രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫല സൂചനകളിൽ ബിജെപിയുടെ വളരെ വ്യക്തമായ മുന്നേറ്റം കാണുന്നത്. സംസ്ഥാനത്ത് ബിജെപി വിജയത്തോടടുക്കുമ്പോൾ ഉയർന്നു വരുന്ന ഒരു വലിയ ചോദ്യം, ആരാകും മുഖ്യമന്ത്രി എന്നതാണ്. നേരത്തെ പ്രചാരണ വേളയിൽ ബിജെപി രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിച്ചിരുന്നില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായ വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി ആകാനുള്ള സാധ്യതയും ചർച്ചകളിൽ നിറയുന്നുണ്ട്. ഝൽരാപട്ടൻ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ഏഴായിരത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് വസുന്ധര രാജെ. എഴുപതുകാരിയായ വസുന്ധര സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ പ്രമുഖയാണ്. 2003ൽ വസുന്ധര രാജെ രാജസ്ഥാൻ മുഖ്യമന്ത്രിയായ ആദ്യ വനിതയായി. പിന്നീട് 2013-ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ അവർ വീണ്ടും മുഖ്യമന്ത്രിയായി.
നേരത്തെ വസുന്ധര രാജെ സിന്ധ്യയെ മാറ്റി നിർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി അസ്വാരസ്യങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിന്നിരുന്നു. ഈ അസ്വാരസ്യങ്ങൾക്കൊപ്പം ഭരണ വിരുദ്ധ വികാരവും മുതലെടുത്ത് രാജസ്ഥാനിൽ വിജയം കൊയ്യാമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ.
രാജസ്ഥാനിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള മത്സര രംഗത്ത് വസുന്ധര രാജെക്ക് പുറമെ നിരവധി പേരുകൾ കാണാം. വിദ്യാധര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ദിയ കുമാരി, സവായ് മധോപൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഡോ. കിരോഡി ലാൽ മീണ, ജയ്പൂരിലെ ഝോട്വാര നിയമസഭാ സീറ്റിലെ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ബിജെപി മുൻ അധ്യക്ഷൻ സതീഷ് പൂനിയ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സി പി ജോഷി എന്നിവരാണ് സാധ്യത ഏറെയുള്ള ബിജെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിമാർ. അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി ചർച്ചകളിൽ ഉൾപ്പെടുത്തിട്ടുണ്ട്.