ELECTION 2023

ബിൽ പാസായിട്ടും വനിതാ സംവരണത്തോട് താല്‍പ്പര്യമില്ല; ഫലം വന്ന അഞ്ച് നിയമസഭകളിലും പ്രാതിനിധ്യം കുറവ്

എന്തുകൊണ്ട് ദേശീയ പാർട്ടികൾ പോലും മിസോറാമിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നില്ല എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്

വെബ് ഡെസ്ക്

അഞ്ച് സംസ്ഥാന അസംബ്ലികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോൾ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാമാജികരില്‍ എത്ര വനിതകള്‍ ഉണ്ടെന്നത് മുന്‍കാലങ്ങളെക്കാള്‍ കൂടുതലായി ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. പാർലമെന്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യണം എന്ന നിയമം പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും എത്ര സ്ത്രീകളെ വിജയിപ്പിച്ച് സഭയിലെത്തിച്ച് എന്ന കണക്ക് അതുകൊണ്ടു തന്നെ പ്രധാനപ്പെട്ടതാണ്. സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ രാഷ്ട്രീയപ്പാർട്ടികൾക്കുള്ള ആത്മാർത്ഥത ഈ കണക്കുകളിൽ നിന്ന് മനസിലാക്കാനുമാകും.

ആദ്യം ഫലം പുറത്തുവന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ചത്തിസ്‌ഗഡിലും മധ്യപ്രദേശിലും മാത്രമാണ് ഭേദപ്പെട്ട നിലയിൽ സ്ത്രീപ്രാതിനിധ്യമുണ്ടായിട്ടുള്ളത്. വിജയിച്ച സ്ത്രീകളുടെ എണ്ണം ഏറ്റവും കുറവുള്ളത് രാജസ്ഥാനിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ സ്ത്രീപ്രതിനിധ്യമുള്ളത് ഛത്തിസ്ഗഡിലാണ്. അവിടെ വിജയിച്ചവരിൽ 21ശതമാനം പേരും സ്ത്രീകളാണ്. 2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ 13 സ്ത്രീകളായിരുന്നു ഛത്തിസ്ഗഡിൽ തിരഞ്ഞെടുക്കപ്പെട്ടത്. അത് ആകെ എംഎൽഎമാരുടെ 14 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ അത് 19 എംഎൽഎമാരായി ഉയർന്നു. തെലങ്കാനയിൽ നിലവിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ 10 ശതമാനം സ്ത്രീകളാണ്. 2018ൽ കേവലം ആറ് സ്ത്രീകൾ മാത്രമായിരുന്നു തെലങ്കാനയിലുണ്ടായിരുന്നത്.

രാജസ്ഥാൻ അസംബ്ലിയിലെത്തിയ സ്ത്രീകളുടെ എണ്ണം 2018ൽ 24 ആയിരുന്നു. അത് ഇത്തവണ 20 ആയി കുറഞ്ഞു. അതേസമയം രാജസ്ഥാൻ അസംബ്ലിയിലെ സ്ത്രീപ്രാതിനിധ്യം ഇതുവരെ 15 ശതമാനത്തിനു മേലേക്ക്‌എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടത് 2013ലാണ്. അന്ന് 30 സ്ത്രീകൾ സഭയിലെത്തി. എന്നാൽ 2018ൽ 21 സ്ത്രീകൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ 27 സ്ത്രീകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മിസോറാമിന്റെ അവസ്ഥ ഈ നാല് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വളരെ പരിതാപകരമാണ്. 1987 ൽ മിസോറാം എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ടതുമുതൽ കേവലം നാല് സ്ത്രീകൾ മാത്രമാണ് മിസോറാം അസംബ്ലിയിലെത്തിയിട്ടുള്ളത്. സാക്ഷരതയുടെ കാര്യത്തിൽ മിസോറാം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നുള്ള കാര്യംകൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. ഇത്തവണ മത്സരിച്ച 174 സ്ഥാനാർഥികളിൽ 16 പേർ മാത്രമാണ് സ്ത്രീകൾ. ബിജെപിയിൽ നിന്ന് മൂന്നുപേരും എംഎൻഎഫിൽ നിന്നും സെഡ്പിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും രണ്ടുപേരുമാണ് മത്സരിച്ചത്.

എന്തുകൊണ്ട് ദേശീയ പാർട്ടികൾ പോലും മിസോറാമിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നില്ല എന്നത് പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. 2018ലെ തിരഞ്ഞെടുപ്പിൽ ഒരു സ്ത്രീപോലും ജയിച്ചിട്ടില്ല. ഇപ്പോൾ കാലാവധി പൂർത്തിയാക്കുന്ന അസംബ്ലിയിലും ഒരു സ്ത്രീപോലുമില്ലെന്ന കാര്യവും ഓർക്കണം.

ഇതുപോലെത്തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് ജയിച്ചുവരുന്നവരുടെ പ്രായം. ചത്തിസ്‌ഗഡിലും തെലങ്കാനയിലും മധ്യപ്രദേശിലും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും പ്രായമായവരാണ്. യുവാക്കളുടെ എണ്ണം വളരെ കുറവാണെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഛത്തിസ്ഗഡിൽ 55 വയസിൽ കൂടുതലുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ടവരിൽ 41 ശതമാനം പേരും. 2008ൽ ഇത് 16 ശതമാനമായിരുന്നെങ്കിൽ 2013ൽ 29 ശതമാനവും 2018ൽ 40 ശതമാനവുമായിരുന്നു. മധ്യപ്രദേശിലാണെങ്കിൽ 50 ശതമാനം എംഎൽഎമാരും 55 വയസിനു മുകളിലുള്ളവരാണ്. ഇത് 2018ൽ 38 ശതമാനവും 2013ൽ 30 ശതമാനവുമായിരുന്നു.

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി