ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 15 വയസുകാരി തൂങ്ങിമരിച്ചു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. പ്രതികള്‍ക്കൊപ്പം നിന്ന പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇതോടെ പെണ്‍കുട്ടി സമ്മര്‍ദ്ദത്തിലായെന്നുമാണ് ആരോപണം.
രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടില്‍ കടന്നുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പ്രതികളുടെ ഭീഷണി ഭയന്ന് പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് പീഡന വിവരം മറച്ചുവെച്ചു. ഒരു മാസത്തിന് ശേഷമാണ് അമ്മയോട് വിവരം വെളിപ്പെടുത്തുന്നത്. ജൂലൈ 15ന് കുടുംബം പരാതി നല്‍കി. പ്രതികള്‍ക്കൊപ്പം ചേർന്ന് പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു. പരാതിയില്‍ ഒരു നടപടിയുമെടുത്തില്ലെന്നും കേസ് പിന്‍വലിക്കാന്‍ പോലീസ് സമ്മർദ്ദം ചെലുത്തിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ സംഭാല്‍ ജില്ലയിലെ കുര്‍ഫത്തേഗര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേര്‍ ഒളിവിലാണെന്നും എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. ആത്മഹത്യാ പ്രേരണാക്കുറ്റവും പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.