ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ 12 പേർ കസ്റ്റഡിയിൽ. എം ഐ ഹെലികോപ്റ്റർ, ഡ്രോണുകൾ, സ്നിഫർ നായ്ക്കൾ എന്നിവയുടെ സഹായത്തോടെ വനമേഖലയിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് ആക്രമികളെന്ന് സംശയിക്കുന്നവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ സുരക്ഷാ സേന ചോദ്യം ചെയ്തുവരികയാണ്.
ആക്രമത്തിൽ അഞ്ചോളം ഭീകരർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും, മൂന്ന് വ്യത്യസ്ത ദിശകളിൽ നിന്നായി സൈനിക ട്രക്കിന് നേരെ ആക്രമണം നടന്നിരിക്കാനാണ് സാധ്യതയെന്നുമാണ് പ്രാഥമിക നിഗമനം. പതിയിരുന്നുള്ള ആക്രമണത്തിന് ശേഷം ഭീകരർ ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് സൈനിക വാഹനം തകർക്കുകയായിരുന്നു. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകളാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ ഒരു വർഷത്തിലേറെയായി രജൗരിയിലും പൂഞ്ചിലും അക്രമകാരികൾ ഉണ്ടായിരുന്നുവെന്ന് കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. നിരോധിത സംഘടനയായ ലഷ്‌ക്കർ ഇ തൊയ്ബയാണ് ആക്രണമണത്തിന് പിന്നിലെന്നും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്. ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, അഡീഷണൽ ഡയറക്ടർ പോലീസ് ജനറൽ മുകേഷ് സിംഗ് എന്നിവർ അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചിരുന്നു.
ദേശീയപാതയിൽ ഭീംബർ ഗലിക്കും ജറൻ വാലി ഗലിക്കും ഇടയിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹന ഗതാഗതം തടസപ്പെട്ടു. നിബിഡ വനങ്ങൾ കൊണ്ട് നിറഞ്ഞ ടോട്ട-ഗാലി-ബട്ട ഡോറിയ പ്രദേശങ്ങളിൽ മുഴുവൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകളും സ്‌നിഫർ ഡോഗുകളും എം ഐ ഹെലികോപ്ടറുകളും ഉപയോഗിച്ച് സൈന്യം പ്രദേശത്ത് പരിശോധന തുടരുകയാണ്.
വ്യാഴാഴ്ചയാണ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ സൈനികരുടെ ജന്മനാട്ടിലേക്ക് അയച്ചു. സംസ്കാരം ഇന്ന് നടക്കും.