സമ്മതിദായകരെ വാഗ്ദാന പെരുമഴയിൽ കുളിപ്പിക്കുകയാണ് കർണാടകയിൽ രാഷ്ട്രീയ പാർട്ടികൾ. വാരിക്കോരി സൗജന്യങ്ങൾ പ്രഖ്യാപിക്കുകയാണ് തുടർ ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണം പിടിക്കാൻ കച്ചമുറുക്കിയ കോൺഗ്രസും ജെഡിഎസും കന്നഡ മണ്ണിൽ രാഷ്ട്രീയ ഭാഗ്യം പരീക്ഷിക്കുന്ന ആം ആദ്മി പാർട്ടിയും.
ഉത്സവ സീസണിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറും പ്രതിദിനം അര ലിറ്റർ പാലുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് വക 10 കിലോഗ്രാം അരിയും വനിതകൾക്കായി ഗൃഹലക്ഷ്മി പദ്ധതിയും തൊഴിൽ അന്വേഷകരായ യുവാക്കൾക്ക് സഹായ ധനവും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രയുമാണ് വാഗ്ദാനം. ജെഡിഎസിന്റെ പന്ത്രണ്ടിന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടന പത്രികയും ആം ആദ്മി പാർട്ടിയുടെ പത്തിന വാഗ്ദാനങ്ങളും കന്നഡിഗ വോട്ടർമാരിലേക്ക് എത്തിക്കഴിഞ്ഞു. സമ്മതിദായകർ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാം.