ELECTION 2023

ഇരട്ട തോൽവി ഏറ്റുവാങ്ങി സോമണ്ണ; വരുണയിൽ ഇറക്കിയത് സിദ്ധരാമയ്യയെ തുരത്താൻ; സിറ്റിങ് സീറ്റും നഷ്ടമായി

ദ ഫോർത്ത് - ബെംഗളൂരു

തോറ്റ് തുന്നം പാടുക എന്നൊക്കെ പറഞ്ഞാൽ ബിജെപി നേതാവ് വി സോമണ്ണയുടെ അവസ്ഥയാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച്‌ രണ്ടിടത്തും പരാജയം അറിഞ്ഞിരിക്കുകയാണ് സോമണ്ണ. സിറ്റിങ് സീറ്റായ ചാമ്‌രാജ്‌നഗറില്‍ മത്സരിക്കാൻ തയ്യാറായി നിൽക്കവെയായിരുന്നു ബിജെപി ദേശീയ നേതാക്കൾ ഒരു വലിയ ദൗത്യം  സോമണ്ണയുടെ തലയിൽ വച്ചത്. കോൺഗ്രസ് അതികായൻ സിദ്ധരാമയ്യയെ വരുണയിൽ വരിഞ്ഞു മുറുക്കണം. പാർട്ടിയുടെ സ്ഥാനാർഥിപട്ടിക പുറത്തു വന്നപ്പോൾ എല്ലാവരും വരുണയിൽ തീപാറും പോരാട്ടം പ്രവചിച്ചു. ചാമുണ്ഡേശ്വരി ദേവിയെ തൊട്ട് തൊഴുത് പ്രാർഥിച്ച് സോമണ്ണ വരുണയിൽ ഇറങ്ങി.

പാർട്ടി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന സിദ്ധരാമയ്യ മണ്ഡലത്തിൽ എത്തും മുൻപേ സോമണ്ണ മണ്ഡലത്തിൽ രണ്ട് റൗണ്ട് ഓട്ടം പൂർത്തിയാക്കി. വരുണയിലെ കുറച്ചു സമുദായ വോട്ടുകൾ പിടിക്കാനായിരുന്നു ലിംഗായത്ത് സമുദായക്കാരനായ സോമണ്ണയെ ബിജെപി ഇറക്കിയത്. സംവരണ കുതന്ത്രം കൊണ്ട് കൂടെ പോരുമെന്നു വിചാരിച്ച വൊക്കലിഗ വോട്ടുകളും ചേരുമ്പോൾ വിജയമുറപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.

സിദ്ധരാമയ്യയ്ക്ക് വേണ്ടി മണ്ഡലത്തിൽ മകൻ യതീന്ദ്രയും പ്രാദേശിക നേതാക്കളും വോട്ടു പിടിക്കാനിറങ്ങിയപ്പോൾ ദേശീയ നേതാവ് അമിത് ഷായേയും ബി എസ് യെദ്യൂരപ്പയെയും എത്തിച്ച് സോമണ്ണ, റാലിയും റോഡ് ഷോയും നടത്തി. വരുണയിൽ സോമണ്ണ ചുറ്റിപ്പറ്റി നിന്നതോടെ സിറ്റിങ് സീറ്റായ ചാമ്‌രാജ്‌നഗറില്‍ കാര്യങ്ങൾ അവതാളത്തിലായി. സോമണ്ണയില്ലാ തക്കം നോക്കി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി   പുട്ടരംഗഷെട്ടി പ്രചാരണം കടുപ്പിച്ചു. എളുപ്പത്തിൽ വിജയിച്ച് കയറാവുന്ന മണ്ഡലം സോമണ്ണ അങ്ങനെ കളഞ്ഞു കുളിച്ചു.

ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു. ചാമരാജ്നഗർ പോയതോടെ വരുണയിൽ ആശ്വാസം കണ്ടെത്താമെന്നു കരുതിയ സോമണ്ണ  അവിടെയും ദയനീയ പരാജയം ഏറ്റുവാങ്ങി. 46 ,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ധരാമയ്യയുടെ ജയം.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സാരഥികൾ കൂടിയായ ഡി കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും പരാജയപ്പെടുത്താൻ കരുക്കൾ നീക്കിയായിരുന്നു ബിജെപിയുടെ സ്ഥാനാർഥി പട്ടിക വൈകിയത്.  ബി വൈ വിജയേന്ദ്രയെ വരുണയിൽ ഇറക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ശിക്കാരിപുരയല്ലാതെ ഒരു സീറ്റും വേണ്ടെന്ന നിലപാടിൽ അച്ഛൻ ബിഎസ് യെദ്യൂരപ്പ ഉറച്ചു നിന്നു. ഇതോടെയായിരുന്നു വി സോമണ്ണയ്ക്ക് നറുക്കു വീണത്. ഡി കെ ശിവകുമാറിനെ കനക്പുരയിൽ തളക്കാൻ മന്ത്രിയായിരുന്ന ആർ അശോകിനെയും നിശ്ചയിച്ചു.

ഇരു നേതാക്കളെയും മറ്റെങ്ങും പ്രചാരണത്തിന് പോകാനാവാത്ത വിധം മണ്ഡലത്തിൽ തളച്ചിടലായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാൽ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ വിശ്വസ്ഥരായ പാർട്ടി പ്രവർത്തകരേയും കുടുംബാംഗങ്ങളെയും ഏൽപ്പിച്ച് നേതാക്കൾ ഹെലികോപ്റ്ററിലേറി കർണാടകയിൽ എല്ലാ മണ്ഡലത്തിലുമെത്തി. പ്രചാരണം അവസാനിക്കുന്ന ദിവസത്തിന് നാല് നാൾ മുൻപ് മാത്രമാണ് ശിവകുമാറും സിദ്ധരാമയ്യയും മണ്ഡലത്തിൽ പ്രചാരണം നയിച്ചത്.

അത്രയും മണിക്കൂറുകൾ മതിയായിരുന്നു ഇരുവർക്കും ബിജെപി അയച്ച കരുത്തരുടെ കാറ്റഴിച്ചു വിടാൻ. കനക്പുരയ്ക്ക് പുറമെ ബെംഗളൂരുവിലെ സിറ്റിങ് സീറ്റായ പത്മനാഭ നഗറിൽ മത്സരിച്ച ആർ അശോകിന് വി സോമണ്ണയുടെ ദുര്യോഗമുണ്ടായില്ല. അവിടെ കോൺഗ്രസ് സ്ഥാനാർഥിയെക്കാൾ 55,000 വോട്ട് നേടി അശോക് വിധാന്‍ സൗധയിലേക്ക് ടിക്കറ്റ് നേടി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്