കർണാടകയിൽ കേവലഭൂരിപക്ഷവും മറികടന്ന് കോൺഗ്രസ് മുന്നേറുന്നതിനിടെ കോൺഗ്രസിനായി കളത്തിലിറങ്ങിയ മലയാളികള്‍ക്കും വിജയത്തിളക്കം. കർണാടക നിയമസഭയിലേക്ക് മത്സരിച്ച കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു. അതേസമയം, എൻ എ ഹാരിസിന് എതിരാളിയായി മത്സരിച്ച മറ്റൊരു മലയാളിയായ കെ മത്തായി പരാജയപ്പെട്ടു. ആം ആദ്മിയുടെ ടിക്കറ്റിലാണ് കെ മത്തായി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.
224 അംഗ കർണാടക നിയമസഭയിലേക്ക് 2613 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മലയാളിയുമായ കെ ജെ ജോര്‍ജ് വിജയിച്ചത്. കോട്ടയം ചിങ്ങവനത്ത് നിന്ന് കർണാടകയിലെ കുടകിലേക്ക് ചേക്കേറിയ കർഷക കുടുംബത്തിൽ ജനിച്ച കേളചന്ദ്ര ജോസഫ് ജോർജ് എന്ന കെ ജെ ജോർജിന് ഇത് സര്‍വജ്ഞനഗറിൽ ആറാം അങ്കമായിരുന്നു. ബിജെപിയുടെ പത്മാനഭ റെഡ്ഡിയെ 55,737 വോട്ടുകൾക്കാണ് ജോർജ് പരാജയപ്പെടുത്തിയത്. 118,558 വോട്ടുകൾ ജോർജ് നേടിയപ്പോൾ റെഡ്ഡിക്ക് 62,821 വോട്ടുകളെ നേടാനായുളളൂ. കർണാടക ആഭ്യന്തര വകുപ്പുൾപ്പടെ കൈകാര്യം ചെയ്ത കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ജോർജ്. ഇരുപതാം വയസിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം യൂത്ത് കോൺഗ്രസിലൂടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
ശാന്തിനഗറിൽ നിന്നാണ് കോൺഗ്രസിന്റെ എൻ എ ഹാരിസ് ജനവിധി തേടിയത്. 7125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹാരിസ് വിജയിച്ചത്. 60,787 വോട്ടുകൾ ഹാരിസ് നേടിയപ്പോൾ, ബിജെപിയുടെ കെ ശിവകുമാറിന് 53,717 വോട്ടുകളാണ് നേടിയത്. കാസർഗോഡ് നിന്നും ശിവമോഗയിലെ ഭദ്രാവതിയിലേക്ക് വ്യാപാര ആവശ്യാർഥം കുടിയേറിയ കുടുംബമാണ് എൻ എ ഹാരിസിന്റേത്. 2008 മുതൽ ശാന്തിനഗർ അദ്ദേഹത്തെ പിന്തുണച്ച മണ്ഡലം കൂടിയാണ്.
ശാന്തിനഗറിൽ എൻ എ ഹാരിസിന് എതിരാളിയായാണ് ആം ആദ്മി നേതാവ് കെ മത്തായി മത്സരിച്ചത്. കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന മത്തായിക്ക് ആകെ 1604 വോട്ടുകളാണ് ലഭിച്ചത്.