ELECTION 2023

ഉത്സവ കാലത്ത് ബിപിഎല്ലുകാർക്ക് മൂന്ന് സൗജന്യ പാചക സിലിണ്ടർ; ഏകീകൃത സിവില്‍ കോഡ്; കർണാടകയിൽ ബിജെപിയുടെ പ്രകടന പത്രിക

പ്രജാ ധ്വനി (ജനങ്ങളുടെ ശബ്ദം) എന്ന പേരിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ വമ്പിച്ച വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക്‌ മൂന്ന് പ്രധാന ഉത്സവ സീസണിൽ സൗജന്യ പാചകവാതക സിലിണ്ടർ ഉൾപ്പെടെ പത്ത് വാഗ്ദാനങ്ങളാണ് ബിജെപി സമ്മതിദായകർക്ക് നൽകുന്നത്. കർണാടകയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ, സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബി എസ്‌ യെദ്യുരപ്പ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

കന്നഡ പുതുവർഷ ദിനമായ ഉഗാദി, ദീപാവലി, ഗണേശ ചതുർഥി എന്നീ ഉത്സവ സീസണിലാണ് ബിപിഎൽ കാർഡ് ഉടമകൾക്ക് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി ലഭിക്കുക. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് 'പോഷണ പദ്ധതിയിൽ' ഉൾപ്പെടുത്തി ദിനംപ്രതി അര ലിറ്റർ പാൽ സൗജന്യമായി നൽകുമെന്നും പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നു. സംസ്ഥാനത്തുടനീളം അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ന്യായവില ഭക്ഷണ ശാലകൾ തുറക്കും.

അനധികൃത കുടിയേറ്റം തടയാൻ പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സംസ്ഥാനത്തെ 10 ലക്ഷം ഭവനരഹിതർക്ക് വീട് വച്ച് നൽകും. സർക്കാർ സ്കൂളുകൾ നവീകരിക്കാൻ പ്രത്യേക പദ്ധതിയും പ്രകടന പത്രികയിലുണ്ട്. മൈക്രോ സ്റ്റോറേജ് സൗകര്യമൊരുക്കാൻ കർഷകർക്കായി 30,000 കോടി രൂപയുടെ പദ്ധതിയും കല്യാണ കർണാടക മേഖലയുടെ (ഹൈദരാബാദ് കർണാടക ) വികസനത്തിനായി 1500 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിക്കുമെന്നും ബിജെപി പ്രകടന പത്രികയിലൂടെ സമ്മതിദായകർക്ക് ഉറപ്പ് നൽകുന്നു. ബെംഗളൂരു നഗരത്തെ സാങ്കേതിക വിദ്യയുടെ ആഗോള ഹബ്ബ് ആക്കി മാറ്റുമെന്ന വാഗ്ദാനവുമുണ്ട്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൂടെ ബിജെപി തുടർ ഭരണം ഉറപ്പാക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പ്രജാ ധ്വനി (ജനങ്ങളുടെ ശബ്ദം) എന്ന പേരിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കൃഷിക്കാർ, യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾ തുടങ്ങി എല്ലാവരെയും പരിഗണിക്കുന്നതാണ് പാർട്ടിയുടെ പ്രകടന പത്രികയെന്ന് ജെ പി നദ്ധ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രിക ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഉറപ്പുകളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ബിജെപിയുടേത് യാഥാർഥ്യ ബോധത്തിൽ ഊന്നിയുള്ള വാഗ്ദാനങ്ങളാണെന്നും നദ്ദ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ