INDIA

മണിപ്പൂരില്‍ ഇന്റർനെറ്റ് വിലക്കിയിട്ട് 100 ദിനങ്ങൾ; പൗരന്മാരുടെ വായ മൂടി കെട്ടുന്നുവെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ

കഴിഞ്ഞ മാസം 25ന് ഭാഗികമായി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മണിപ്പൂരിലെ ഭൂരിഭാഗം ജനതയ്ക്കും അതിന്റെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല

വെബ് ഡെസ്ക്

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ട് 100 ദിവസം പിന്നിട്ടു. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചിട്ട് നൂറ് ദിനങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജൂലൈ 25ന് ഭാഗികമായി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മണിപ്പൂരിലെ ഭൂരിഭാഗം ജനതയ്ക്കും അതിന്റെ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ഹൈക്കോടതി വിധി കൊണ്ട് ഗുണമുണ്ടായതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർക്ക് മാത്രമായിരുന്നു ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായെങ്കിലും ലഭ്യമായത്. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമേ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നുള്ളൂ എന്നിരിക്കെയായിരുന്നു ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് എത്രകാലത്തേക്കാണെന്നതും കോടതി വ്യക്തമാക്കിയിരുന്നില്ല. ഇത് 2020ൽ ഭേദഗതി ചെയ്ത ടെലികോം സസ്പെൻഷൻ, 2017 ലെ ചട്ടം 2(2A)ന്റെ ലംഘനമാണെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ (ഐഎഫ്എഫ്) ഓഗസ്റ്റ് 11ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വ്യക്തി സ്വാതന്ത്രങ്ങളുടെ ലംഘനത്തിന് പുറമെ മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളുടെ നിജസ്ഥിതി പുറത്തറിയുന്നതിനെയും നിരോധനം തടസപ്പെടുത്തുന്നു
ഐഎഫ്എഫ്

ഇൻറർനെറ്റ് സേവനങ്ങളിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് താത്കാലികമായിരിക്കണമെന്ന് അനുരാധ ഭാസിൻ vs യൂണിയൻ ഓഫ് ഇന്ത്യയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ മണിപ്പൂരിൽ ഈ വിധികളെയെല്ലാം അട്ടിമറിച്ചതായി ഐഎഫ്എഫ് പറയുന്നു. വിധിയെ തുടർന്ന് വരുത്തിയ ഭേദഗതിയിൽ റൂൾ 2(2A) പ്രകാരം ഇന്റർനെറ്റ് നിരോധനങ്ങൾ പതിനഞ്ച് ദിവസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

മണിപ്പൂരിലെ പൗരന്മാർക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ഐ എഫ് എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്റർനെറ്റിന്റെ നിരോധനത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ വഴിയൊരുക്കുന്നു. കേൾക്കുന്ന കാര്യങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് ബോധ്യപ്പെടാനുള്ള വഴികളും ഇന്റർനെറ്റ് നിരോധനത്തിലൂയോടെ അടച്ചുകളയുകയാണ്. ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിച്ചെങ്കിലും മൊബൈൽ ഡേറ്റ സേവനങ്ങൾക്ക് അനുമതി കൊടുത്തിരുന്നില്ല. ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് പോലും സമൂഹമാധ്യമ വെബ്‌സൈറ്റുകൾ ഉപയോഗിക്കാൻ കഴിയില്ല. മണിപ്പൂരിലെ ഭൂരിഭാഗം നിവാസികളും ഇന്റർനെറ്റ് ഇല്ലാതെയാണ് കഴിയുന്നത്. അനുരാധ ഭാസിൻ vs യൂണിയൻ ഓഫ് ഇന്ത്യ എന്നതിൽ പ്രതിപാദിച്ചിരിക്കുന്ന ആനുപാതികത സിദ്ധാന്തം അനുസരിച്ച് മണിപ്പൂരിലെ നിലവിലെ നിബന്ധനകൾ ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടിയായി പോലും കണക്കാക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

വ്യക്തി സ്വാതന്ത്രങ്ങളുടെ ലംഘനത്തിന് പുറമെ മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളുടെ നിജസ്ഥിതി പുറത്തറിയുന്നതിനെയും നിരോധനം തടസ്സപ്പെടുത്തുന്നു. ഇവ കൂടുതൽ ബാധിച്ചിരിക്കുന്നത് പാർശ്വവത്കൃത വിഭാഗങ്ങളെയാണ്. അവർ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും വിളിച്ചുപറയുന്നതിൽ അവരുടെ വായ മൂടി കെട്ടുകയാണ് ഇന്റർനെറ്റ് വിലക്കിലൂടെ ചെയ്യുന്നതെന്നും ഐഎഫ്എഫ് കുറ്റപ്പെടുത്തുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ