ലൈംഗികാതിക്രമ പരാതികളുമായി ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനുകീഴിലുള്ള രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സ് കോളേജിലെ നൂറിലധികം വിദ്യാർത്ഥികൾ. പൂർവ വിദ്യാർത്ഥിയുടെ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനെതിരെ ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. വിദ്യാർഥികൾ രണ്ട് ദിവസമായി കോളേജിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രേവതി രാമചന്ദ്രൻ, നൃത്തവിഭാഗം മേധാവി ഡോ. ജ്യോത്സന മേനോൻ എന്നിവരിൽനിന്ന് ബോഡി ഷെയ്മിങ്, ജാതിപരമായ പരാമർശങ്ങൾ, മറ്റ് അധിക്ഷേപണങ്ങളും നേരിടുന്നുണ്ടെന്നും കത്തിൽ പറയുന്നു
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെയോ ആംഗ്യങ്ങളുടെയോ പ്രവൃത്തികളുടെയോ ഉപയോഗം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഹരി പത്മനെതിരെ കേസെടുത്തിരിക്കുന്നത്. നഗരത്തിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.
അധ്യാപകൻ സമൂഹമാധ്യമങ്ങളിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങളും കമന്റുകളും അയച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ അധ്യാപകൻ തന്നെ ഉപദ്രവിച്ചിരുന്നെന്നും അയാൾ കാരണം പഠനം നിർത്തേണ്ടി വന്നെന്നും യുവതി പരാതിയിൽ ആരോപിച്ചു. സ്ഥാപനം വിട്ട ശേഷവും അധ്യാപകൻ യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ലൈംഗികാതിക്രമ പരാതികളിൽ ഏതാനും അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് രണ്ടു ദിവസമായി വിദ്യാർഥികൾ ക്യാമ്പസിൽ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. തമിഴ്‌നാട് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എ എസ് കുമാരി ക്യാമ്പസ് സന്ദർശിച്ചതോടെയാണ് വിദ്യാർഥികൾ സമരം അവസാനിപ്പിക്കാൻ തയ്യാറായത്. കോളേജിലെ നൂറിലധികം വിദ്യാർഥികൾ കുമാരിക്ക് രേഖാമൂലം പരാതി നൽകി. 2008 മുതലുള്ള പരാതികൾ ലഭിച്ചതായും നടപടി സ്വീകരിക്കുമെന്നും കുമാരി പറഞ്ഞു.
നാല് അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേന്ദ്ര സാംസ്കാരിക മന്ത്രിക്കും വിദ്യാർഥികൾ കത്തയച്ചിട്ടുണ്ട്. കോളേജ് യൂണിയൻ തയ്യാറാക്കിയ കത്തിൽ പ്രൊഫസർ ഹരി പത്മൻ, റിപ്പർട്ടറി ആർട്ടിസ്റ്റുകളായ സഞ്ജിത് ലാൽ, സായ് കൃഷ്ണൻ, ശ്രീനാഥ് എന്നിവരിൽനിന്ന് വിദ്യാർത്ഥികൾ ലൈംഗികവും വാക്കാലുള്ളതുമായ അധിക്ഷേപവും പീഡനവും നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രേവതി രാമചന്ദ്രൻ, നൃത്തവിഭാഗം മേധാവി ഡോ. ജ്യോത്സന മേനോൻ എന്നിവരിൽനിന്ന് ബോഡി ഷെയ്മിങ്ങും ജാതിപരമായ അവഹേളനങ്ങളും മറ്റധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്നും കത്തിൽ പറയുന്നു
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.