കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. കേന്ദ്ര ഏജൻസികൾ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ചും ഏജൻസികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നു.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന എന്നിവയുൾപ്പെടെ 14 രാഷ്ട്രീയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഏകപക്ഷീയമായി ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന എന്നിവയുൾപ്പെടെയുള്ള പാർട്ടികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുന്‍പാകെ ഹർജി സമർപ്പിച്ചത്. ഡിഎംകെ, ആർജെഡി, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), എഐടിസി, എൻസിപി, ജാർഖണ്ഡ് മുക്തി മോർച്ച, ജെഡിയു, സിപിഎം, സിപിഐ, സമാജ് വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഹർജി ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി പരിഗണിക്കും.