കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകളെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണ് കർണാടക തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡിയെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണിയും പറഞ്ഞു.
''കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് ആശംസകൾ''- മോദി ട്വിറ്ററിൽ കുറിച്ചു. കർണാടക തിരഞ്ഞെടുപ്പിൽ പിന്തുണച്ച ജനങ്ങൾക്കും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ബിജെപി പ്രവർത്തകർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. കർണാടക തിരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കർണാടകയിലെ ബിജെപിയുടെ തോൽവി രാജ്യതാത്പര്യങ്ങൾക്ക് ഏതിരായ നിലപാടുകൾക്കുളള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടതെന്നും അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജം പകരുന്ന ജനവിധിയാണ് കർണാടകയിലേതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, മതേതര വോട്ടർമാർ ഒന്നിച്ചുനിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് മേൽ മതേതര ശക്തികൾ നേടിയ ചരിത്ര വിജയമാണിത്. ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പരയാണെന്നും ഒരുമിച്ച് നിന്നാൽ കോൺഗ്രസ്സിന് ആരെയും തോൽപ്പിക്കാനാകുമെന്നും എ കെ ആന്റണി പറഞ്ഞു.