ELECTION 2023

കെ സി ആര്‍ 'വന്ന വഴി മറന്നോ?'; ചോരചിന്തി നേടിയ തെലങ്കാനയില്‍ പ്രക്ഷോഭകര്‍ക്ക് എന്തുകിട്ടി?

തെലങ്കാന പ്രക്ഷോഭത്തിന് മുന്നില്‍ നിന്നവരുടെ അതൃപ്തി കെ സി ആറിനെ താഴെയിറക്കുമോ?

വെബ് ഡെസ്ക്

'നീലു, നിധുലു, നിയമകലു' (വെള്ളം, ധനം, തൊഴില്‍) ഇതായിരുന്നു തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വേണ്ടി നടന്ന പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ 'ക്രെഡിറ്റ്' നേടിയെടുക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബി ആര്‍ എസും കോണ്‍ഗ്രസും മത്സരിക്കുമ്പോള്‍, ഒരു പതിറ്റാണ്ടിലേക്ക് അടുക്കുന്ന സംസ്ഥാന രൂപീകരണത്തിന് ശേഷവും ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.

ജനങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ എത്രമാത്രം പരിഹാരമുണ്ടായി?

തെലങ്കാന പ്രക്ഷോഭത്തിന് മുന്നില്‍ നിന്നവരുടെ അതൃപ്തി കെ സി ആറിനെ താഴെയിറക്കുമോ?

നിരന്തരമായ രക്തരൂക്ഷിത സമരങ്ങള്‍ക്കൊടുവില്‍ 2014 ജൂണ്‍ രണ്ടിന് 'തെലങ്കാന'യെന്ന രാജ്യത്തെ 29-ാമത് സംസ്ഥാനം രൂപീകൃതമായപ്പോള്‍, വികസനമെത്താത്ത ഗ്രാമങ്ങളിലെ കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും ഒരുപോലെ ആശ്വസിച്ചു, സന്തോഷിച്ചു. പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായിരുന്നിട്ടും സാമൂഹികമായി ഏറെ പിന്നോക്കം നിന്ന തെലങ്കാന മേഖലയിലെ ദുരവസ്ഥ മാറുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. തെലങ്കാന സംസ്ഥാനം ജനിച്ച് ഒരു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍, എന്തിനുവേണ്ടിയാണോ പ്രക്ഷോഭത്തിന് ഇറങ്ങിയത്‌, ആ ആവശ്യങ്ങളില്‍ പലതും ഇപ്പോഴും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ്നേതൃത്വം നല്‍കിയവര്‍ പറയുന്നത്.

തെലങ്കാന രക്തസാക്ഷി സ്മാരകം

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഹൈദരാബാദ് മുതല്‍ വാറങ്കല്‍ വരെ നടന്നത് ഓര്‍ത്തെടുക്കുന്നുണ്ട് സെന്റര്‍ ഫോര്‍ എക്കോണമിക്‌സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസിലെ റിസര്‍ച്ചര്‍ ഡോ. എസ് ഹരിനാഥ്. ദി ക്വിന്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനങ്ങളും വെള്ളവും ധനസഹായവും ഇപ്പോഴും അകലെയാണെന്ന് ഹരിനാഥ് ചൂണ്ടിക്കാട്ടുന്നു. 'പിന്നെ എന്തിനുവേണ്ടിയണ് ഞങ്ങളീ പെടാപ്പാടെല്ലാം പെട്ടതെന്ന്' നെടുവീര്‍പ്പിടുന്നു ഹരിനാഥ്. ഇത്തരത്തില്‍ നൂറുകണക്കിന് ഹരിനാഥുമാരെ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയില്‍ കാണാന്‍ സാധിക്കും.

തെലങ്കാന വികാരം ആളിക്കത്തിച്ചാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബി ആര്‍ എസ് അധികാരത്തിലെത്തിയത്. എന്നാല്‍, പ്രത്യേക തെലങ്കാന സംസ്ഥാന രൂപീകരിച്ചത് ഒഴിച്ചാല്‍, ജനങ്ങള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരമുണ്ടായില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, മൂന്നുവര്‍ഷം തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. പഠനം കഴിഞ്ഞു പത്തുവര്‍ഷം കഴിഞ്ഞു. നിരവധി ബിരുദധാരികളെ പോലെ ഞാനും ഇപ്പോഴും പരീക്ഷകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തിലെ ചില ഭാഗങ്ങളില്‍ പോയാല്‍, നിങ്ങള്‍ക്കിപ്പോഴും പരീക്ഷയ്ക്ക് തയാറെടുക്കുന്ന തൊഴില്‍രഹിതരായ യുവാക്കളെ കാണാന്‍ സാധിക്കും. യുവാക്കള്‍ നിരാശരാണ്. തെലങ്കാന സംസ്ഥാനത്തിന് വേണ്ടി പോരാടുമ്പോള്‍, ഇതായിരുന്നില്ല അവരുടെ മനസിലുണ്ടായിരുന്നത്- അംബേദ്കറൈറ്റ് റിസര്‍ച്ചര്‍ പള്ളികൊണ്ട മണികണ്ഠ.

തെലങ്കാന മേഖലയിലെ തൊഴിലില്ലായ്മ അതിവേഗം പരിഹരിക്കും എന്ന വാഗ്ദനത്തോടെയാണ് സംസ്ഥാന രൂപീകരണ ശേഷം തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥാപിതമായത്. എന്നാല്‍, ടി എസ് പി എസ് സി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനം യുവാക്കള്‍ക്കിടയില്‍ ശക്തമായുണ്ട്. പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതും റദ്ദാക്കുന്നതും ചോദ്യപേപ്പറുകള്‍ ചോരുന്നതും പതിവാണ്. ഈ വിഷയങ്ങളില്‍ ബി ആര്‍ എസ് സര്‍ക്കാരിന് എതിരെ പ്രതിഷേധങ്ങളും ശക്തമാണ്.

കെ ചന്ദ്രശേഖര്‍ റാവു

2023 മാര്‍ച്ചിലെ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി റിപ്പോര്‍ട്ട് പ്രകാരം, തെലങ്കാനയിലെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമാണ്. 18നും 29നും ഇടയില്‍ പ്രായമായ യുവാക്കളില്‍ 100പേരില്‍ 15പേരെങ്കിലും തൊഴില്‍ രഹിതരാണെന്ന് പിരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വെയുടെ കണക്കുകളില്‍ പറയുന്നു. 1,91,000 തസ്തികകളാണ് സര്‍ക്കാര്‍ മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ 2.2 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെന്നും 1.3 ലക്ഷം തസ്തികകളില്‍ നിയമനം നടത്തിയെന്നും ഐ ടി മന്ത്രിയും കെ സി ആറിന്റെ മകനുമായ കെ ടി രാമറാവു പറയുന്നുണ്ട്. ഐ ടി മേഖലയില്‍ എട്ടു വര്‍ഷത്തിനുള്ളില്‍ 220 ശതമാനമാണ് വളര്‍ച്ച നിരക്കെന്നും 1.5 ലക്ഷം അവസരങ്ങള്‍ സൃഷ്ടിച്ചെന്നും കെ ടി ആര്‍ പറയുന്നു. എന്നാല്‍, ഇതിനോടും സമ്മിശ്രമായ പ്രതികരണമാണ് തെലങ്കാന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കുള്ളത്. ഹൈരാബാദ് കേന്ദ്രീകരിച്ച് മാത്രമാണ് ഐ ടി മേഖല വളരുന്നത് എന്നാണ് വിമര്‍ശനം.

വളര്‍ച്ചയുടേയും വികസനത്തിന്റെയും ജനാധിപത്യവത്കരണം നടക്കണം എന്നായിരുന്നു തെലങ്കാന പ്രസ്ഥാനത്തിന്റെ ആശയം. എന്നാല്‍ വികസനം നടക്കുന്നത് ഹൈദരാബാദ് മാത്രം കേന്ദ്രീകരിച്ചാണ്. ഹൈദരാബാദ് ആന്ധ്രയുടെ തലസ്ഥാനമായിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ തെലങ്കാന രൂപീകരിച്ചതിന് ശേഷവും അത് മാത്രമാണ് തുടരുന്നത്.-പള്ളികൊണ്ട മണികണ്ഠ.

തെലങ്കാന പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന് ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി ആയിരുന്നു. എന്നാല്‍, സര്‍വകലാശാലയുടെ നിലവിലെ സ്ഥിതി മെച്ചപ്പെട്ടതല്ലെന്നും വിമര്‍ശനമുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ 22ാം സ്ഥാനത്തായിരുന്ന ഒസ്മാനിയ ഈ വര്‍ഷം 32ലേക്ക് പിന്തള്ളപ്പെട്ടു. സര്‍വകലാശാലയില്‍ വേണ്ടത്ര അധ്യാപകരും ജീവനക്കാരുമില്ലെന്ന വിമര്‍ശനവും ശക്തമാണ്.

വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി സംസ്ഥാന ബജറ്റുകളില്‍ കാര്യമായൊന്നും മാറ്റിവയ്ക്കാറില്ല എന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം. ബജറ്റില്‍ ആകെ 6 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിന് വേണ്ടി മാറ്റിവയ്ക്കുന്നത്. പിഎച്ച്ഡി സീറ്റിന് 2,000 രൂപ ഫീസ് ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തി. ഈ ഫീസ് വര്‍ധനവ് ഗ്രാമങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലയുടെ ഈ നീക്കത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.

വന്ന വഴി മറന്നോ കെ സി ആര്‍?

തെലങ്കാന വികാരം ഉയര്‍ത്തിയാണ് കെ സി ആര്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുത്തത്. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ യാത്ര ആരംഭിച്ച കെ സി ആര്‍, ടി ഡി പിയി ലൂടെ വളര്‍ന്നു. 2001ല്‍ ആന്ധ്രാപ്രദേശ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരിക്കവെയാണ് തെലങ്കാന പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് റാവു എത്തുന്നത്. ടി ആര്‍ എസിന്റെ രൂപീകരണം തന്നെ തെലങ്കാന രൂപീകരണത്തിന് വേണ്ടിയായിരുന്നു. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും സംഘടനകളും ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നു.

2009ല്‍ നവംബറില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ സി ആര്‍ പാര്‍ലമെന്റില്‍ നിരാഹാര സമരം ആരംഭിച്ചു. തുടര്‍ന്ന് ഡിസംബര്‍ ഏഴിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തെലങ്കാനയ്ക്ക് പ്രത്യേക സംസ്ഥാനം നല്‍കാനുള്ള തീരുമാനത്തിന് പിന്തുണ നല്‍കി. സമരം 11 ദിവസം പിന്നിട്ടപ്പോള്‍ പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി. ഇതോടെ, തെലങ്കാന സമരനായകന്‍ എന്ന നിലയിലേക്ക് കെ സി ആറിന്റെ ഇമേജ് മാറി.

തെലങ്കാന പ്രക്ഷോഭ വേളയില്‍ കെ സി ആര്‍

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം 2014ല്‍ ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് 69 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2018ല്‍ 88 സീറ്റും 47.4 ശതമാനം വോട്ടും നേടി ടി ആര്‍ എസ് തെലങ്കാനയുടെ മണ്ണില്‍ ആഴത്തില്‍ വേരാഴ്ത്തി. കോണ്‍ഗ്രസ് അപ്രസക്തമായി.

2019ല്‍ ദേശീയരാഷ്ട്രീയ ലക്ഷ്യങ്ങളോടെ ടി ആര്‍എസിനെ ബി ആര്‍ എസ് ആക്കിയ റാവുവിന് എതിരെ ഇത്തവണ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന പ്രചാരണായുധവും തെലങ്കാന പ്രക്ഷേകര്‍ക്കുള്ള അതൃപ്തി തന്നെയാണ്. അപകടം മണത്ത കെ സി ആര്‍, ഈ വര്‍ഷം ജൂണില്‍ 179 കോടി രൂപയുടെ തെലങ്കാന രക്തസാക്ഷി സ്മാരകം സ്ഥാപിച്ചിരുന്നു. കൂടാതെ, സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നും അന്ന് ജീവന്‍ നഷ്ടമായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. തെലങ്കാന പ്രക്ഷോഭത്തില്‍ പങ്കെടുത്തുവര്‍ക്ക് പെന്‍ഷനും വീടും അടക്കം നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെലങ്കാന പ്രക്ഷോഭം വളര്‍ത്തിയ കെ സി ആറിനെ അതേ തെലങ്കാന പ്രക്ഷോഭം തന്നെ വീഴ്ത്തുമോ എന്നതാണ് ചോദ്യം.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ