ELECTION 2023

ഗർഭിണിക്ക് പോളിങ് ബൂത്തിൽ സുഖപ്രസവം; സുരക്ഷ ഒരുക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ആഘോഷമാക്കി വോട്ടർമാർ

സംഭവം ബെല്ലാരിയിലെ കൊറലഗുണ്ടിലെ പോളിങ് ബൂത്തിൽ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ തിരഞ്ഞെടുപ്പ് ഉത്സവം അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു ബെല്ലാരി മണ്ഡലത്തിലെ ഒരു പോളിങ് ബൂത്ത്. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്‍തമായി ഇവിടെ എന്താ ഇത്ര വിശേഷമെന്ന് ചോദിച്ചാൽ ഒന്നൊന്നര വിശേഷമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കൊറല ഗുണ്ടിയിലെ   വോട്ടർമാർക്കും പറയാനുണ്ടാവുക.

ബുധനാഴ്ച വോട്ട് രേഖപ്പെടുത്താനെത്തിയ ഗർഭിണിയായ യുവതിക്ക് പോളിങ് ബൂത്തിൽ കുഞ്ഞ് പിറന്നതാണ് വിശേഷം. പൂർണ ഗർഭിണിയായ യുവതി വോട്ട് രേഖപ്പെടുത്തിയ  ശേഷം മടങ്ങുമ്പോഴാണ് പ്രസവ വേദന അനുഭവപ്പെട്ടത്. പോളിങ് ബൂത്തിനകത്തെ ബെഞ്ചിൽ അവർ ഇരിക്കാൻ ശ്രമിച്ചതോടെ സഹായത്തിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഓടിവന്നു. കൂട്ടത്തിലെ വനിതാ ഉദ്യോഗസ്ഥരും വോട്ടുചെയ്യാൻ കാത്തുനിന്ന ഏതാനും സ്ത്രീകളും ചേർന്ന് യുവതിയെ ബൂത്തിനകത്തെ വൃത്തിയുള്ള ഇടത്തേക്ക് മാറ്റി. ബൂത്തിന് സമീപമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘവും ഓടിയെത്തി.

യുവതിയെ ഗ്രാമ വഴികളിലൂടെ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിക്കൽ ദുഷ്കരമാകുമെന്ന അഭിപ്രായമുയർന്നതോടെ പ്രസവത്തിനായി പോളിങ് ബൂത്ത് സജ്ജമായി. പിന്നീട്
സംഭ്രമത്തിന്റെ നിമിഷങ്ങളിലൂടെയായിരുന്നു പോളിങ് ബൂത്ത് കടന്നുപോയത്. കുറച്ച് സമയത്തേക്ക് വോട്ടിങ് നിർത്തിവച്ചു. ഒടുവിൽ അകത്തുനിന്ന് കേട്ട കുഞ്ഞിന്റെ കരച്ചിലിൽ അവിടമാകെ സന്തോഷം നിറഞ്ഞു. 

വോട്ട് ചെയ്യാൻ കാത്തുനിന്നവരും തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സഹായത്തിന് വന്നവരുമെല്ലാം ആഘോഷ തിമിർപ്പിലായി. പോളിങ് ബൂത്തിൽ ജനിച്ച കുഞ്ഞിനേയും അമ്മയേയും കൊണ്ട് ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലേക്കോടി. അധികം വൈകാതെ ക്ഷീണം മാറി അമ്മ ഉഷാറായി. വോട്ടെടുപ്പ് അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അമ്മയെയും കുഞ്ഞിനെയും കാണാൻ ആശുപത്രിയിലുമെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ