ELECTION 2023

മൂന്നരപ്പതിറ്റാണ്ടിന് ശേഷം മിസോറാമില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ?

മുൻ വർഷങ്ങളിൽ കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട് എന്നീ രണ്ട് പാർട്ടികൾ തമ്മിലുള്ള മത്സരമായിരുന്നെങ്കില്‍ ഇക്കുറി സെഡ് പി എമ്മിന്റെ വരവോടെ ത്രികോണപോരാട്ടമാണ്

സൗമ്യ ആർ കൃഷ്ണ

കലാപങ്ങളും സംഘർഷങ്ങളും ഉണ്ടാകുമ്പോൾ മാത്രം ചർച്ചയാകുന്ന രാഷ്ട്രീയമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേത്. സാംസ്കാരികമായി ഇത്രയേറെ വൈവിധ്യങ്ങളുള്ള, ഭൂമിശാസ്ത്രപരമായി വലിയ സാധ്യതകളുള്ള ഈ പ്രദേശങ്ങൾ രാജ്യത്തിൻറെ കൂടുതൽ ശ്രദ്ധയും പഠനവും അർഹിക്കുന്നുണ്ട്. ഒരു ദേശത്തെക്കുറിച്ച്‌ പഠിക്കാൻ തെരഞ്ഞെടുപ്പ് കാലത്തേക്കാൾ മികച്ച സമയമില്ലല്ലോ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമിലെ വർത്തമാനം.

'മി' എന്നാൽ മനുഷ്യൻ 'സോ' എന്നാൽ മലകൾ. 'മി സോ' എന്നാൽ മലകളിൽ കഴിയുന്ന മനുഷ്യർ എന്നാണ്. മിസോറാമിലെ പ്രധാന ഗോത്ര വിഭാഗങ്ങളെ ചേർത്ത് വിളിക്കുന്ന പേരാണ് 'മിസോ'കൾ. അഞ്ച് പ്രധാന ഗോത്രങ്ങളും 11 ഉപവിഭാഗങ്ങളുമാണ് മിസോറാമിലുള്ളത്. ലഷേയി, റാൾതെ, ഹെമിർ, പായിതേ, പൊയി എന്നിവയാണ് പ്രധാനഗോത്രങ്ങൾ. ഉപഗോത്രവിഭാഗങ്ങളെ ആകെ ഔസിഅ എന്നാണ് വിളിക്കുന്നത്. മിസോറമിൽ എൺപത് ശതമാനം പേരും ക്രിസ്തുമതം പിന്തുടരുന്നവരാണ്. ബുദ്ധമതം പിന്തുടരുന്ന ചക്മ വിഭാഗക്കാരാണ് മിസോറാമിലെ ന്യൂനപക്ഷമായി കണക്കാക്കപ്പെടുന്നത്. ഗ്രാമീണ മേഖലയിലെ ബഹുഭൂരിപക്ഷവും കൃഷി ആണ് വരുമാനത്തിനായി ആശ്രയിക്കുന്നത്. 

2017ലാണ് കോൺഗ്രസിനും എം എൻ എഫിനും ബദലെന്ന മുദ്രാവാക്യമുയർത്തി സെഡ് പി എം തിരഞ്ഞെടുപ്പിലിറങ്ങുന്നത്. അന്ന് കോൺഗ്രസും എം എൻ എഫും നിസാരമെന്ന് കണ്ട് അവഗണിച്ച സെഡ് പി എം നാല്പതിൽ മുപ്പത് സീറ്റിൽ മത്സരിക്കുകയും എട്ട് സീറ്റ് നേടുകയും ചെയ്തു

മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെന്ന പോലെ മിസോറാമിലും ഗോത്രസമുദായങ്ങളും അവരുടെ വിശ്വാസങ്ങളുമാണ് രാഷ്ട്രീയഗതി നിശ്ചയിക്കുന്നത്. മുൻ വർഷങ്ങളിൽ കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട് എന്നീ രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടമായിരുന്നെങ്കിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ  സെഡ് പി എം എന്ന സോറം പീപ്പിൾസ് മൂവ്മെന്റ് കൂടി കളത്തിലിറങ്ങി. അങ്ങനെ മിസോറാമിൽ തിരഞ്ഞെടുപ്പുകൾ ത്രികോണ പോരാട്ടമായി മാറി. 

40 നിയോജക മണ്ഡലങ്ങളാണ് മിസോറാമിലുള്ളത്. ഇതിൽ 39 എണ്ണം പട്ടികവിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളാണ്. 21 സീറ്റാണ് കേലവ ഭൂരിപക്ഷത്തിന് ആവശ്യം. 2018 ലെ തിരഞ്ഞെടുപ്പിൽ 26 സീറ്റ് നേടി മിസോ നാഷണൽ ഫ്രണ്ട് സർക്കാർ രൂപീകരിച്ചു. എം എൻ എഫ് തലവൻ സോറംതാംഗ മുഖ്യമന്ത്രിയായി. സോറം പീപ്പിൾസ് മൂവ്മെന്റ് എന്ന പുതിയ പാർട്ടി അന്ന് എട്ട് സീറ്റ് നേടി. നാല് തവണ സംസ്ഥാനം ഭരിച്ച കോൺഗ്രസ് നേടിയത് അഞ്ച് സീറ്റ് മാത്രം.

2017ലാണ് കോൺഗ്രസിനും എം എൻ എഫിനും ബദലെന്ന മുദ്രാവാക്യമുയർത്തി സെഡ് പി എം തിരഞ്ഞെടുപ്പിലിറങ്ങുന്നത്. അന്ന് കോൺഗ്രസും എം എൻ എഫും നിസാരമെന്ന് കണ്ട് അവഗണിച്ച സെഡ് പി എം നാല്പതിൽ മുപ്പത് സീറ്റിൽ മത്സരിക്കുകയും എട്ട് സീറ്റ് നേടുകയും ചെയ്തു. അന്ന് സെഡ് പി എമ്മിനെ ഒരു പാർട്ടിയായി അംഗീകരിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. സ്വതന്ത്രരായാണ് സെഡ് പി എം സ്ഥാനാർത്ഥികൾ അന്ന് മത്സരിച്ചത്. എം എൻ എഫും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും പോലെ പരിചിതമായ കക്ഷിയല്ല സെഡ് പി എം പക്ഷെ  ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ സെഡ് പി എം കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്ന് ഐസ്വാളിലെ മാധ്യമപ്രവർത്തകൻ സോദിൻ സാംഗ വിലയിരുത്തുന്നു.

1987 മുതൽ കോൺഗ്രസ്-എം എൻ എഫ് എന്നീ രണ്ട് പാർട്ടികൾ മാറി മാറി അധികാരം കയ്യാളിയ സംസ്ഥാനത്ത് ബദൽ എന്ന നിലയിലാണ് സെഡ് പി എം ഉയർന്നു വന്നത്.

ആറ് കൂടി ഒന്നായ സെഡ് പി എം

2017ൽ മിസോറമിലെ മൂന്ന് പ്രധാന പ്രാദേശിക പാർട്ടികളായ സോറം നാഷണൽ പാർട്ടി, മിസോറാം പീപ്പിൾസ് കോൺഫറൻസ്, സോറം എക്സോഡസ് കോൺഫറൻസ് എന്നിവ ഒന്നിക്കാൻ തീരുമാനിച്ചു. അവിടെയായിരുന്നു സെഡ് പി എമ്മിന്റെ തുടക്കം. പിന്നീട് മറ്റ് മൂന്ന് പാർട്ടികൾ കൂടി ഇവർക്കൊപ്പം ചേർന്നു. സോറം റിഫോർമേഷൻ ഫ്രണ്ട്, മിസോറാം പീപ്പിൾസ് പാർട്ടി,  സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയായിരുന്നു ആ മൂന്ന് പാർട്ടികൾ. ഇവ ചേർന്നാണ് സെഡ് പി എം ഉണ്ടായത്. ഇതിൽ നിന്നും സോറം നാഷണൽ പാർട്ടി പിരിഞ്ഞുപോയത് മറ്റൊരു കഥ. അതിലേക്ക് പിന്നീട് വരാം.

സ്വാധീനമുറപ്പിച്ച് സെഡ് പി എം 

2018 തിരഞ്ഞെടുപ്പിൽ സെഡ് പി എം 22.9  ശതമാനം വോട്ട് നേടിയെങ്കിലും ഇത് മുഴുവൻ ഐസ്വാൾ മേഖലയിൽ മാത്രമായിരുന്നു. ഐസ്വാളിലല്ലാതെ  ഗ്രാമപ്രദേശങ്ങളിൽ പാർട്ടിക്ക് ഒരു തരത്തിലും സ്വാധീനമുണ്ടാക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ വർഷം ഇതിലും ഒരു ട്വിസ്റ്റുണ്ടായി. മാർച്ച് 29ന്  നടന്ന ഒരു മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലം ഈ ചിത്രമെല്ലാം മാറ്റി.  ഐസ്വാൾ ആയിരുന്നു മിസോറാമിലെ ഏക മുൻസിപ്പൽ കൗൺസിൽ. ഈ വർഷമാണ് ലംഗ്ലയ് കൂടി മുൻസിപ്പൽ കൗൺസിലാവുന്നത്. ലംഗ്ലയിലെ  പതിനൊന്ന് വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും സെഡ് പി എം ജയിച്ചു.

പാർട്ടി അംഗങ്ങൾക്ക് പോലും ആ ഫലം അതിശയമായി തോന്നിയെന്ന്  പാർട്ടി വർക്കിങ് പ്രസിഡന്റായിരുന്ന പു സപ്ദാംഗ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. 49.31 ശതമാനം വോട്ടാണ് അന്ന് സെഡ് പി എം നേടിയത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻറെ സൂചനയായിരിക്കും ഈ മുൻസിപ്പൽ തിരഞ്ഞെടുപ്പ് എന്ന് എം എൻ എഫ് അവകാശപ്പെട്ടിരുന്നു. അങ്ങനെ നോക്കിയാൽ ഇത്തവണ കോൺഗ്രസിനേക്കാൾ എം എൻ എഫിന് വെല്ലുവിളിയാവുക സെഡ് പി എമ്മാകും.

ലംഗ്ലയ് മുൻസിപ്പൽ കൗൺസിലിലെ മുഴുവൻ സീറ്റും ജയിച്ച സെഡ്പിഎം സ്ഥാനാര്‍ഥികള്‍.

അഞ്ച് വർഷം കൊണ്ട് സെഡ് പി എം വലിയ തോതിൽ ഗ്രാമീണമേഖലയിൽ ഉൾപ്പടെ സ്വാധീനമുണ്ടാക്കിയെന്ന് മാധ്യമ പ്രവർത്തകൻ സോദിൻ സാംഗ ദി ഫോർത്തിനോട് പറഞ്ഞു. കേവല ഭൂരിപക്ഷം നേടിയാൽ പോലും അതിശയപ്പെടാനില്ലെന്ന് സാംഗ പറയുന്നു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണെന്നതും സെഡ് പി എമ്മിൻറെ സാധ്യത കൂട്ടുന്നു.

എന്താണ് സെഡ് പി എമ്മിൻറെ രാഷ്ട്രീയം?

1987 മുതൽ കോൺഗ്രസ്-എം എൻ എഫ് എന്നീ രണ്ട് പാർട്ടികൾ മാറി മാറി അധികാരം കയ്യാളിയ സംസ്ഥാനത്ത് ഒരു ബദൽ എന്ന നിലയിലാണ് സെഡ് പി എം ഉയർന്നുവന്നത്. മതേതരത്വ മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട്, കർഷക ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കി സംസ്ഥാനത്ത് വികസനം കൊണ്ടെത്തിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ. 

മണിപ്പൂർ സംഘർഷം

മണിപ്പൂരിൽ കുകി-മെയ്തി വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം വടക്കുകിഴക്കൻ ജനതയ്ക്ക് ബിജെപി യോടുള്ള സമീപനത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കുകി സമുദായവുമായി ചേർന്ന് നിൽക്കുന്ന മിസോകൾക്കിടയിൽ ഈ വികാരം ശക്തമാണെന്നാണ് വിലയിരുത്തൽ.  എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കുന്ന എംഎൻഎഫിനെയും ഇത് ബാധിച്ചേക്കാം. ഈ സാഹചര്യങ്ങൾ അനുകൂലമാക്കി വോട്ട് പിടിക്കാനുള്ള പരിശ്രമത്തിലാണ് സെഡ് പി എം. 

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ മിസോറമില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നവര്‍.

സെഡ് പി എമ്മിലെ വിള്ളൽ

2019ൽ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻറെ അംഗീകാരം കിട്ടിയതിന് തൊട്ടുപിന്നാലെ സോറം നാഷണലിസ്റ്റ് പാർട്ടി ( സെഡ്എൻപി ) സെഡ്എംപിയിൽനിന്ന് വിട്ടുപോയി. പാർട്ടി നേതൃത്വം ഏകാധിപത്യപരമായി തീരുമാനങ്ങളെടുത്തുവെന്ന് ചൂണ്ടികാണിച്ചായിരുന്നു ഈ നീക്കം. സെഡ് എൻ പി കോൺഗ്രസിനൊപ്പം ചേർന്നെങ്കിലും മറ്റൊരു പ്രാദേശിക പാർട്ടിയായ ഹമർ പീപ്പിൾസ് കൺവെൻഷനുമായി സഖ്യം ചേർന്ന് ബലം ഉറപ്പിച്ചിട്ടുണ്ട് സെഡ് പി എം. ഇത്തവണ മിസോറാമിലെ ജനവിധി വടക്കു കിഴക്കൻ രാഷ്ട്രീയത്തിൽ സെഡ് പി എം എന്ന പുതിയ പാർട്ടിയുടെ ഭാവി കൂടി നിർണയിക്കുന്നതാവും എന്നുറപ്പ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം