കർണാടകയിൽ മുഖ്യമന്ത്രി തർക്കം മുറുകവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ട് കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകൾ. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ലിംഗായത്ത് മഠങ്ങളുടെ കൂട്ടായ്മ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. നേരത്തെ ഡികെ ശിവകുമാറിന്റെ അഭാവത്തിൽ ലിംഗായത്ത് പ്രതിനിധികൾ സഹോദരൻ ഡി കെ സുരേഷിനെ കണ്ടു പിന്തുണ അറിയിച്ചിരുന്നു. ഇതിന് തൊട്ടു പിറകെയാണ് ഖാർഗെയ്ക്ക് കത്തയച്ചത് .
30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ലിംഗായത്ത് സമുദായം കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചത്. ബിജെപിയുടെ ഉറച്ച വോട്ടു ബാങ്കായ ഈ സമുദായം ഒപ്പം ചേർന്നതാണ് കോൺഗ്രസിന് ചരിത്രത്തിലിതുവരെ ഇല്ലാത്ത ഭൂരിപക്ഷം സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദവിയിൽ ഡികെ ശിവകുമാറിന് പിന്തുണയുമായുള്ള സമുദായ പ്രതിനിധികൾ വരുന്നതും പ്രധാന വകുപ്പുകൾ ആവശ്യപ്പെടുന്നതും .
കോൺഗ്രസ് ഒരിക്കലും ലിംഗായത്ത് സാമുദായക്കാരനെ മുഖ്യമന്ത്രിയാക്കാൻ പോകുന്നില്ല. വൊക്കലിഗ സമുദായക്കാരനാണെങ്കിലും മുഖ്യമന്ത്രി പദ മോഹിയായ ഡി കെ ശിവകുമാറിനെ പിന്തുണച്ചാൽ കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ലിംഗായത്ത് എം എൽ എ മാർക്ക് ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ.
എം ബി പാട്ടീൽ , ശാമന്നൂർ ശിവശങ്കരപ്പ തുടങ്ങിയവരാണ് കോൺഗ്രസിന്റെ പ്രധാനപ്പെട്ട ലിംഗായത്ത് എം എൽ എമാർ. ഉപമുഖ്യമന്ത്രി പദവി ഉണ്ടെങ്കിൽ അത് എം ബി പാട്ടീലിന് ലഭിക്കാനും മഠം ഇടപെടും. എന്നാൽ തത്ക്കാലം ഉപമുഖ്യമന്ത്രി പദവികളെ കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നില്ല . ഇതോടെയാണ് പ്രധാനപ്പെട്ട വകുപ്പുകളെല്ലാം വേണമെന്ന ആവശ്യം കത്തിലൂടെ അറിയിക്കുന്നത് .
ബിജെപി ഭരിക്കുമ്പോൾ ധനകാര്യമുൾപ്പടെയുയുള്ള പ്രധാന വകുപ്പുകൾ ലിംഗായത്ത് സമുദായക്കാരായ മുഖ്യമന്ത്രിമാർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സമുദായത്തിന്റെ ആവശ്യം കോൺഗ്രസ് പരിഗണിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാറി ചിന്തിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് ഖാർഗെക്കുള്ള കത്ത് അവസാനിപ്പിക്കുന്നത് .