ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും ജയിൽമോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നടപടിയിൽ പ്രതിഷേധിച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഗുജറാത്ത് സര്‍ക്കാറിന്റെ ഈ തീരുമാനം റദ്ദാക്കാനും കുറ്റവാളികളെ തിരിച്ച് ജയിലിലേക്കയക്കണമെന്നുമാണ് കത്തിലെ ആവശ്യം . 134 പേരാണ് തുറന്ന കത്തെഴുതിയത്.
പ്രതികളെ വിട്ടയക്കാനുള്ള നടപടിയിൽ രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും പ്രതിഷേധമുണ്ടെന്നും തീരുമാനം തിരുത്തി 11 പേരെയും തിരിച്ച് ജയിലിലേക്കയക്കണമെന്നും കത്തിലൂടെ ഇവർ ആവശ്യപ്പെടുന്നു. ബിൽക്കിസ് ബാനുവിന് മാത്രമല്ല സ്ത്രീകളുടെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ പ്പെട്ട സ്ത്രീകളുടെ സുരക്ഷയെ തന്നെ ബാധിക്കുന്താണ് വിധിയെന്ന് കത്ത് ചൂണ്ടുക്കാട്ടുന്നു.
ബല്‍ക്കീസ് ബാനു കേസ് കൂട്ട ബലാല്‍സംഗകേസില്‍ ശിക്ഷിക്കപ്പെട്ട 11പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ഇളവു നല്‍കി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍,റിട്ട. പ്രൊഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വര്‍മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിയെ ചോദ്യംചെയ്ത് ഹർജി നല്‍കിയത്. തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കേസ് രണ്ടാഴ്ചയ്ക്കകം പരിഗണിക്കെയാണ് നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ ഉദ്യോഗസ്ഥർ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
ഇത്തരത്തിലൊരു തീരുമാനം തെറ്റാണന്നും സുപ്രീം കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും കത്തില്‍ പറയുന്നു. ഈ പ്രതികളെ വിട്ടയച്ചതോടെ സ്ത്രീകളുടെ പ്രത്യേകിച്ച ന്യനപക്ഷ വിഭാഗത്തിലെ സ്ത്രീകളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്കത്തില് പറയുന്നു
2002 ലാണ് അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെയും കുടുംബത്തേയും കലാപകാരികള്‍ ആക്രമിക്കുന്നത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു സംഭവം. ഗുജറാത്തിലെ ചാപ്പവാര്‍ഡ് എന്ന ഗ്രാമത്തിലാണ് ബില്‍ക്കിസ് ബാനുവും അമ്മയുമുള്‍പ്പെടെ അഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത്. ബില്‍ക്കിസ് ബാനുവിന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം അന്ന് കൊല്ലപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ സുപ്രീംകോടതി കേസന്വേഷണം സി ബിഐക്ക് നല്‍കി. തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കേസ് മാറ്റി. 2008 ല്‍ ബോംബെ സി ബി ഐ കോടതിയാണ് 11 പ്രതികള്‍ക്കും ജീവ പര്യന്തം ശിക്ഷ വിധിക്കുന്നത്. ഗുജറാത്തിലെ ഗോദ്ര ജയിലിലാണ് പ്രതികള്‍ ശിക്ഷ അനുഭവിച്ചത്. 15 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാക്കണമെന്ന ആവശ്യവുമായി പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചു.
ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാന പ്രകാരം ആഗസ്റ്റ് 15 നാണ് 11 പ്രതികളെയും ജയിൽ മോചിതരാക്കിയത്. പ്രതികളെ ആഘോഷത്തോടെയായിരുന്നു സ്വീകരിച്ചത്. മോചനവും ആഘോൽമായുള്ള സ്വീകരണവും രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.