ELECTION 2023

ബജ്രംഗ് ദള്‍ നിരോധനം 'കത്തിച്ച്' കര്‍ണാടകയില്‍ സംഘ് പരിവാര്‍; ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലീസ പാരായണം

വീണുകിട്ടിയ ആയുധം തിരഞ്ഞെടുപ്പില്‍ ഹൈന്ദവ ധ്രുവീകരണത്തിന് പ്രയോജനപ്പെടുത്താനാണ് ബിജെപിയുടെയും സംഘ്പരിവാറിന്റെയും തീരുമാനം

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രിക തിരഞ്ഞെടുപ്പായുധമാക്കി ബിജെപിയും സംഘ്പരിവാറും. ബജ്രംഗ് ദളിനെ നിരോധിക്കുന്നത് ഹനുമാന്‍ ഭക്തരോടുള്ള വെല്ലുവിളിയാക്കി മാറ്റി ഹൈന്ദവ ധ്രുവീകരണം സൃഷ്ടിച്ച് പ്രയോജനപെടുത്താനാണ് നീക്കം. അതേസമയം, ബജ്രംഗ് ദളും ബജ്രംഗ് ബലിയും (ഹനുമാന്‍) തമ്മില്‍ എന്ത് ബന്ധമെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം.

പ്രകോപനമുണ്ടാക്കിയ കോണ്‍ഗ്രസ് പ്രകടന പത്രിക

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചൊവ്വാഴ്ച ഇറങ്ങിയതോടെയാണ് ബജ്രംഗ് ദളും ബിജെപി നേതാക്കളും വാളെടുത്തത്. ''വിദ്വേഷപ്രചാരണത്തിനും സാഹോദര്യം തകര്‍ക്കുന്നതിനും നേതൃത്വം നല്‍കുന്ന വ്യക്തികള്‍ക്കും വര്‍ഗീയവാദം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കും. ബജ്രംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ക്കെതിരെ നിരോധനമടക്കമുള്ള നടപടി സ്വീകരിക്കും. നാല് വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനദ്രോഹ നിയമങ്ങളെല്ലാം പിന്‍വലിക്കും,'' എന്നതായിരുന്നു സംഘപരിവാറിനെ ചൊടിപ്പിച്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍

ഈ സമയം കര്‍ണാടകയിലെ വിജയപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബജ്രംഗ് ദള്‍ നിരോധന വാഗ്ദാനത്തെ ഹൈന്ദവവിരുദ്ധമായി ചിത്രീകരിച്ച് ആദ്യം രംഗത്തുവന്നത്. ഹനുമാന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ജയ് ബജ്രംഗ് ബലി എന്ന് ഉരുവിടുന്നവരെ പൂട്ടാനുള്ള കോണ്‍ഗ്രസ് പ്രഖ്യാപനം വന്നിരിക്കുന്നുവെന്നായിരുന്നു മോദി പ്രസംഗിച്ചത്. ശ്രീരാമനെ പൂട്ടിയവര്‍ ഹനുമാനെയും പൂട്ടുകയാണെന്നു പറഞ്ഞ മോദി, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ അവസ്ഥ ഇതാകുമെന്നും സമ്മതിദായകരെ ഓര്‍മിപ്പിച്ചു.

തൊട്ടുപിറകെ ബജ്രംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകള്‍ രാജ്യത്തുടനീളം തെരുവില്‍ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

ബജ്രംഗ് ബലിയും ബജ്രംഗ് ദളും തമ്മില്‍ എന്ത് ബന്ധം?

ബജ്രംഗ് ബലിയും (ഹനുമാന്‍) ബജ്രംഗ് ദളും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നവരുണ്ട്. പ്രത്യേകിച്ചൊരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത് . ഹനുമാന്റെ പേരിലുണ്ടാക്കിയ സംഘടന കാണിച്ചുകൂട്ടുന്ന മനുഷ്വത്വ വിരുദ്ധതയുടെ ഉദാഹരണങ്ങള്‍ അക്കമിട്ടുനിരത്തിയാണ് കോണ്‍ഗ്രസ് ഇത് പറയുന്നത്. ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാതെ സനാതന ധര്‍മം പരിപാലിച്ചും ഹൈന്ദവ പൈതൃകം കാത്തുസൂക്ഷിച്ചും രാജ്യസ്നേഹികളായി കഴിയുന്നവരാണ് തങ്ങളെന്നാണ് ബജ്രംഗ് ദള്‍ അവരെക്കുറിച്ച് പറയുന്നത്.

എന്നാല്‍ പാക് ചാര സംഘടനയായ ഐ എസ് ഐയുമായി ബന്ധമുള്ള സംഘടനയാണ് ഇതെന്നാണ് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര്‍ ചൂണ്ടിക്കാട്ടുന്നത്. ഹനുമാന്‍ സ്വാമിയെ ഈ വിധം ഒരു സംഘടന ഉപയോഗിക്കുന്നത് ലജ്ജാവഹമാണെന്നും രാജ്യത്തെ മുഴുവന്‍ ഹനുമാന്‍ ഭക്തരോടും ബജ്രംഗ് ദളും ബിജെപിയും മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

ഹനുമാന്‍ ചാലീസ പാരായണത്തിന് ആഹ്വാനം

സംസ്ഥാനത്തുടനീളം ബജ്രംഗ് ദളിന്റെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലീസ പാരായണം ആരംഭിച്ചിരിക്കുകയാണ്. ''ഹിന്ദുധര്‍മം അപകടത്തിലാണ്, ഹിന്ദു ഒരുമിച്ചുനില്‍ക്കേണ്ട സമയമാണ്, രക്ഷയ്ക്കായി ഒരുമിച്ചു പ്രാര്‍ത്ഥിക്കാം,'' എന്നതാണ് ബജ്രംഗ് ദളിന്റെ ആഹ്വാനം. കര്‍ണാടകയിലുടനീളം ഹനുമാന്‍ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ഇന്നു രാവിലെ മുതല്‍ ഹനുമാന്‍ ചാലീസ പാരായണം ആരംഭിച്ചു കഴിഞ്ഞു. ചില ഇടങ്ങളില്‍ വൈകീട്ട് ഏഴിനാണു കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരോടും ക്ഷേത്രപരിസരങ്ങളില്‍ സംഘടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മിക്ക ഇടങ്ങളിലും പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ബജ്രംഗ് ദള്‍ കര്‍ണാടകയില്‍ എന്താണ് ചെയ്യുന്നത്?

തെക്കേ ഇന്ത്യയില്‍ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ ബജ്രംഗ് ദള്‍ സാന്നിധ്യം ഏറ്റവും അധികമുള്ളത് കര്‍ണാടകയിലാണ്. നാല് വര്‍ഷം മുന്‍പ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചതോടെയായിരുന്നു ബജ്രംഗ് ദള്‍ സാന്നിധ്യം ശക്തമാക്കിയത്. കടുത്ത ന്യൂനപക്ഷ വിരുദ്ധതയാണ് മുഖമുദ്ര. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കുമെതിരെയാണ് പ്രവര്‍ത്തനം. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പു നിരോധനം, നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമം ഇവയെല്ലാം നടപ്പിലാക്കന്‍ സര്‍ക്കാരിനുവേണ്ടി തെരുവിലിറങ്ങുന്നത് ഇവരാണ്. പശുക്കടത്താരോപിച്ച് ആളുകളെ തടഞ്ഞുവച്ച് മര്‍ദിക്കുന്നതും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ഇരച്ചുകയറുന്നതും അക്രമം അഴിച്ചുവിടുന്നതും സദാചാര പോലീസിങ് നടത്തുന്നതും ഇവര്‍ തന്നെ.

പിടിവള്ളിയാക്കി ബിജെപി

ഭരണവിരുദ്ധ വികാരം ആളിക്കത്തുന്ന കര്‍ണാടകയില്‍ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം അനായാസമാക്കാന്‍ ബിജെപി പിടിവള്ളിയാക്കുകയാണ് 'ബജ്രംഗ് ദള്‍ നിരോധനം'. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വന്നതോടെ സനാതന ധര്‍മം അപകടത്തിലെന്ന ഇരവാദമാണ് ബിജെപി ഉയര്‍ത്തുന്നത്. ബജ്രംഗ് ദളിനെതിരെയുള്ള നീക്കം മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള നീക്കമായി വക്രീകരിച്ചാണ് നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുന്നത്. ഇതുവരെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ മഹാത്മ്യം പറഞ്ഞായിരുന്നു വോട്ട് പിടിച്ചുതമെങ്കില്‍ അവസാന ലാപ്പിലേക്കു കടന്നപ്പോള്‍ ധര്‍മരക്ഷയാണ് വിഷയം. വരും ദിവസങ്ങളില്‍ കൂടുതലിടങ്ങളില്‍ ഇത് സംസാരവിഷയമാക്കാനാണ് ബിജെപിയുടെ താരപ്രചാരകര്‍ ശ്രദ്ധിക്കുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ