മണിപ്പൂർ കഴിഞ്ഞ മൂന്ന് മാസമായി വംശീയ കലാപത്തിന്റെ തീയിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് സംസ്ഥാനത്ത് നിന്ന് ഇതിനോടകം പലായനം ചെയ്തത്. അതിനിടെ, മണിപ്പൂരില്‍ വംശീയ കലാപത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. രോഷാകുലരായ ജനക്കൂട്ടം പ്രതികാരം ചെയ്യാൻ സ്ത്രീകളുടെ ശരീരം ഉപയോഗിച്ചുവെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച 11 എഫ്‌ഐആറുകളിൽ നിന്ന് വ്യക്തമാക്കുന്നത്.
അഞ്ച് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, നാലുപേരെ കൊലപ്പെടുത്തുകയും പത്തോളം സ്ത്രീകളെ അപമാനിക്കുകയും ചെയ്തതായി എഫ്‌ഐആറുകളില്‍ പറയുന്നു. സ്ത്രീകൾക്ക് എതിരെ സംസ്ഥാനത്ത് ഉണ്ടായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതിയിൽ സമർപ്പിച്ച സംസ്ഥാന സർക്കാരിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
സ്ത്രീകള്‍ക്ക് നേരെയുണ്ടായ ഭൂരിഭാഗം അതിക്രമങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. മെയ് 4 ന് ഇംഫാല്‍ ഈസ്റ്റില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും 18 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മറ്റൊരു കേസിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മെയ് 15ന് ഇംഫാല്‍ ഈസ്റ്റില്‍ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയതായും കുന്നിനുമുകളില്‍ വച്ച് നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായും യുവതി കാങ്‌പോക്പി പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടതായും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. അവിടെനിന്ന് രക്ഷപെട്ട യുവതിയെ പിന്നീട് കൊഹിമ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ ഇരുപതോളം സാക്ഷികളെ വിസ്തരിച്ചു. എന്നാൽ ഇതുവരെ സംഭവം നടന്ന സ്ഥലം കണ്ടെത്താനായിട്ടില്ലെന്നും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മണിപ്പൂർ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കുകയും ചെയ്ത കേസ് സിബിഐക്ക് കൈമാറിയതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ഈ കേസിൽ മാത്രമാണ്
ഇംഫാല്‍ ഈസ്റ്റിലെ കാര്‍ വാഷില്‍ ജോലിചെയ്തിരുന്ന രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സമ്മതിക്കുമ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 21, 24 വയസുള്ള പെൺകുട്ടികൾ മെയ് 4 ന് ക്രൂരമായി ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഒന്നിലധികം മുറിവുകളും കുത്തേറ്റ മുറിവുകളും മൂലമാണ് ഇരുവരും മരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാർ വാഷിൽ ഇരകൾക്കൊപ്പം ജോലി ചെയ്ത മറ്റ് 14 ജീവനക്കാരിൽ മൂന്ന് പേരുടെ വിവരങ്ങൾ മാത്രമാണ് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കുകയും ചെയ്ത കേസ് സിബിഐക്ക് കൈമാറിയതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ഈ കേസിൽ മാത്രമാണ്. വീഡിയോ വൈറലായതിന് ശേഷം, ജൂലൈ 24 ന് പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തോളം സ്ത്രീകൾക്ക് നേരെയുണ്ടായ മറ്റൊരു അതിക്രമങ്ങളിലും അറസ്റ്റ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് ഒന്നിന് റിപ്പോർട്ടുകൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, സംസ്ഥാനത്തിന്റെ അന്വേഷണം അലസവും മന്ദഗതിയിലുള്ളതുമാണെന്ന് വിമർശിച്ചു. സംഭവത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിനെ വിളിച്ചുവരുത്തുകയും ചെയ്തു. സംസ്ഥാന പോലീസിന് അന്വേഷണത്തിൽ കഴിവില്ല. ക്രമസമാധാന നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടുവെന്ന് വ്യക്തമാണ്. അതിക്രമങ്ങൾ നടന്ന് രണ്ട് മാസമായിട്ടും പല കേസുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനോ, അറസ്റ്റ് രേഖപ്പെടുത്താനോ പോലും തയാറായിട്ടില്ല. ഇത് ഭരണഘടനയുടെ ലംഘനമാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.