കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ ജി പ്രസാദ് (55) ആണ് കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ബിജെപിയുടെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. ഇന്നലെ വൈകുന്നേരമാണ് പ്രസാദ് എലിവിഷം കഴിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കൃഷി ആവശ്യത്തിന് വായ്പയ്ക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് തുക അനുവദിച്ചില്ല. ഇതോടെ തകര്‍ന്നു പോയ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്.
താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് പറഞ്ഞ് പ്രസാദ് പൊട്ടിക്കരയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശ്ശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും ഫോണ്‍ കോളില്‍ പ്രസാദ് പറയുന്നു.
'ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ... കുറേ ഏക്കറുകള്‍ നിലം ഞാന്‍ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് കാശ് തന്നില്ല. ഞാന്‍ തിരിച്ച് ലോണ്‍ ചോദിച്ചു. ലോണ്‍ ചോദിച്ചപ്പോള്‍ പിആര്‍എസ് കുടിശ്ശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ... ഞാന്‍ പരാജയപ്പെട്ടുപ്പോയി സഹോദരാ... എന്റെ ജീവിതവും പരാജയപ്പെട്ടുപോയി...
സഹോദരാ നിങ്ങള്‍ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം....എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല.
5 ലക്ഷം രൂപയാണ് എന്റെ പേരില്‍ സിബില്‍ കാണിക്കുന്നത്. കാരണം ഞാന്‍ നെല്ല് അങ്ങോട്ട് കൊടുത്തു. അവരെനിക്ക് 5 ലക്ഷം രൂപ ലോണായിട്ടാ തന്നത്. ഞാനിപ്പോള്‍ സര്‍ക്കാരിന് കടക്കാരനാ. നെല്ലിന്റെ പൈസ ലോണായിട്ടാ എനിക്ക് കിട്ടിയത്. സര്‍ക്കാരത് തിരിച്ചടിച്ചിട്ടില്ല. സര്‍ക്കാര് അത് ബാങ്കുകാര്‍ക്ക് കൊടുത്താലേ എന്റെ ലോണ്‍ തീരുകയുള്ളൂ. അല്ലാതെ അവരെനിക്ക് വേറെ ലോണ്‍ തരില്ല. എനിക്കിപ്പോ ആരും പണം തരില്ല. ഞാന്‍ പരാജയപ്പെട്ടവനാ...' എന്നാണ് പ്രസാദ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മന്ത്രി
അതേസമയം, സംഭവത്തില്‍ പ്രതികരിക്കാതെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഒഴിഞ്ഞുമാറി. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിആര്‍എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. കര്‍ഷകന് മറ്റ് വായ്പകള്‍ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് നിശ്ചയിച്ചിട്ടില്ല. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്‌സിഡി സാധനങ്ങള്‍ക്ക് നിലവില്‍ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി വിശദമാക്കി. തിരുവല്ലയിലെത്തി കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.