ELECTION 2023

എന്തിനും ഏതിനും യാഗം; കെസിആര്‍ 'ഫാം ഹൗസ് മുഖ്യമന്ത്രി' ആയതെങ്ങനെ?

വെബ് ഡെസ്ക്

'ഫാം ഹൗസ് മുഖ്യമന്ത്രി'... തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് രാഷ്ട്രീയ എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിളിപ്പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും വരെ കെസിആറിനെ ' ഫാം ഹൗസ് മുഖ്യമന്ത്രി' എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ആവര്‍ത്തിച്ച് വിളിക്കുന്നു. മേധക് ജില്ലയിലെ ഏറവല്ലി ഗ്രാമത്തിലാണ് കെസിആറിന്റെ ഈ പ്രസിദ്ധമായ ഫാം ഹൗസുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിആര്‍എസിന്റെ പ്രചാരണം റാവു നിയന്ത്രിച്ചത് ഈ ഫാം ഹൗസില്‍ ഇരുന്നായിരുന്നു. എന്നാല്‍, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഫാം ഹൗസില്‍ മാത്രമിരിക്കാതെ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കെസിആര്‍ നേരിട്ടെത്തി പ്രചാരണം നടത്തുന്നുണ്ട്. എന്നാലും 'ഫാം ഹൗസ് മുഖ്യമന്ത്രി' എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് ശക്തിയേറുകയാണ്. എന്താണ് ഈ ഫാം ഹൗസ് മുഖ്യമന്ത്രി പ്രചാരണത്തിന് പിന്നിലെ കഥ?

വാസ്തു വിട്ടൊരു കളിയില്ല!

ഹൈദരാബാദില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ഫാം ഹൗസ്. തെലങ്കാന സംസ്ഥാന രൂപീകരണ ശേഷം, കൃത്യം ഒരുവര്‍ഷം കഴിഞ്ഞ് 2015ലാണ് കെസിആറിന്റെ ഫാം ഹൗസ് ദേശീയ വാര്‍ത്താ പ്രാധാന്യം നേടുന്നത്. ഈ ഫാം ഹൗസില്‍ കെസിആര്‍ അഞ്ചു ദിവസം നീണ്ടുനിന്നൊരു യാഗം നടത്തി. 'ആയുധ ഛണ്ഡി മഹാ യജ്ഞം' എന്നറിയപ്പെട്ട ഈ യാഗത്തില്‍ 1,500 പുരോഹിതരാണ് പങ്കെടുത്തത്. പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയില്‍ 'തടസങ്ങള്‍ ഒഴിവാക്കാനും സമൃദ്ധിയും സമാധാനവും കൊണ്ടുവരാനും' വേണ്ടിയാണ് യാഗം നടത്തിയത് എന്നായിരുന്നു കെസിആറിന്റെ ഭാഷ്യം. ഇന്ന് ഫാം ഹൗസ് മുഖ്യമന്ത്രിയെന്ന് തന്നെ പരിഹസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും ചടങ്ങിലേക്ക് കെസിആര്‍ ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ല. യാഗം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ, റാവുവിന്റെ വാസ്തുവിനോടുള്ള വിശ്വാസവും ഫാം ഹൗസും ചര്‍ച്ചയായി.

'രാശിയുള്ള' സ്ഥലമായാണ് കെസിആര്‍ ഈ ഫാം ഹൗസിനെ കണക്കാക്കി വരുന്നത്. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും, നോമിനേഷന്‍ കൊടുക്കാനുള്ള യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുത്തതും ഇതേ ഫാം ഹൗസ് തന്നെ. കാമറെഡ്ഡിയിലേക്കും ഗജ്‌വേലിലേക്കുമുള്ള നോമിനേഷന്‍ കൊടുക്കുന്നതിന് മുന്‍പ് ഫാം ഹൗസില്‍ യാഗം നടത്താനും കെസിആര്‍ മറന്നില്ല. തെലങ്കാനയുടേയും ബിആര്‍എസിന്റെയും 'നല്ല ഭാവിയ്ക്ക് വേണ്ടി' എന്നായിരുന്നു പുതിയ വിശദീകരണം. തെലങ്കാന, ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ നിന്നുള്ള 170 പുരോഹിതന്‍മാരാണ് ഈ യാഗത്തില്‍ പങ്കെടുത്തത്.

പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും ഫാം ഹൗസ്

ബിആര്‍എസ് സര്‍ക്കാരിന്റെ നിര്‍ണാക പദ്ധതികളെല്ലാം ഈ ഫാം ഹൗസില്‍ നിന്നോ, അല്ലെങ്കില്‍ ഫാം ഹൗസ് സന്ദര്‍ശിച്ചതിന് ശേഷമോ ആയിരുന്നു പ്രഖ്യാപിച്ചത്. നിയമസഭയിലല്ല, ഫാം ഹൗസില്‍ ഇരുന്നാണ് മുഖ്യമന്ത്രി ഭരിക്കുന്നത് എന്ന കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രചാരണത്തിന്റെ കാതല്‍ ഇതാണ്.

എപ്പോഴും ഫാം ഹൗസില്‍ കഴിയുന്ന മുഖ്യമന്ത്രി, സാധാരണക്കാര്‍ക്ക് അപ്രാപ്യനാണെന്നും സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ക്ക് പോലും ഈ ഫാം ഹൗസിലേക്ക് എത്തണമെങ്കില്‍ അനുവാദം വാങ്ങി കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ വിമര്‍ശനം ഉന്നയിക്കുന്നു. 'നിങ്ങള്‍ക്ക് ഫാം ഹൗസ് മുഖ്യമന്ത്രിയെ വേണോ, ജനങ്ങളുമായി ഇടപഴകുന്ന മുഖ്യമന്ത്രിയെ വേണോ' എന്നാണ് ബിജെപി തിരഞ്ഞെടുപ്പ് റാലികളില്‍ മോദിയുടെ ചോദ്യം. ഫാം ഹൗസില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന കെസിആര്‍, ജനങ്ങളുമായി ഇടപഴകാന്‍ മടിക്കുന്നയാളാണെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും തിരഞ്ഞെടുപ്പ് റാലികളില്‍ സ്ഥിരമായി കടന്നാക്രമണം നടത്തുന്നു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബിആര്‍എസ് ശ്രമിക്കുന്നുണ്ട്. കെസിആര്‍ ഫാം ഹൗസിലേക്ക് പോകുന്നത് അവധി ആഘോഷിക്കാനല്ല, ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാനാണ് എന്നാണ് ബിആര്‍എസ് ന്യായീകരണം. സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി ചന്ദ്രശേഖര്‍ റാവു ഇവിടെയിരുന്നാണ് വിലയിരുത്തുന്നത് എന്നാണ് ബിആര്‍എസ് നേതാക്കള്‍ പറയുന്നത്. പഴയ സെക്രട്ടേറിയറ്റില്‍ ഇരിക്കാതെ പ്രഗതി ഭവന്‍ എന്ന പേരില്‍ പുതിയ കെട്ടിടം നിര്‍മിച്ച് ഇവിടെയിരുന്നാണ് കെസിആര്‍ ഭരണ സംവിധാനങ്ങള്‍ ചലിപ്പിക്കുന്നത്. ഇത് വാസ്തുവിലുള്ള അന്ധമായ വിശ്വാസം കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016ലാണ് പ്രഗതി ഭവന്‍ നിര്‍മിച്ചത്. 2020ല്‍ പഴയ സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തി പുതിയത് നിര്‍മിച്ചതോടെ, പ്രതിപക്ഷത്തിന്റെ വിമര്‍ശനം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും