ELECTION 2023

പ്രാദേശിക പാർട്ടികൾ നിർണായകമാകുന്ന മധ്യപ്രദേശ്; കച്ചമുറുക്കി കോൺഗ്രസും ബിജെപിയും

2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം മുപ്പതോളം സീറ്റുകളിൽ കേവലം മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ജയപരാജയം തീരുമാനിക്കപ്പെട്ടത്

വെബ് ഡെസ്ക്

ഹിന്ദി ഹൃദയഭൂമിയിലെ അഭിമാനപോരാട്ടങ്ങളിൽ ഒന്നാകും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ്. ജയമുറപ്പിക്കാൻ ബിജെപിയും കോൺഗ്രസും കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്. കമൽ നാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസും കേന്ദ്രമന്ത്രിമാരെ കളത്തിലിറക്കി ബിജെപിയും മത്സരരംഗത്തുണ്ട്. എന്തുവില കൊടുത്തും 230 അംഗ നിയമസഭയുടെ അധികാരം പിടിച്ചെടുക്കുക മാത്രമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. എന്നാൽ പല മണ്ഡലങ്ങളിലും വിജയിയെ തീരുമാനിക്കുന്നതിൽ ഇരുദേശീയ പാർട്ടികളേക്കാളും പ്രധാനപങ്ക് വഹിക്കുക പ്രാദേശിക- ചെറുകക്ഷികളാകും എന്നാണ് വിലയിരുത്തലുകൾ.

2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം മുപ്പതോളം സീറ്റുകളിൽ കേവലം മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ജയപരാജയം തീരുമാനിക്കപ്പെട്ടത്. ഇവിടെ ചെറുകിട കക്ഷികൾ സ്വന്തമാക്കിയത് ജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളാണ്. ഈ വസ്തുതയാണ് പ്രാദേശിക പാർട്ടികൾക്ക് ഈ മണ്ഡലങ്ങളിലുള്ള പ്രാധാന്യം വർധിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ തീര്‍പ്പ് കല്‍പിക്കപ്പെട്ട മണ്ഡലങ്ങളിൽ 15 എണ്ണം കോൺഗ്രസും 14 എണ്ണം ബിജെപിയുമാണ് നേടിയത്.

2013 ലാകട്ടെ 33 ഇടങ്ങളിൽ മേല്പറഞ്ഞ പോലെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പാർട്ടികൾ ജയിച്ചത്. അന്ന് 18 സീറ്റുകൾ ബിജെപിയും 12 എണ്ണം കോൺഗ്രസും നേടിയിരുന്നു. രണ്ടിടത്ത് ബിഎസ്പി സ്ഥാനാർഥിയും കരുത്ത് തെളിയിച്ചിരുന്നു.

2018ൽ കോൺഗ്രസ് 114 സീറ്റ് നേടുകയും നാല് സ്വാതന്ത്രരുടെയും ഓരോ എസ്പി ബിഎസ്പി എംഎൽഎമാരുടെയും പിന്തുണയോടെ അധികാരത്തിലേറുകയും ചെയ്തിരുന്നു. 2013ലെ 58 സീറ്റിൽ നിന്നായിരുന്നു കോൺഗ്രസിന്റെ വളർച്ച. അതേസമയം ബിജെപി 165ൽ നിന്ന് 109ലേക്ക് കൂപ്പുകുത്തുകയായിരുന്നു. എന്നാൽ 15 മാസങ്ങൾക്ക് ശേഷം ഓപ്പറേഷൻ കമലയിലൂടെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണത്തിലേറി.

ഇത്തവണ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ ഇരുകൂട്ടരും മെനയുന്നുണ്ടെങ്കിലും പ്രാദേശിക കക്ഷികൾ നിർണായകമാകുന്ന മണ്ഡലങ്ങളിൽ എന്താകും സ്ഥിതിയെന്ന് ഇപ്പോഴും വ്യക്തമല്ല. തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ജിജിപിയുമായി ബി എസ്പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ എസ്പിയുടെ കോൺഗ്രസുമായുള്ള സഖ്യ ചർച്ച ഇതുവരെയും വിജയിച്ചിട്ടില്ല. അതിനാൽ മുപ്പതോളം മണ്ഡലങ്ങളിൽ അവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 17ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്പി ഇതുവരെ ഒൻപത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം 2018ൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ്.

പ്രാദേശിക പാർട്ടികൾ വിധി തീരുമാനിക്കുന്ന മണ്ഡലങ്ങൾ

വിജയ്പൂർ: 2018ൽ 2840 വോട്ടിനാണ് ബിജെപി കോൺഗ്രസിനെ തകർത്തത്. അന്ന് ബിഎസ്പി 35,628 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

ഗ്വാളിയോർ റൂറൽ: ബിഎസ്പിയെ 1,517 വോട്ടിന് പരാജയപ്പെടുത്തി ബിജെപി വിജയിച്ചു. ബഹുജൻ സംഘർഷ് ദൾ എന്ന പാർട്ടിക്ക് 7,698 വോട്ടുകൾ ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടിക്ക് 2,689 വോട്ടുകൾ ലഭിച്ചിരുന്നു.

ഗ്വാളിയോർ സൗത്ത്: ബിജെപിക്കെതിരെ 121 വോട്ടുകൾക്ക് കോൺഗ്രസ് വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ബിജെപി വിമതന് 30,745 വോട്ടുകൾ ലഭിച്ചപ്പോൾ ബിഎസ്പി സ്ഥാനാർഥി 3,098 വോട്ടും എഎപിക്ക് 646 വോട്ടും നേടി. ഇവിടെ 1550 നോട്ട വോട്ടുകളും രേഖപ്പെടുത്തപ്പെട്ടിരുന്നു.

ബിന (എസ്‌സി സംവരണം): 460 വോട്ടിന് കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തി. ദളിത് വോട്ടുകൾ പിടിച്ചുമാറ്റാനായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യ്ക്ക് ഇവിടെ 1,563 വോട്ടുകൾ ലഭിച്ചിരുന്നു.

മൈഹർ: ഈ മണ്ഡലത്തിൽ 2984 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിയുടെ ജയം. ഇവിടെ ഗോണ്ട്വാന ഗണതന്ത്ര പാർട്ടി (ജിജിപി) 33,397 വോട്ടും എസ്പിക്ക് 11,202 വോട്ടും നേടിയിരുന്നു.

തിമർണി (എസ്ടി സംവരണം): കോൺഗ്രസ് 2213 വോട്ടുകൾക്ക് പരാജയപ്പെട്ടു. ജിജിപി പാർട്ടി 5722 വോട്ടുകൾ പിടിച്ചുമാറ്റിയതായിരുന്നു പരാജയത്തിന് കാരണം.

ദേവ്താലാബ്: ബിഎസ്പിയെ 1080 വോട്ടുകൾക്കാണ് ബിജെപി തോല്പിച്ചത്. ബി എസ്പിയുടെ വോട്ടുവിഹിതത്തിൽനിന്ന് എസ്പി വോട്ട് അടർത്തിമാറ്റിയതായിരുന്നു തോൽവിക്ക് കാരണമായത്.

രാജ്പുർ (എസ്ടി സംവരണം): ബിജെപിക്കെതിരെ കോൺഗ്രസ് 932 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ സിപിഐക്ക് 2411-ഉം എഎപിക്ക് 1510-ഉം വോട്ടുകളാണ് ലഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ