ELECTION 2023

സത്യപ്രതിജ്ഞ ആഘോഷമാക്കാൻ കർണാടക കോൺഗ്രസ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ടാകും

പൊതു തിരഞ്ഞെടുപ്പിന് പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം

ദ ഫോർത്ത് - ബെംഗളൂരു

അഞ്ചുവർഷത്തിന് ശേഷം കോൺഗ്രസ് പാർട്ടി കർണാടകയുടെ ഭരണത്തിലേറുന്നത് വൻ ആഘോഷമാക്കി മാറ്റാൻ കർണാടക പിസിസി. തീയതി കുറിച്ചില്ലെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയമാക്കാനാണ് പദ്ധതി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതുൾപ്പടെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അയൽ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്ഷണക്കത്തയക്കും. ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാർ തുടങ്ങിയവരെയും ക്ഷണിക്കും.

2024ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യം മുന്നിൽ കണ്ടാണ് കോൺഗ്രസിന്റെ നീക്കം. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച കാര്യങ്ങളുടെ രൂപരേഖ കർണാടക കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറും. എഐസിസിയുടെ അംഗീകാരം ലഭിച്ചാൽ കാര്യങ്ങൾ നടക്കും. നാളെയോ മറ്റന്നാളോ കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞയ്ക്കുള്ള തീയതി ഇവിടെ തീരുമാനിച്ചേക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പിസിസികളുടെ പ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ എത്തിച്ചേരും. വിധാൻ സൗധയുടെ മുറ്റത്ത് തുറന്ന വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പൊതു ജനങ്ങൾക്കും ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് വേദി ക്രമീകരിക്കുക. മുഖ്യമന്ത്രി മാത്രമായിരിക്കും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാർ ആരൊക്കെയാകണമെന്ന കാര്യത്തിൽ ഈ ദിവസങ്ങളിൽ ധാരണയിലെത്താനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രി ഉൾപ്പടെ 34 മന്ത്രി സ്ഥാനങ്ങളാണ് കർണാടകയിലുള്ളത്.

മെയ് 23 നാണ് പതിനഞ്ചാം നിയമസഭയുടെ കാലാവധി അവസാനിക്കുക. അതിനുള്ളിൽ സർക്കാർ രൂപീകരണം മതിയെന്നതിനാൽ തിടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്നാണ് കെപിസിസിയുടെ തീരുമാനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനമായ മെയ് 21 ന് മുൻപ് സത്യപ്രതിജ്ഞ നടന്നേക്കും. ഞായറാഴ്ച വൈകിട്ട് ചേരുന്ന നിർണായക നിയമസഭാ കക്ഷി യോഗം എല്ലാ കാര്യത്തിലും തീരുമാനമെടുക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ