസ്.