ജനാധിപത്യ തത്വങ്ങൾ സ്വന്തം പോക്കറ്റിലാണെന്ന് കരുതുന്നവരാണ് കേന്ദ്രവും കർണാടകയും ഭരിക്കുന്ന ബിജെപിയെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ജനങ്ങളുടെ ചോദ്യങ്ങളായ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രധാനമന്ത്രി ഉൾപ്പടെ ഒരാളും തയ്യാറല്ല. ഇത്തരക്കാർക്ക് കർണാടകയിൽ ഒരു വികസനവും കൊണ്ടുവരാൻ സാധിക്കില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി . ഹുബ്ബള്ളിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ പാർട്ടി വിട്ട ഷെട്ടാറിന്റെ തോൽവി ഉറപ്പാക്കാൻ ബിജെപി ബൂത്ത് തലം മുതൽ സജീവമായി പ്രവർത്തിക്കുകയാണ്
"ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദരാക്കിയും രാജ്യത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും നേരിടുന്നതാണ് ബിജെപിയുടെ രീതി . ഇതാണോ ജനാധിപത്യ വ്യവസ്ഥ പ്രവർത്തിക്കേണ്ട രീതി ?" സോണിയ ചോദിച്ചു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തിയിരുന്ന സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത് ആദ്യമായാണ് സംസ്ഥാനത്ത് എത്തുന്നത് . ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ജഗദീഷ് ഷെട്ടാറിന്റെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പു വരുത്താനാണ് സോണിയ മണ്ഡലത്തിൽ എത്തിയത് . കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഷെട്ടാറിനായി വോട്ടഭ്യർത്ഥിച്ചു .
ഷെട്ടാറിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ പാർട്ടി വിട്ട ഷെട്ടാറിന്റെ തോൽവി ഉറപ്പാക്കാൻ ബിജെപി ബൂത്ത് തലം മുതൽ സജീവമായി പ്രവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അനാരോഗ്യം അലട്ടിയിട്ടും സോണിയ നേരിട്ട് പ്രചാരണത്തിനിറങ്ങിയത് . ബിജെപി തലമുറമാറ്റം ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിച്ചതോടെ ആയിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്.