സ്വയം പ്രഖ്യാപിത ആത്മീയഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ പോലീസ് നടപടി. ഇഷ ഫൗണ്ടേഷന്റെ പേരിലുള്ള എല്ലാ ക്രിമിനൽ കേസുകളുടെയും വിശദാംശങ്ങൾ ഹാജരാകണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പരിശോധന. ഏകദേശം 150 പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ്, കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ആശ്രമത്തിൽ ചൊവ്വാഴ്ച വൈകിട്ടെത്തിയത്.
ഇഷ ഫൗണ്ടേഷൻ ആശ്രമത്തിലെ താമസക്കാർ, അവരുടെ മുറികൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന. ഒരു അന്വേഷണം മാത്രമാണ് നടന്നതെന്നാണ് ഇഷ ഫൗണ്ടേഷന്റെ പ്രതികരണം. തൻ്റെ രണ്ട് പെൺമക്കളെ ബ്രെയിൻ വാഷ് ചെയ്ത് ഇഷ ഫൗണ്ടേഷനിൽ താമസിപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് എസ് കാമരാജ് എന്ന വ്യക്ത്തഗി മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇത് ചൊവ്വാഴ്ച പരിഗണിക്കവെയാണ് കോയമ്പത്തൂർ റൂറൽ പോലീസിനോട് ഇഷ ഫൗണ്ടേഷനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്.
ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ, വ്യക്തികളെ ബ്രെയിൻ വാഷ് ചെയ്ത്, സന്യാസിമാരാക്കി മാറ്റുകയും അവരുടെ കുടുംബവുമായുള്ള ബന്ധം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കാമരാജിന്റെ ആരോപണം. ഇഷ ഫൗണ്ടേഷൻ്റെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആത്മീയ നേതാവുമായ ജഗ്ഗി വാസുദേവിൻ്റെ ജീവിതത്തിൽ പ്രകടമായ വൈരുദ്ധ്യങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം മകളെ വിവാഹം കഴിപ്പിച്ച്, നല്ലൊരു ലൗകീക ജീവിതം പ്രാപ്തമാക്കിയ ശേഷം, തൻ്റെ അനുയായികൾക്കിടയിലെ മറ്റ് യുവതികളെ തല മൊട്ടയടിക്കാനും ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസിമാരായി ജീവിക്കാനും പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യവും വി ശിവജ്ഞാനവും ചോദിച്ചു.
കാമരാജിന്റെ നാല്പത്തിരണ്ടും മുപ്പത്തിയൊൻപതും വയസുള്ള പെണ്മക്കൾ നിലവിൽ കോയമ്പത്തൂരിലെ ഇഷാ യോഗാ സെൻ്ററിലാണ് താമസിക്കുന്നത്. അവരെ കാണാനോ ബന്ധപ്പെടാനോ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നാണ് കാമരാജ് ആരോപിക്കുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു.
കോടതിയുടെ മുൻ ഉത്തരവ് അനുസരിച്ച് രണ്ട് സ്ത്രീകളും കോടതിയിൽ ഹാജരായിരുന്നു. തങ്ങൾ സ്വയം സന്നദ്ധതയോടെയാണ് ഫൗണ്ടേഷനിലെത്തിയതെന്നും ആരും നിർബന്ധിക്കുന്നില്ലെന്നും അവർ പറഞ്ഞെങ്കിലും ജഡ്ജിമാർ അവരുമായി ചേംബറിൽ സംസാരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ കൂടുതൽ സംശയങ്ങളുള്ളതായി കോടതി അറിയിച്ചത്.