ELECTION 2023

ജഗദീഷ് ഷെട്ടാറിനായി ചരട് വലിയുമായി കോൺഗ്രസ്: ബെംഗളൂരുവിൽ തിരക്കിട്ട ചർച്ച

ചർച്ചയ്ക്ക് മാധ്യസ്ഥം വഹിക്കുന്നത് കോൺഗ്രസിലെ ലിംഗായത്ത് നേതാക്കൾ

ദ ഫോർത്ത് - ബെംഗളൂരു

ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ കർണാടകയിൽ തിരക്കിട്ട രാഷ്ട്രീയ കൂടിയാലോചനകൾ. കോലാറിലെ തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം ബെംഗളൂരുവിൽ മടങ്ങിയെത്തിയ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രെട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസിലെ ലിംഗായത്ത് പ്രതിനിധികളായ ഷാമന്നൂർ ശിവശങ്കരപ്പ, എം ബി പാട്ടീൽ എന്നിവരാണ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശം സംബന്ധിച്ച ചർച്ചകൾ നടത്തുന്നത്.

മുഖ്യമന്ത്രി പദവി ഉറപ്പായാൽ കോൺഗ്രസിലേക്ക് ചേക്കേറാമെന്നാണ് ഷെട്ടാർ കോൺഗ്രസ് ക്യാമ്പിനെ അറിയിച്ചതെന്നാണ് വിവരം. കോൺഗ്രസിനും ഷെട്ടാറിനുമിടയിൽ ആശയ വിനിമയം നടത്തുന്നത് ലിംഗായത്തുകാരായ ഷാമന്നൂർ ശിവശങ്കരപ്പയും എം ബി പാട്ടീലുമാണ്. കടുത്ത ഉപാധികൾ വയ്ക്കാതെ ഷെട്ടാർ വരികയാണെങ്കിൽ കൈ കൊടുക്കാനാണ് നീക്കം. ബെംഗളൂരുവിൽ തങ്ങുന്ന രാഹുൽ ഗാന്ധി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

ഷെട്ടാറിന് ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ച ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ഉദ്ദേശിക്കുന്ന രീതിയിൽ ഉപാധികളില്ലാതെ ഷെട്ടാർ വഴങ്ങുകയാണെങ്കിൽ മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനാണ് നീക്കം. പാർട്ടി ടിക്കറ്റിൽ മത്സരിക്കാതെ സ്വതന്ത്രനായി നിൽക്കുകയാണെങ്കിൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതെ പിന്തുണ പ്രഖ്യാപിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ തവണ 26,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജഗദീഷ് ഷെട്ടാർ മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയത്. കഴിഞ്ഞ 7 തവണയായി മണ്ഡലം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്.

രാജ്യസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും ഗവർണർ പദവിയുമൊക്കെ വാഗ്ദാനം ചെയ്തായിരുന്നു ഷെട്ടാറിനെ പിടിച്ചു നിർത്താൻ ബിജെപി ഭഗീരഥ പ്രയത്നം നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പദവി വേണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ച് നിന്നതോടെയായിരുന്നു ചർച്ചകൾ വഴിമുട്ടിയത്. ഇതോടെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച ഷെട്ടാർ ഞായറാഴ്ച രാവിലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍