കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിരിക്കെ റോഡ് ഷോയും റാലിയുമായി തലസ്ഥാന നഗരത്തിൽ കേന്ദ്രീകരിച്ച് നേതാക്കൾ. ഞായറാഴ്ച രാത്രി എട്ടിന് ബെംഗളൂരു നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. തലസ്ഥാനത്തിന്റെ ഹൃദയ ഭാഗമായ ശിവാജി നഗറിലാണ് പൊതുസമ്മേളനം നടക്കുക.
കർണാടകയുടെ മറ്റു ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന പ്രിയങ്ക ഗാന്ധി വൈകിട്ടോടെ ബെംഗളൂരുവിൽ എത്തും, ശേഷം മഹാദേവപുരയിൽ റോഡ് ഷോയിലും പങ്കെടുക്കും. ബെംഗളൂരു സൗത്തിൽ വൈകിട്ട് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കും. രാത്രി എട്ടിന് രാഹുൽ ഗാന്ധിക്കൊപ്പം ശിവാജി നഗറിൽ പൊതു സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.
കോൺഗ്രസിന്റെ താര പ്രചാരക പട്ടികയിലുള്ള ഇരുവരും ഇരുപതോളം തിരഞ്ഞെടുപ്പ് റാലികളിലാണ് ഇത്തവണ പങ്കെടുത്തത്. കോൺഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലകളിലെല്ലാം ഇരുവരും സ്ഥാനാർഥികൾക്കൊപ്പം നിന്ന് വോട്ടഭ്യർത്ഥിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ദ്വിദിന റോഡ് ഷോ ഇന്ന് സമാപിക്കും. രാവിലെ ഒമ്പതിന് തിപ്പസന്ദ്ര മുതൽ ട്രിനിറ്റി ജംക്ഷൻ വരെ നീളുന്ന പത്ത് കിലോമീറ്റർ റോഡ് ഷോയാണ് ഇന്ന് മോദി നടത്തുന്നത്. നീറ്റ് പരീക്ഷ നടക്കുന്നതിനാൽ സമയം പുനഃക്രമീകരിച്ചാണ് റോഡ് ഷോ. ശനിയാഴ്ച നഗരം സ്തംഭിപ്പിച്ചായിരുന്നു മോദി 26 കി.മി റോഡ് ഷോ നടത്തിയത്. മെയ് പത്തന് കർണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങും 13 ന് ആണ് വോട്ടെടുപ്പ്