ബെംഗളൂരു നഗരത്തിൽ പാർക്കിങ്ങിൽ ഏരിയയിൽ ബി എം ഡബ്ല്യു കാറിന്റെ ചില്ല് തകർത്ത് വൻ കവർച്ച. വാഹന ഉടമ കാറിനകത്ത് സൂക്ഷിച്ച 14 ലക്ഷം രൂപയാണ് മോഷ്ടാക്കൾ പട്ടാപ്പകൽ കാറിൽനിന്ന് കവർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മോഷണത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.
പാർക്കിങ് ഭാഗത്തിന് സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിരിക്കുകയാണ് വാഹന ഉടമ മോഹൻ ബാബു. എന്നാൽ മോഷ്ടാക്കളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ബി എം ഡബ്ള്യു എക്സ് 5 വേരിയന്റ് കാറിലാണ് മോഷണം. ഡ്രൈവർ സീറ്റിൻ്റെ ഭാഗത്തെ ചില്ലുകൾ തകർത്ത് അകത്തേക്ക് നുഴഞ്ഞുകയറിയാണ് മോഷ്‌ടാക്കളിൽ ഒരാൾ പണം കൈവശപ്പെടുത്തിയത്. പ്രത്യേകം തയാറാക്കിയ ആയുധം കൊണ്ടാണ് കാറിന്റെ ചില്ലു തകർത്തതെന്നാണ് പോലീസ് കരുതുന്നത്.
നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം 30 സെക്കൻഡുകൾ കൊണ്ടാണ് യുവാവ് പണം കൈക്കലാക്കുന്നത്. ഒരാൾ കാറിനു സമീപം ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തി പരിസരം നിരീക്ഷിക്കുന്നതും മറ്റൊരു യുവാവ് ആയുധവുമായി പോയി ചില്ല് തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുവരും തൂവാല കൊണ്ട് മുഖം മറച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മോഹൻ ബാബു സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. മുമ്പും വാഹനത്തിൽ പണം സൂക്ഷിച്ചിരുന്നെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുനിന്ന് കാണാവുന്ന തരത്തിലല്ല വാഹനത്തിനുള്ളിൽ പണം വച്ചിരുന്നത്. പണം വാഹനത്തിലുണ്ടെന്ന് അറിയാവുന്ന ആളുകളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത് . മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.