രണ്ട് ദേശീയ പാർട്ടികൾ നേർക്കുനേർ പോരടിച്ച കർണാടക തിരഞ്ഞെടുപ്പിൽ നിരവധി വിഷയങ്ങൾ ചർച്ചയായെങ്കിലും 'ആവശ്യമില്ലാത്ത' വിഷയങ്ങളിലൊന്നും കയറി പിടിക്കാതെയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. ബൊമ്മെ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപേ ആളിക്കത്തിക്കാൻ തുടങ്ങിയിരുന്നു കോൺഗ്രസ് പ്രാദേശിക നേതൃത്വം. നാൽപത് ശതമാനം കമ്മീഷൻ സർക്കാരായി ബിജെപി സർക്കാരിനെ ചാപ്പകുത്തിയതും വിലക്കയറ്റത്തിൽ ജീവിതം ദുസ്സഹമായ കന്നഡിഗർക്ക് ആശ്വാമാകാൻ പ്രഖ്യാപിച്ച അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമാണ് കോൺഗ്രസിനെ വിജയ കൊടുമുടിയേറ്റിയത്.
'ലോക്കൽ വിഷയങ്ങൾ'
പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കോൺഗ്രസിന്റേത്. പതിവില്ലാത്ത ഒരുമയോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കളം നിറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ മാത്രം തലയിട്ടു. കേന്ദ്രത്തിൽ കോൺഗ്രസ് ബിജെപിക്കെതിരെ കൊണ്ട് വന്ന 'അംബാനി അദാനി' വിഷയങ്ങളൊന്നും പ്രാദേശിക കോൺഗ്രസ് ഏറ്റുപിടിച്ചില്ല. പകരം അഴിമതി, കെടുകാര്യസ്ഥത, വിലവർധന, പാചകവാതക വിലക്കയറ്റം, കർഷക പ്രശ്‌നം, കണ്ണിൽ പൊടിയിട്ട സർക്കാർ വികസനം, കൈക്കൂലി കേസുകൾ തുടങ്ങിയവയെല്ലാം പ്രചാരണ വിഷയമാക്കി.
രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളോടും ദേശീയ വിഷയങ്ങൾ വലിയ വിഷയമാക്കേണ്ടെന്ന് കർണാടക പിസിസി നേതൃത്വം അഭ്യർത്ഥിച്ചു. രാഹുലും പ്രിയങ്കയും സോണിയയും പ്രചാരണത്തിനെത്തിയെങ്കിലും പ്രാദേശിക നേതാക്കൾക്ക് കൂടുതൽ ശ്രദ്ധകിട്ടുന്ന രീതിയിൽ പ്രചാരണ പരിപാടികൾ ക്രമീകരിക്കപ്പെട്ടു. വരുണയിലും കനക്പുരയിലും പ്രമുഖരെ നിർത്തി ബിജെപി ഭീഷണി ഉയർത്തിയിട്ടും സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മണ്ഡലത്തിൽ ഒതുങ്ങി കൂടിയില്ല. കേരളത്തിന്റെ മൂന്നിരട്ടി വിസ്‌തീർണമുള്ള കർണാടകയുടെ മുക്കിലും മൂലയിലും എത്താൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് ഇരുവരും പറന്നു. കോൺഗ്രസിന്റെ എല്ലാ റാലികളിലും ദേശീയ നേതാക്കൾക്കൊപ്പം നിന്ന് വോട്ടർമാരുടെ കൺവെട്ടത് ഇടം പിടിച്ചു.
പേ സി എം പ്രചാരണം ബൊമ്മെയ്ക്ക് പ്രഹരമായി
ബൊമ്മെ സർക്കാരിനെ അഴിമതി സർക്കാരായും കമ്മീഷൻ സർക്കാരായും ചാപ്പയടിക്കാൻ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ കോൺഗ്രസ് തുടങ്ങി വച്ചതാണ് 'പേ സി എം' പ്രചാരം. കന്നഡിഗ വോട്ടർമാരെ സ്വാധീനിക്കാൻ പോന്നതാണ് ഈ ഹാഷ്ടാഗ് പ്രചാരമെന്ന് കോൺഗ്രസ് ആ ഘട്ടത്തിൽ കരുതിയിരുന്നില്ല. എന്നാൽ കൈക്കൂലി കേസിൽ ബിജെപി എംഎൽഎയെ കയ്യോടെ പിടികൂടിയതുൾപ്പടെ നിരവധി സംഭവങ്ങൾ പ്രചാരണ കാലയളവിൽ വോട്ടർമാർക്ക് മുന്നിലെത്തി. ഇതോടെ ഭരണവിരുദ്ധ വികാരം ആളിക്കത്താൻ തുടങ്ങി. ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ മാഹാത്മ്യം പറഞ്ഞ് ഭരണത്തുടർച്ച നോട്ടമിട്ടപ്പോൾ അതിനിയും അധികാരത്തിൽ വന്നാൽ ട്രബിൾ എഞ്ചിൻ സർക്കാർ ആകുമെന്ന് ഡി കെ ശിവകുമാറും കൂട്ടരും കന്നഡിഗരെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
സമൂഹത്തിലെ അടിസ്ഥാന വിഭാഗം, സ്ത്രീകൾ, യുവാക്കൾ എന്നിവരെ വേണ്ട പോലെ പരിഗണിക്കുന്നതായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ. വിലക്കയറ്റവും നികുതി വർധനയും കൊണ്ട് പൊറുതിമുട്ടി കുടുംബ ബജറ്റ് താളം തെറ്റിയവർക്ക് ആശ്വാസം നൽകുന്നതായിരുന്നു അഞ്ച് വാഗ്ദാനങ്ങളും.
പാചകവാതക സിലിണ്ടർ വണങ്ങി വോട്ട് ചെയ്യാനുള്ള ആഹ്വാനം
ബെംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് നേതാക്കൾ വാർത്താസമ്മേളനം നടത്തുന്ന ഡയസിന് പിറകിൽ ഒരു പാചക വാതക സിലിണ്ടർ സ്ഥാനം പിടിച്ചിട്ട് ഏകദേശം രണ്ട് മാസമായി. യുപിഎ സർക്കാർ കാലത്തെയും എൻഡിഎ സർക്കാർ കാലത്തെയും പാചകവാതക വില താരതമ്യം ചെയ്ത് നടത്തിയ ഒരു വാർത്താസമ്മേളനത്തിന് ഒടുവിലായിരുന്നു അധ്യക്ഷൻ ഡി കെ ശിവകുമാർ അതവിടെ സ്ഥാപിച്ചത്.
വോട്ട് ചെയ്യും മുൻപ് അടുക്കളയിലെ പാചക വാതക സിലിണ്ടറിനെ ഒന്ന് നമിച്ചിട്ട് പോണം എന്നായിരുന്നു സമ്മതിദായകരോട് കോൺഗ്രസിന്റെ അഭ്യർത്ഥന. തിരഞ്ഞെടുപ്പ് കഴിയും വരെയും ആ സിലിണ്ടർ അവിടെ നിന്ന് അനക്കിയില്ല.
വാർത്താസമ്മേളനം നടത്താൻ കോൺഗ്രസിന്റെ താര പ്രചാരകർ എത്തിയപ്പോഴും സിലിണ്ടർ അനക്കാതെ വച്ചു. വാർത്താ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണങ്ങളിൽ നേതാക്കൾക്കൊപ്പം ഗ്യാസ് സിലിണ്ടറും ഇടം പിടിച്ചു. പതിയെ പതിയെ ഈ സിലിണ്ടർ ചിത്രം സമ്മതിദായകന്റെ മനസിലുമെത്തി. വോട്ടെടുപ്പ് ദിവസം വീണ്ടും ഡി കെ ശിവകുമാർ അവരോട് അഭ്യർത്ഥിച്ചു, 'വോട്ട് ചെയ്യും മുൻപ് അടുക്കളയിലെ പാചകവാതക സിലിണ്ടറിന്റെ വണങ്ങുക'. കോൺഗ്രസ് ഓഫീസിലെ പാചകവാതക സിലിണ്ടറിൽ പൂജ ചെയ്ത് വണങ്ങുന്ന ദൃശ്യങ്ങളോടെയായിരുന്നു അഭ്യർത്ഥന. വോട്ടെണ്ണൽ ദിനം കോൺഗ്രസ് പ്രവർത്തകർ വക മിക്ക ബൂത്തുകളുടെ പരിസരത്തും ചുവന്ന സിലിണ്ടറുകൾ സ്ഥാനം പിടിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവരെയും പ്രത്യേകിച്ച് സ്ത്രീ ജനങ്ങളെയും ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ ആ കേന്ദ്ര വിരുദ്ധത ശരിക്കും ഏറ്റു എന്ന് വേണം പറയാൻ.
വോട്ടർമാർ വിശ്വസിച്ച അഞ്ചിന വാഗ്ദാനം
സമൂഹത്തിലെ അടിസ്ഥാന വിഭാഗം, സ്ത്രീകൾ, യുവാക്കൾ എന്നിവരെ വേണ്ട പോലെ പരിഗണിക്കുന്നതായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ. വിലക്കയറ്റവും നികുതി വർധനയും കൊണ്ട് പൊറുതിമുട്ടി കുടുംബ ബജറ്റ് താളം തെറ്റിയവർക്ക് ആശ്വാസം നൽകുന്നതായിരുന്നു അഞ്ച് വാഗ്ദാനങ്ങളും. 200 യൂണിറ്റ് വൈദ്യുതി സൗജന്യം, വീട്ടമ്മമാർക്കായി രണ്ടായിരം രൂപയുടെ പ്രതിമാസ ഗൃഹലക്ഷ്മി പദ്ധതി, തൊഴിൽരഹിതരെ സഹായിക്കാനുള്ള 4500 രൂപയുടെ യുവനിധി പദ്ധതി, ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി സൗജന്യം, വനിതകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ ഉറപ്പ്. വെറും ഉറപ്പല്ല അധികാരം കിട്ടിയാൽ ആദ്യ മന്ത്രിസഭായോഗത്തോടെ ഇതെല്ലം സർക്കാർ ഉത്തരവായി മാറുമെന്ന ഉറപ്പ്. കർണാടകയുടെ ദേവിയായി സങ്കൽപ്പിക്കുന്ന ചാമുണ്ഡേശ്വരി ദേവിക്ക് മുന്നിലും ഡി കെ ശിവകുമാറും സിദ്ധരാമയ്യയും നിശബ്ദ പ്രചാരണ ദിവസം ഉറപ്പുകൾ ആവർത്തിച്ചതോടെ കന്നഡിഗർക്ക് വിശ്വാസവുമായി.
30 വർഷത്തെ വൈര്യം മറന്ന് ലിംഗായത്തുകൾ
1989 വരെ കോൺഗ്രസിന്റെ വോട്ട് ബാങ്കായിരുന്ന ലിംഗായത്തുകൾ മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്ര പാട്ടീലിനെ മാറ്റിയതോടെയായിരുന്നു കോൺഗ്രസിനോട് ഇടഞ്ഞത്. ലിംഗായത് സമുദായക്കാരായ പ്രമുഖ നേതാക്കളെ ബിജെപിയിൽ നിന്ന് കോൺഗ്രസ് പാളയത്തിലെത്തിച്ചു ഇത്തവണ ആ വിടവും കോൺഗ്രസ് അടച്ചു. 150 മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ലിംഗായത്തുകളെ കൂടെ കിട്ടിയതോടെ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചതിലും ഉജ്വലമായി. ഹിന്ദി ഹൃദയഭൂമിയിൽ പരീക്ഷിച്ച തലമുറമാറ്റം ബിജെപിക്ക് സ്ഥാനാർഥി നിർണയത്തിൽ തന്നെ കല്ലുകടിയായത് കോൺഗ്രസ് പരമാവധി മുതലാക്കി.
മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവദി തുടങ്ങിയവരെ കോൺഗ്രസ് ക്യാമ്പിലെത്തിച്ചതോടെ തുടർചലനങ്ങൾ എന്നോണം നിരവധി പേർ ബിജെപി വിട്ടു. ഉപാധികളില്ലാതെ നേതാക്കൾ ചേക്കേറിയത് കോൺഗ്രസിന് ആശ്വാസമായി. ബെംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് ഉപയോഗം കഴിഞ്ഞ് മടക്കി സൂക്ഷിച്ചുവയ്ക്കുന്ന ഒരു മൂവർണക്കൊടിയുണ്ട്. കൂടുവിട്ട് വരുന്നവർ കോൺഗ്രസ് അംഗത്വമെടുത്ത് കഴിഞ്ഞാൽ അധ്യക്ഷൻ ഡി കെ ശിവകുമാർ ആ കൊടി നൽകും. കോൺഗ്രസിന്റെ തലവര മാറ്റിയ കൊടി കൂടിയാണത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ആ മൂവർണ കൊടിയേന്തി കോൺഗ്രസ് പാളയത്തിലേക്ക് പോന്നത് നിരവധി പേരാണ്. കോൺഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്കിൽ ബിജെപിയുടെ പല ശക്തി കേന്ദ്രങ്ങളും ഒലിച്ചുപോയി.
കന്നഡിഗരെ വിളക്കിച്ചേർത്ത് രാഹുൽ
കർണാടകയിലൂടെ കടന്നുപോയ ഭാരത് ജോഡോ യാത്രയ്ക്കുമുണ്ട് കന്നഡ വിജയത്തിന്റെ പങ്ക്. വർഗീയ ധ്രുവീകരണത്തിന് പരീക്ഷണ ശാലയായി മാറിയ കർണാടകയിലൂടെ മനുഷ്യരെ സ്നേഹ ചരടിൽ കോർത്ത് കോർത്തായിരുന്നു രാഹുലിന്റെ യാത്ര. സംഘപരിവാർ വിദ്വേഷത്തിന്റെ വിത്തുപാകി മുളപ്പിച്ച ഈ മണ്ണിലൂടെ ഒരുമയുടെ, മനുഷ്യത്വത്തിന്റെ സന്ദേശം പകർന്ന് രാഹുൽ നടന്നു. രാഷ്ട്രീയം നോക്കാതെ കൊടിയുടെ നിറം നോക്കാതെ ചില നല്ല മനുഷ്യരും ഒപ്പംകൂടി. ഹലാൽ, ഹിജാബ്, ഗോവധം, ലവ് ജിഹാദ്, മത പരിവർത്തനം ഇത്യാദി വിഷയങ്ങളിൽ രണ്ട് ധ്രുവങ്ങളിലായി പോയ മനുഷ്യരെയെല്ലാം രാഹുൽ പരസ്പരം ചേർത്ത് നിർത്തി. രാഹുൽ സ്നേഹം കൊണ്ട് ഉഴുത മണ്ണിലൂടെയായിരുന്നു ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഒറ്റക്കെട്ടായി മുന്നേറിയത്.