വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ നിന്നും പലായനം ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്. പലായനം ചെയ്ത 12,000 കുട്ടികളിൽ 100 പേരുടെയും മാനസികനില വളരെ മോശമാണെന്നും കൗൺസിലിങ് ആവശ്യമായ സാഹചര്യത്തിലാണുള്ളതെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത 50,000 പേരിൽ 12,694 പേരും കുട്ടികളാണ്.
സാമൂഹ്യക്ഷേമ വകുപ്പിന്റെ മെഡിക്കൽ പ്രാക്ടീഷണർമാരുടെയും ചൈൽഡ് സൈക്യാട്രിസ്റ്റുകളുടെയും ടീം ഗുരുതരമായ ആഘാതമേറ്റ കുട്ടികൾക്ക് പ്രൊഫഷണൽ കൗൺസിലിങ് നൽകുന്നുണ്ട്. “ഗുരുതരമായ ആഘാതമേറ്റ കുട്ടികളെ കണ്ടെത്തിയാൽ അവരെ പ്രൊഫഷണൽ കൗൺസിലർമാരുടെ അടുത്തേക്കയയ്ക്കും.100ലധികം കുട്ടികളെയാണ് ഇങ്ങനെ അയച്ചിരിക്കുന്നത്. ഇനി കൂടുതൽ കുട്ടികൾക്ക് ഈ അവസ്ഥയുണ്ടാകില്ലെന്നും മാനസികാഘാതമുണ്ടായ കുട്ടികൾക്ക് വളരെ വേഗം സാധാരണ നിലയിലേക്ക് മടങ്ങാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു, ” സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടർ എൻജി ഉദ്ധം സിങ് ഹിന്ദുസ്താൻ ടൈംസിനോട് പറഞ്ഞു. ക്യാമ്പിലെത്തുന്ന കുട്ടികൾക്ക് ഒരാഴ്‌ചയോ ഒരു മാസമോ കഴിഞ്ഞാലും ഈ അവസ്ഥ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂർ സന്ദർശിച്ച യുനിസെഫ് സംഘം ശിശുസൗഹൃദ ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ നൽകി
പലായനം ചെയ്ത കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി എല്ലാ ജില്ലയിലും ജില്ലാ ശിശു സംരക്ഷണ ഓഫീസുകൾ വഴി കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. കൗൺസിലിങ് നൽകുന്നതിനും പ്രൊഫഷണൽ കൗൺസിലിങ് ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും അവർ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നുണ്ടെന്നും ഉത്തം സിങ് പറഞ്ഞു. മണിപ്പൂർ സന്ദർശിച്ച യുനിസെഫ് സംഘം ശിശുസൗഹൃദ ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖയും നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ശിശുപരിപാലനത്തിലെ അപാകതകൾ ഒഴിവാക്കാൻ എല്ലാ ആഴ്ചയും ചീഫ് സെക്രട്ടറി തലത്തിൽ അവലോകന യോഗങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളെ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും അത്തരം കുട്ടികളെ ഇംഫാലിലെ ജെഎൻഐഎംഎസ് ആശുപത്രിയിലേക്ക് അയയ്‌ക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇതുവരെ 16 കുട്ടികൾ പോഷകാഹാരക്കുറവ് കാരണം ചികിത്സ തേടിയിട്ടുണ്ട്. മണിപ്പൂർ ചീഫ് സെക്രട്ടറി ഡോ.വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അവിടെയുള്ള കുട്ടികളുടെ അവസ്ഥകൾ അവലോകനം ചെയ്യുന്നുണ്ട്.
മെയ് ആദ്യവാരം മുതൽ മണിപ്പൂർ സാക്ഷ്യം വഹിക്കുന്ന വംശീയ സംഘർഷത്തിൽ 150ലധികം ആളുകൾ കൊല്ലപ്പെടുകയും 50,000 ത്തോളം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.