നാൽപത് ദിവസം നീണ്ടുനിന്ന പ്രചാരണ കോലാഹലും വോട്ടെടുപ്പും കഴിഞ്ഞതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് കർണാടകയിലെ രാഷ്ട്രീയ നേതാക്കൾ. ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം വരുന്നതിനിടയിൽ വീണുകിട്ടിയ രണ്ട് ദിവസങ്ങൾ ബന്ധുക്കൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചെലവഴിക്കുകയാണ് അവർ.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സ്വന്തം നാടായ ഹവേരി ജില്ലയിലെ ഷിഗാവിൽ തന്നെ തുടരുകയാണ്. മുഖ്യമന്ത്രി ആയതിന് ശേഷം മണ്ഡലത്തിന് കാണാൻ പോലും കിട്ടാത്ത ആളാണ് ബൊമ്മെ. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പോലും അധിക ദിവസം ഷിഗാവിൽ തങ്ങിയിട്ടില്ല. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ജന്മനാട്ടിലെ ക്ഷേത്രങ്ങളിലൊക്കെ കുടുംബത്തോടൊപ്പം ദർശനം നടത്തുകയാണ് മുഖ്യമന്ത്രി. ബിജെപിക്ക് തുടർഭരണം കിട്ടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
പ്രചാരണ ദിവസങ്ങളിൽ രാത്രി വൈകി ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ വോട്ടെടുപ്പ് ദിനമായ ഇന്നലെ രാത്രി നേരത്തെ ഉറങ്ങി. ജനവിധി കോൺഗ്രസിന് അനുകൂലമാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ കേട്ട് തെല്ല് ആശ്വാസത്തോടെയുള്ള ഉറക്കം. വ്യാഴാഴ്ച രാവിലെ ഡി കെ ശിവകുമാർ സഹോദരനും ലോക്സഭാംഗവുമായ ഡി കെ സുരേഷിനൊപ്പം കനക്പുരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. മണ്ഡലത്തിൽ ഏറ്റവും പേര് കേട്ട വാസു ഹോട്ടലാണ് ഇരുവരും പ്രഭാത ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുത്തത്.
കുറെ നാളുകൾക്ക് ശേഷം ഡി കെ സഹോദരന്മാരോ രാഷ്ട്രീയക്കാരുടെ മേലങ്കിയില്ലാതെ അടുത്ത് കിട്ടിയപ്പോൾ നാട്ടുകാരും ചുറ്റും കൂടി. ദോശയും ചട്ണിയും സാമ്പാറും കഴിച്ച് രാഷ്ട്രീയമൊക്കെ പറഞ്ഞ് ചിരിച്ചാണ് ഇരുവരും നാട്ടുകാരോടൊപ്പം സമയം ചെലവഴിച്ചത്.
വോട്ടെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനം വിട്ടിരിക്കുകയാണ് ജെഡിഎസ് നേതാവും ചന്നപട്ടണ സ്ഥാനാർഥിയുമായിരുന്ന എച്ച് ഡി കുമാരസ്വാമി. അദ്ദേഹം സിംഗപ്പൂരിലേക്ക് പോയെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. ഫലപ്രഖ്യാന ദിവസമായ ശനിയാഴ്ച കുമാരസ്വാമി ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കും. തിരഞ്ഞെടുപ്പ് ഫലം തൂക്കുസഭയെങ്കിൽ കുമാരസ്വാമിയും പാർട്ടിയും വീണ്ടും കിങ് മേക്കർ ആകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് ദേശീയ പാർട്ടികളിൽ ആർക്കാകും കുമാരസ്വാമിയെ സമീപിക്കേണ്ടി വരികയെന്നതും ശനിയാഴ്ചവരെ നീളുന്ന ആകാംക്ഷയാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച എക്സിറ്റ് പോളുകളിൽ മിക്കവയും ജെഡിഎസ് നില മെച്ചപ്പെടുത്തില്ലെന്ന സൂചനയാണ് നൽകിയത്.
ഇത്രയും നാളും ഊണും ഉറക്കവുമില്ലാതെ പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയ പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നന്ദി പറഞ്ഞു. "നിങ്ങൾ ഊണും ഉറക്കവും കുടുംബവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടു. വീടുകളിൽ ചെന്ന് രക്ഷിതാക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കുക. നമ്മുടെ തിരഞ്ഞെടുപ്പ് പോരാട്ടം വിജയം കാണാതെ പോകില്ല"- സിദ്ധരാമയ്യ ഫേസ്ബുക്കിൽ കുറിച്ചു.