INDIA

രാജ്യദ്രോഹം: 124 എ വകുപ്പ് നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മിഷന്‍ ശുപാർശ

നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും 22-ാമത് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു

വെബ് ഡെസ്ക്

രാജ്യദ്യോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മിഷന്‍ ശുപാര്‍ശ. നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും 22-ാമത് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

കൊളോണിയല്‍ ഭരണകാലത്തെ നിയമമെന്ന നിലയിലല്ല 124 എ വകുപ്പ് ഭേദഗതി ചെയ്യേണ്ടത്. നിയമത്തിന്റെ ദുരുപയോഗം തടയേണ്ടതുണ്ട്. ഇതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. 1973 ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 196(3), 154 എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താം. ഈ സാഹചര്യം ഐപിസി 124 എ വകുപ്പ് പ്രകാരമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കുറ്റാരോപിതര്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കാന്‍ അവസരം ഉണ്ടാക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഋതു രാജ് അവസ്തി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

'നിയമപ്രകാരം സ്ഥാപിക്കപ്പെട്ട' സര്‍ക്കാരിനെതിരെ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമര്‍ശത്തെയും ചിഹ്നങ്ങളെയും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കില്‍ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിലെ നിര്‍ദേശങ്ങള്‍. കഴിഞ്ഞ വര്‍ഷം മേയില്‍ വകുപ്പിന്റെ പുനഃപരിശോധനയില്‍ തീരുമാനമാകുംവരെ 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കോടതി തടഞ്ഞിരുന്നു.

124എ നിലനിര്‍ത്തണോ വേണ്ടയോ എന്നതില്‍ ബന്ധപ്പെട്ട സമിതികള്‍ തീരുമാനമെടുക്കുംവരെ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ ഈ വകുപ്പ് ചുമത്തി കേസെടുക്കരുതെന്നായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

രാജ്യം കൊളോണിയല്‍ ഭരണത്തിന് കീഴിലായിരുന്ന കാലത്താണ് ഈ വകുപ്പ് നിലവില്‍ വന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അത് പുനഃപരിശോധിക്കണമെന്നും അത് പൂര്‍ത്തിയാകുംവരെ 124എ വകുപ്പ് പ്രയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നുമായിരുന്നു സുപ്രീംകോടതി ഇടക്കാല ഉത്തരവിലെ പരാമര്‍ശം.

എതിര്‍ശബ്ദങ്ങളുടെ നാവരിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെ ആയിരുന്നു കോടതിയില്‍നിന്ന് ഇത്തരമൊരു ഉത്തരവ് പുറത്തുവന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം