INDIA

ലക്ഷദ്വീപില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിക്ക് 1.15 കോടി നഷ്ടപരിഹാരം; 90 ദിവസത്തിനകം നൽകാൻ ഉത്തരവ്

നിയമകാര്യ ലേഖിക

ലക്ഷദ്വീപിൽ വാഹനാപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കവരത്തി വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍. കവരത്തി കുന്നാങ്കലം ഫാറുഖിന്റെയും നാദിറാ ബാനുവിന്റെയും മകൻ മുഹമ്മദ്‌ അലി അഷ്ഫാക്കിനാണ് നഷ്ടപരിഹാര തുകയായി 1.15 കോടി രൂപ വിധിച്ചത്. 90 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകാനാണ് നിർദേശം. ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും തുക കോടതി നഷ്ടപരിഹാരമായി വിധിക്കുന്നത്. ഡയറക്ടർ ജനറൽ അഡ്മിനിസ്ട്രേഷൻ & പ്രോട്ടോകോൾ ഡിപ്പാർട്മെന്റാണ് 90 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകേണ്ടത്.

2016ല്‍ നടന്ന അപകടത്തില്‍ മുഹമ്മദ്‌ അലി അഷ്ഫാക്കിന് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കിടപ്പിലാവുകയും ചെയ്തു

കവരത്തി മോട്ടോർ ആക്‌സിഡന്റ് ട്രിബ്യുണലിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ ബോർഡ്‌ നടത്തിയ പരിശോധനയിൽ കുട്ടിക്ക് വൈകല്യം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കവരത്തി വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂൽ ജഡ്ജി കെ അനിൽ കുമാറാണ് വിധി പറഞ്ഞത്. 2016ലാണ് അപകടം സംഭവിക്കുന്നത്. ആറ് വസയുള്ളപ്പോൾ വാഹനാപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ്‌ അലി അഷ്ഫാക്ക് ഇപ്പോള്‍ കിടപ്പിലാണ്. സുഹൃത്തുക്കളുമായി സൈക്കിളിൽ പോകുകയായിരുന്ന അഷ്ഫാക്കിനെ പ്രോട്ടോകോൾ വകുപ്പിന്റെ മിനി ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റ അഷ്ഫാകിനെ കവരത്തി ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇതുവരെ 30 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് വേണ്ടി ചെലവായെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയുടെ ചികിത്സ മുൻപോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണ് കുടുംബമെന്നും ഇവർ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

അശ്രദ്ധമായി വണ്ടി ഓടിച്ചതിന് ഡ്രൈവർ ആന്ത്രോത്ത് കോടതിയിൽ കുറ്റം സമ്മതിച്ച് പിഴ അടച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷന്റെ കീഴിലുള്ള വണ്ടികൾ ഇൻഷുറൻസ് ചെയ്യേണ്ടതിനുള്ള നടപടികൾ സുപ്രീംകോടതി നിർദേശമനുസരിച്ച് നടപ്പാക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. ദ്വീപുകളിൽ വാഹനാപകടം ഉണ്ടായാൽ ഒരു ദിവസത്തിനുള്ളിൽ അപകടം റിപ്പോർട്ട്‌ ചെയ്യാൻ പോലീസിനും നിർദേശമുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും