മറ്റുള്ള കുട്ടികളേക്കാള്‍ തിളക്കമുണ്ട് ബംഗാളിലെ നോര്‍ത്ത് ട്വന്റിഫോര്‍ പര്‍ഗാനസ് ജില്ലയിലെ പതിനഞ്ചുകാരിയുടെ വിജയത്തിന്. ജീവിതത്തിലെ കഠിന പരീക്ഷണങ്ങളെ അതിജീവിച്ച അവള്‍ക്ക് ഈ പരീക്ഷ എത്രയോ നിസ്സാരമായിരുന്നു. 2015ല്‍ കാമുകനോടൊപ്പം വീടുവിട്ടിറങ്ങിയ അവളെ നാല് മാസത്തിനുളളില്‍ മൂന്ന് തവണയാണ് മനുഷ്യക്കടത്തുകാര്‍ വിറ്റത്. ജീവിതത്തിലെ ദുരനുഭവങ്ങളെല്ലാം പിന്നിലാക്കി അതിജീവിത ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുകയാണ്.
ക്രൂര പീഡനത്തിന്റെ ആഘാതത്തില്‍ ,രണ്ട് മാസത്തോളം അവള്‍ സംസാരിച്ചില്ല. നിരവധി കൗണ്‍സിലിങ്ങുകള്‍ക്ക് ശേഷം, നേരിട്ട ക്രൂരതകളെല്ലാം അവള്‍ വെളിപ്പെടുത്തുകയായിരുന്നു. 2015 മേയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതു മുതല്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ് അതിജീവിതയുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് അവള്‍ അര്‍ഹത നേടിയതില്‍ വലിയ അഭിമാനത്തിലാണ് അധികൃതര്‍.
പീഡനക്കേസില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആറ് പ്രതികളെയാണ് പിടികൂടിയത്. അതില്‍ അതിജീവിതയുടെ കാമുകനായ രാഹുലും ഉള്‍പ്പെടുന്നു.വെസ്റ്റ് ബംഗാളിലെ നോര്‍ത്ത് ട്വന്റിഫോര്‍ പര്‍ഗാനസ് ജില്ലാ പോക്‌സോ കോടതി 4 പേരെ ഇരുപത് വര്‍ഷത്തേക്കും 2 പേരെ 10 വര്‍ഷത്തേക്കും തടവു ശിക്ഷക്കാണ് വിധിച്ചത്.
ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് മകളെ തിരികെ കിട്ടി.സംഭവിച്ചത് സംഭവിച്ചു അവളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്- ബംഗാളിലെ സാരിക്കടയിലെ ജോലിക്കിടയില്‍ അതിജീവിതയുടെ അച്ഛന്‍ പറഞ്ഞു.
2015 ജനുവരി 7ന് സംഭവിച്ചത്
ഏഴ് വര്‍ഷം മുമ്പാണ് അതിജീവിത സാമൂഹ മാധ്യമം വഴി പ്രതി രാഹുലിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലായി. സ്‌കൂളിലേക്കെന്ന വ്യാജേന പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടി രാഹുലിനൊപ്പം ബീഹാറിലേക്ക് ബസ് കയറി.വഴിയില്‍ ഇറങ്ങിയ പ്രതി അവിടെ വച്ച് തന്നെ ഒന്നര ലക്ഷത്തിന് പെണ്‍കുട്ടിയുടെ വിറ്റുവെന്നാണ് സി ഐ ഡി യുടെ കണ്ടെത്തല്‍.രാഹുലിന്റെ സുഹൃത്ത് എന്ന വ്യാജേനയെത്തിയ കമാല്‍ എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയത്
പെണ്‍കുട്ടിയെ കമാല്‍ ഉത്തര്‍പ്രദേശിലെ ബിജിനോറിലെ ചിത്ര എന്ന സ്ത്രീക്കാണ് വിറ്റത്, അവിടെ വച്ച് 45 വയസ്സ് കൂടുതലുള്ള മധ്യ വയസ്‌കനെ കൊണ്ട് 15 വയസ് പ്രായമായ കുട്ടിയെ അവര്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. ശേഷം ചിത്രയുടെ മകന്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.പിന്നീട് ചിത്രയുടെ ഫോണില്‍ നിന്നും പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍ ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്
ഒന്നാം പ്രതി രാഹുല്‍ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ ചിത്ര, പെണ്‍കുട്ടിയെ കമാലിന് തന്നെ കൈമാറുകയും,കമാലും സഹായി ഭീഷ്മും ചേർന്ന് കുട്ടിയെ ഉത്തരാഖണ്ഡിലെ കാശിപൂരിലേക്ക് കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ചിത്രയേയും മകനേയും അറസ്റ്റ് ചെയ്തതറിഞ്ഞ് ഇരുവരും പ്രകോപിതരായി. പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം കാശിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.