INDIA

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

കനത്ത മഴയിലും പൊടിക്കാറ്റിലും മുംബൈയിൽ 14 മരണം. മുംബൈ ഘാട്ട്കോപർ മേഖലയിലെ പെട്രോൾ പമ്പിനു സമീപം സ്ഥാപിച്ചിരുന്ന പരസ്യബോർഡ് തകർന്നുവീണാണ് മരണം. തിങ്കളാഴ്ച നടന്ന അപകടത്തിൽ 70 പേർക്ക് പരുക്കേറ്റു. ശക്തമായ പൊടിക്കാറ്റും കനത്ത മഴയും നഗരത്തിൽ നാശം വിതച്ചതിനു പിന്നാലെയായിരുന്നു സംഭവം.

പന്ത്നഗറിലെ ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിലെ പോലീസ് ഗ്രൗണ്ട് ഇന്ധന സ്റ്റേഷനിലായിരുന്നു പരസ്യബോർഡ് സ്ഥാപിച്ചിരുന്നത്. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബോർഡാണ് അപകടത്തിനിടയാക്കിയത്. സംഭവമുണ്ടായി മണിക്കൂറുകൾക്ക് ശേഷം, സ്ഥാപനത്തിന്റെ ഉടമ ഭവേഷ് ഭിന്ദേയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു.

ഐപിസി 304 (നരഹത്യ), 338 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ പരുക്കേൽപ്പിക്കുക), 337 (അശ്രദ്ധമായി പ്രവർത്തിച്ച് മറ്റൊരാൾക്ക് പരുക്കേൽപ്പിക്കുക) എന്നീ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

88 പേർ അപകടത്തിൽ പെട്ടതായാണ് സൂചന. ആളുകളെ രക്ഷപെടുത്തുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അപകടത്തിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സയും സർക്കാർ ഏറ്റെടുക്കും. മുംബൈയിലെ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഇത്തരം പരസ്യബോർഡുകൾ പരിശോധിക്കാനുള്ള നിർദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

ആളുകളെ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും.

മുംബൈയിലെ ഇത്തരം ഹോർഡിങ്ങുകളെല്ലാം പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഷിൻഡെ പറഞ്ഞു. അതേസമയം, അപകടത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു

ദേശീയ ദുരന്ത നിവാരണ സേനാ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പരമാവധി 40x40 ചതുരശ്ര അടി വലുപ്പമുള്ള പരസ്യബോർഡുകൾ സ്ഥാപിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ 120x120 ചതുരശ്ര അടി വലുപ്പമായിരുന്നു തകർന്നുവീണ ബോർഡിനുണ്ടായിരുന്നത്. ബോർഡ് സ്ഥാപിച്ച ഏജൻസിക്കെതിരെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ മുംബൈയുടെ പല മേഖലകളിലും സമാനമായ സംഭവങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മോശം കാലാവസ്ഥ കാരണം മുംബൈയിൽ വിമാന സർവീസുകൾ വരെ നിർത്തിവച്ചിരുന്നു. ഒരു മണിക്കൂറോളമാണ് മുംബൈ വിമാനത്താവളത്തിന്റെ സേവനങ്ങൾ അവസാനിപ്പിച്ചത്. പതിനഞ്ചോളം വിമാനങ്ങളും വഴിതിരിച്ചുവിട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും