ELECTION 2023

'ഇന്ത്യ' മുന്നണിയിൽ അസ്വാരസ്യങ്ങൾ കടുക്കുന്നു; സീറ്റ് വിഭജനത്തിനു തയാറാകാതെ കഴിയുമോ കോൺഗ്രസിന്?

വെബ് ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളിലെയും നിയസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ച് ഇന്ത്യ മുന്നണി നേതാക്കൾ. "കോൺഗ്രസ് തോറ്റതിന് ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികൾ ഉത്തരവാദികളല്ല" എന്നാണ് മമത ബാനർജി പറഞ്ഞത്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇന്ത്യ മുന്നണി പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് നാഷണല്‍ കോൺഫെറൻസ് അധ്യക്ഷൻ ഒമർ അബ്ദുള്ളയും അഭിപ്രായപ്പെട്ടു. ഡിസംബർ ആറിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ ഇന്ത്യ മുന്നണിയുടെ യോഗം ചേരാനിരിക്കെയാണ് വിമർശനങ്ങളുമായി നേതാക്കൾ രംഗത്തെത്തിയത്. യോഗത്തെ കുറിച്ച് നേരത്തെ അറിയിച്ചിട്ടില്ലെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന സൂചനയാണ് മമത നൽകുന്നത്.

കോൺഗ്രസിന് തെലങ്കാന ജയിച്ചതുപോലെ മറ്റിടങ്ങളിലും ജയിക്കാനാകുമായിരുന്നെന്നും അവർക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ ഇന്ത്യ മുന്നണിയിലെ തന്നെ മറ്റു പാർട്ടികൾക്ക് ലഭിച്ചതാണ് പലയിടങ്ങളിലും പരാജയം സംഭവിക്കാൻ കാരണമെന്നും പറഞ്ഞ മമത, നേരത്തെ തന്നെ സീറ്റ് വിഭജനം നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നെന്നും പറഞ്ഞു.

ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും 'ഇന്ത്യ' എന്ന പേരിൽ ഒന്നിക്കുന്നത് 2024 പൊതുതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നത്. ആദ്യം ഫലം വന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തെലങ്കാനയിൽ ഭരണത്തിൽ വരാൻ സാധിച്ചു എന്നത് മാത്രമാണ് കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും ആശ്വസിക്കാൻ ചെറിയ വകനൽകുന്നത്. മറ്റെല്ലായിടത്തും പരാജയപ്പെട്ടതോടെ, കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു സഖ്യത്തിന് ഇനി ബിജെപിയെ നേരിടാനാകുമോ എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. മമത ബാനർജിയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഒമർ അബ്ദുള്ളയുമുൾപ്പെടെയുള്ളവർ അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ സാഹചര്യത്തിൽ 'ഇന്ത്യ' മുന്നണിയുടെ കേന്ദ്രബിന്ദു ആരാകുമെന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്.

എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്രമം അതിന്റെ ഫലം കാണണമെന്നും, ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രവർത്തികമാക്കണമെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേഖ് ബാനർജി പറഞ്ഞു. മൂന്നുമാസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ്, ഇന്ത്യ മുന്നണിയെ ഓർക്കുന്നതെന്ന് ഒമർ അബ്ദുള്ള കോൺഗ്രസിനെ പരിഹസിച്ചു. "ഡിസംബർ ആറിന് ചില 'ഇന്ത്യ' മുന്നണി നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനു വിളിച്ചിട്ടുണ്ട്, മൂന്നു മാസങ്ങൾക്കു ശേഷമാണ് അവർ മുന്നണിയെക്കുറിച്ച് ഓർക്കുന്നത്. നമുക്ക് നോക്കാം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്" എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

പരാജയം കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണമുണ്ടായതാണെന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾക്കിടയിലുണ്ട്. ആം ആദ്മി സീറ്റ് വിഭജനം ആവശ്യപ്പെട്ടപ്പോൾ അതിനു തയാറല്ലായിരുന്നു കോൺഗ്രസ്. മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ആം ആദ്മിയും, സിപിഎമ്മും വ്യത്യസ്തമായാണ് മത്സരിച്ചത്. ഇത് ബിജെപിക്ക് ഭരണം കിട്ടാൻ സഹായകമായെന്നാണ് വിലയിരുത്തുന്നത്. രാജസ്ഥാനിൽ കോൺഗ്രസും സിപിഎമ്മും നേർക്കുനേർ മത്സരിച്ച രണ്ടു മണ്ഡലങ്ങൾ ഇതിന് ഉദാഹരണമായി കാണാം. അത് ബദ്രയും ദുംഗര്‍ഗഡുമാണ്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസും സി പി എമ്മും നേടിയ വോട്ടുകൾ ചേർത്ത് വച്ചാൽ ബിജെപിയെ എളുപ്പം പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു.

ബദ്ര-2023

സഞ്ജീവ് കുമാര്‍ (ബിജെപി)- 1,02,748

ബല്‍വന്‍ പൂനിയ (സിപിഎം)-1,01,616

അജീത് സിങ് ബനിവാല്‍ (കോണ്‍ഗ്രസ്)-3771

രൂപ്‌നാഥ് (എഎപി)-2252

ഭൂരിപക്ഷം- 1132

2018

ബല്‍വന്‍ പൂനിയ (സിപിഎം)- 82,204

സഞ്ജീവ് കുമാര്‍ (ബിജെപി)-59,051

ഡോ. സുരേഷ് ചൗധരി (കോണ്‍ഗ്രസ്)-37,574

ഭൂരിപക്ഷം-23,153

ദുംഗര്‍ഗഡ്-2023

താരാചന്ദ്(ബിജെപി)-65,690

മംഗ്ലറാം ഗോദര (കോണ്‍ഗ്രസ്)-57,565

ഗിരിധരിലാല്‍ (സിപിഎം)-56,498

ഭൂരിപക്ഷം-8,125

2018

ഗിരിധരിലാല്‍ (സിപിഎം)-72,376

താരാചന്ദ്(ബിജെപി)-42,973

മംലറാം (കോണ്‍ഗ്രസ്)-48,480

ഭൂരിപക്ഷം-23,896

'ഇന്ത്യ' മുന്നണി പ്രാരംഭഘട്ട ചർച്ചകളിലേക്ക് തിരിച്ചുപോകണമെന്നാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറയുന്നത്. ഓരോ പാർട്ടികളും ശക്തരായി നിൽക്കുന്ന സ്ഥലങ്ങളിൽ മറ്റുള്ളവർ അവരെ പിന്തുണയ്ക്കും എന്ന നിലപാടാണ് ആദ്യം മുന്നണി സ്വീകരിച്ചിരുന്നത്. ആ നിലപാടിൽ തന്നെ തുടർന്നാൽ മാത്രമേ മാറ്റം സൃഷ്ടിക്കാൻ സാധിക്കൂ എന്നാണ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്. വർഷങ്ങളായി തിരഞ്ഞെടുപ്പ് കാണാത്ത ജമ്മുകശ്മീരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷിക്കാൻ പ്രത്യേകിച്ചൊന്നുമില്ല എന്ന് ഒമർ അബ്ദുള്ളയും പറയുന്നു.

സീറ്റ് വിഭജനം കൃത്യമായി നടത്താതെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല എന്നായിരിക്കും കക്ഷി നേതാക്കൾ യോഗത്തിൽ പറയാൻ സാധ്യത. പ്രത്യേകിച്ച് ആം ആദ്മിയും തൃണമൂൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയുംപോലുള്ള വലിയ കക്ഷികൾ ഈ ആവശ്യത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനും, തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ വച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികൾ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകണം എന്ന ആവശ്യവും ഉന്നയിക്കാൻ സാധ്യതകളുണ്ട്. ബിജെപിക്കെതിരെ നിൽക്കുന്ന പ്രധാന പ്രതിപക്ഷ പാർട്ടി എന്ന രീതിയിൽ മേൽക്കൈ നേടാനൊന്നും ഇനി കോൺഗ്രസിന് സാധിക്കുമെന്ന് കരുതാനാകില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ചില നീക്കുപോക്കിന് കോൺഗ്രസും തയാറായിരിക്കും എന്നാണ് വിലയിരുത്തലുകൾ

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും