കർണാടകയിൽ തിരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുളളത്. സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾക്കുപരി ജാതി, ഉപജാതി വിഭാഗങ്ങൾ വിധി നിർണയിക്കുന്ന രാഷ്ട്രീയ പരിസരമാണ് കർണാടകയ്ക്കുളളത്. അതുകൊണ്ടുതന്നെ മത - ജാതി - സമുദായ ഘടകങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാനുളള ശ്രമങ്ങളാണ് കോൺഗ്രസും ബിജെപിയും ജെഡിഎസും നടത്തിവരുന്നത്.
നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണ കാലം, ഇതിനിടയിൽ കർണാടക ഏറെ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രമായ ലിംഗായത്ത് സമുദായത്തിൽ നിന്നുമുളള മുൻ മുഖ്യമന്ത്രിമാരായ ബിഎസ് യെദ്യൂരപ്പയെ മാറ്റി നിർത്തുകയും ജഗദീഷ് ഷെട്ടാറിന് പാർട്ടി ടിക്കറ്റ് നിഷേധിക്കുകയും ചെയ്തത് കോൺഗ്രസ് പ്രചാരണ ആയുധമാക്കി മാറ്റി. ഷെട്ടാറിനെ ആറു തവണ നിയമസഭയിലെത്തിച്ച സ്വന്തം മണ്ഡലമായ ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ സീറ്റ് നൽകിക്കൊണ്ടാണ് ലിംഗായത്ത് വോട്ടർമാരെ സ്വാധീനിക്കാനുളള ശ്രമം കോൺഗ്രസ് നടത്തിയിരിക്കുന്നത്.
സംവരണവും വൊക്കലിഗ സമുദായവും
ജെഡിഎസിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്കാണ് കർണാടകയിലെ വൊക്കലിഗ സമുദായക്കാർ. പരമ്പരാഗതമായി ജെഡിഎസിന്റെ ശക്തമായ അടിത്തറയെന്ന് വിശേഷിപ്പിക്കാം വൊക്കലിഗ സമുദായത്തെ. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഇക്കഴിഞ്ഞ മാർച്ച് 25ന്, സംസ്ഥാനത്ത് കാൽനൂറ്റാണ്ടായി നിലനിന്നിരുന്ന മുസ്ലീം സംവരണത്തെ എടുത്തു കളയുകയും അവർക്കായി നീക്കിവെച്ച 4% ക്വാട്ട സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗക്കും തുല്യമായി ബൊമ്മെ സർക്കാർ വീതിച്ചു നൽകിയതും. കൂടാതെ, ബെംഗളൂരു നഗരം നിർമിച്ച വൊക്കലിഗ ഭരണാധികാരി കെമ്പെ ഗൗഡയുടെ പ്രതിമകൾ നിർമിക്കാനും ബിജെപി സർക്കാർ ആഹ്വാനം ചെയ്തു.
ജാതി വിധി നിർണയിക്കുന്ന രാഷ്ട്രീയം
തിരഞ്ഞെടുപ്പ് വിധി നിർണയിക്കുന്നതിൽ ജാതി വലിയൊരു ഘടകമായി ഇന്നും തുടരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. കോൺഗ്രസും ബിജെപിയും ജെഡിഎസും തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളിൽ 45 ശതമാനവും വൊക്കലിഗയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരുമാണ്. ലിംഗായത്ത് സമുദായത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് ബിജെപിക്കാണ്. അതേസമയം, വൊക്കലിഗ സമുദായത്തിൽ നിന്നും ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് ജെഡി(എസ്) പാർട്ടിക്കാണ്.
ജാതി ഇത്രയും സ്വാധീനിക്കുന്ന ഒരു സംസ്ഥാനമായിട്ടും 2017-18ൽ നടത്തിയ ജാതി സെൻസസ് കണക്കുകൾ കർണാടക സർക്കാർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അനൗദ്യോഗിക കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 14-18% വരെ ലിംഗായത്ത് സമുദായത്തിൽ നിന്നുളളവരും 11-16% വരെ വൊക്കലിഗ സമുദായത്തിൽ നിന്നുള്ളവരുമാണ്.
ഇത്തവണയും, തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ 2018ലെ അതേ രീതി തന്നെയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം - ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഒരൊറ്റ സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാൻ ബിജെപി തയാറായിട്ടില്ല. അതേസമയം, കോൺഗ്രസ് 2018ലെ പോലെ ഹിന്ദു ഇതര മതവിഭാഗങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. സ്ഥാനാർത്ഥികളിൽ പകുതിയിൽ താഴെ പേരും ദളിത് ന്യൂപക്ഷങ്ങളിൽ നിന്നുളളവരാണ്.
ജാതി - ഉപജാതി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകി കോൺഗ്രസ്
വടക്കൻ കർണാടകയിൽ ലിംഗായത്ത് സമുദായമാണ് സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സ്വാധീനമുള്ള വിഭാഗം. എന്നാൽ, ബെംഗളൂരു ഉൾപ്പെടുന്ന തെക്കൻ കർണാടകയിൽ മത്സരിക്കുന്ന ഭൂരിഭാഗവും വൊക്കലിഗയാണ്. അതേസമയം, ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ബില്ലവവരായതിനാൽ തീരദേശ ഭാഗത്താണ് മറ്റ് പിന്നോക്ക ജാതികളുടെ അനുപാതം ഏറ്റവും കൂടുതലുള്ളത്. ഇവിടെ നരേന്ദ്രമോദിയുടെ ഹിന്ദുത്വ വോട്ടും ജനപ്രീതിയുമാണ് ബിജെപി പ്രചാരണായുധമാക്കിയത്. എന്നാൽ, ബണ്ട് സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബില്ലവ സ്ഥാനാർത്ഥികളെ നിർത്തി ഹിന്ദുത്വത്തിനെതിരെ പ്രതിരോധം തീർക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ഒരേ ജാതിയിൽ നിന്നുള്ള സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ
2018ൽ കർണാടകയിലെ 46 പൊതുമണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും ജെഡിഎസും ഒരേ ജാതിയിൽപ്പെട്ടവരെയാണ് മത്സരിപ്പിച്ചത്. ലിംഗായത്തിന് ഏറെ സ്വാധീനമുളള വടക്കൻ കർണാടകയിലെ 21 മണ്ഡലങ്ങളിലാണ് ലിംഗായത്ത് സ്ഥാനാർത്ഥികൾ മത്സരിച്ചത്.13 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് 6 സീറ്റുകളിലാണ് വിജയിച്ച് വന്നത്. അതേസമയം, ജെഡിഎസിന്റെ തട്ടകമായ തെക്കൻ കർണാടകയിൽ 25 മണ്ഡലങ്ങളിലാണ് വൊക്കലിഗ സ്ഥാനാർത്ഥികൾ മത്സരിച്ചത്. 14 സീറ്റുകളിൽ ജെഡിഎസ് വിജയിച്ചിരുന്നു.
എന്നാൽ ഈ വർഷം, 76 മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും ഒരേ ജാതിയിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. ഇതിൽ 2018ൽ, 32 മണ്ഡലങ്ങളിൽ ബിജെപിയും 25 സീറ്റുകളിൽ കോൺഗ്രസും വിജയിച്ചിരുന്നു. 19 സീറ്റുകളിൽ ജെഡിഎസും വിജയിച്ചു. ദക്ഷിണ കന്നട ഭാഗത്ത് നിന്നുമുളള വൊക്കലിഗ ആധിപത്യമുള്ള മണ്ഡലങ്ങളിൽ നിന്നാണ് ഈ വിജയങ്ങൾ. കോൺഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സ്ഥാനർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ 33 സീറ്റുകളിൽ 19 ഇടത്ത് ബിജെപിയും 12 ഇടത്ത് കോൺഗ്രസും വിജയിച്ചിരുന്നു. എന്നാൽ, കോൺഗ്രസും ബിജെപിയും വൊക്കലിഗ സ്ഥാനാർത്ഥികളെ നിർത്തിയ 28 മണ്ഡലങ്ങളിൽ 14 മണ്ഡലങ്ങളിലും ജെഡിഎസ് വിജയം നേടി. ഇവിടെ കോൺഗ്രസ് എട്ട് മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു.
ഉപജാതിയും കോൺഗ്രസിന്റെ ചെക് മേറ്റും
ജാതി ഉപജാതി വേരുകളെ ലക്ഷ്യമിട്ടാണ് ഇത്തവണ കോൺഗ്രസ് കളിക്കളത്തിൽ നിൽക്കുന്നത്. സീറ്റ് തർക്കത്തെ തുടർന്ന് മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി ഏപ്രിൽ പകുതിയോടെ കോൺഗ്രസിൽ ചേർന്നിരുന്നു. അത്താനിയിൽ നിന്നും മത്സരിക്കാൻ സവാദിക്ക് കോൺഗ്രസ് ടിക്കറ്റും നൽകി. ഒരു ലിംഗായത്ത് നേതാവെന്നതിന് അപ്പുറം ലിംഗായത്ത് ഉപവിഭാഗമായ ഗനിഗകൾ എന്ന നിലയിലാണ് സവാദിയെ കോൺഗ്രസ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് തവണ സവാദിയ്ക്ക് വിജയമൊരുക്കിയ മണ്ഡലമായ അത്താനിയിൽ ഓപ്പറേഷൻ താമരയിലൂടെ ബിജെപിയിൽ എത്തിയ മഹേഷ് കുമ്മത്തള്ളിക്കാണ് എതിർ സ്ഥാനാർത്ഥി.ലിംഗായത്തിലെ മറ്റൊരു ഉപവിഭാഗമായ ബനാജിഗാസ് സമുദായത്തെ ലക്ഷ്യമിട്ടാണ് മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറിനെയും കോൺഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.അതേസമയം, ബിജെപിയ്ക്ക് ഏറെ സ്വാധീനമുളള ലിംഗായത്ത് ഉപവിഭാഗമാണ് പഞ്ചംശാലി വിഭാഗക്കാർ. ലിംഗായത്തുകൾക്കുള്ള സംവരണം ആവശ്യപ്പെട്ട് 71 ദിവസം സമരം ചെയ്തത് ഇക്കൂട്ടരാണ്. ഈ വിഭാഗത്തിൽ നിന്നും ബിജെപി 18 സ്ഥാനാർത്ഥികളെയും കോൺഗ്രസ് 14 സ്ഥാനാർത്ഥികളെയും മത്സരരംഗത്തിറക്കിയിട്ടുണ്ട്.
പട്ടിക ജാതിക്കാർക്കായി കർണാടകയിൽ 36 സീറ്റുകളും പട്ടികവർഗക്കാർക്ക് 15 സീറ്റുകളും ആണുളളത്. ഇതിലും ഉപവിഭാഗങ്ങളുണ്ട്. യെദ്യൂരപ്പയുടെ സ്വാധീനമുളള ലംബാനികൾ പരമ്പരാഗതമായി ബിജെപിക്കാണ് വോട്ട് ചെയ്യാറുളളത്. എന്നാൽ, വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സമീപകാലത്തായി സംവരണം പരിഷ്കരിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തോടെ ഇടത് പട്ടികജാതി വിഭാഗത്തിന് ഉയർന്ന സംവരണം ലഭിക്കാനിടയായി. ഈ വിഭാഗത്തിൽ നിന്നും 11 സ്ഥാനാർത്ഥികളും ലംബാനി വിഭാഗത്തിൽ നിന്ന് 10 സ്ഥാനാർത്ഥികളുമാണ് ബിജെപി മത്സരരംഗത്തിറക്കിയിരിക്കുന്നത്. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സമുദായമായ വലത് പട്ടികജാതി വിഭാഗത്തിൽ നിന്നും 16 പേരും 'ലംബാനി വിഭാഗത്തിൽ നിന്നും 5 പേരുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്.