മുംബൈയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനാറുകാരനെ അന്തേവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മട്ടുംഗയിലെ ഡേവിസ് സാസൂണ്‍ ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ മാനസിക വെല്ലുവിളി നേരിടുന്ന, സംസാരശേഷിയില്ലാത്ത കുട്ടിയാണ് മരിച്ചത്. 10 ദിവസം മുമ്പ് മാത്രം ചിൽഡ്രൻസ് ഹോമിലെത്തിയ ഹസ്‍വാൻ രാജ്കുമാർ നിഷാദാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ 12 മുതല്‍ 17 വയസുവരെ പ്രായമുള്ള ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ നാല് ആണ്‍കുട്ടികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി ശിവാജി പാര്‍ക്ക് പോലീസ് അറിയിച്ചു
ചില്‍ഡ്രന്‍സ് ഹോമിലെ ഹാളില്‍ വച്ച് നാല് കുട്ടികള്‍ ചേര്‍ന്ന് 16 വയസുകാരനെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇതോടെ കുട്ടി ബോധരഹിതനായി വീണു. വാര്‍ഡനാണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം.
ആശുപത്രി അധികൃതരാണ് മരണവിവരം പോലീസില്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ക്രൂരമര്‍ദനമാണ് മരണകാരണമെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നാല് കുട്ടികളും കുറ്റം സമ്മതിച്ചു. ഇവരെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
മാനസികാസ്വാസ്ഥ്യമുള്ള കുട്ടി ചില്‍ഡ്രന്‍സ് ഹോമിലെ ഹോളില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് പ്രകോപനം
മാനസികാസ്വാസ്ഥ്യമുള്ള പതിനാറുകാരന്‍ പതിവായി ചില്‍ഡ്രന്‍സ് ഹോമിലെ ഹോളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതാണ് പ്രകോപനമെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. സ്വയം വൃത്തിയാക്കാന്‍ കുട്ടിയ്ക്ക് അറിയില്ലായിരുന്നു. ശുചിയാക്കുന്നതിനെ ചൊല്ലി കുട്ടികള്‍ തമ്മില്‍ തര്‍ക്കവും പതിവായിരുന്നു
അനാഥരായ കുട്ടികളെ മാത്രം പാര്‍പ്പിക്കുന്നയിടമാണ് മട്ടുംഗയിലെ ഡേവിസ് സാസൂണ്‍ ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം. മാനസികാസ്വാസ്ഥ്യമുള്ള അനാഥരായ കുട്ടികളെ സാധാരണ പാര്‍പ്പിക്കാറുള്ളത് മാന്‍ഖുര്‍ദിലെ കെയര്‍ ഹോമിലാണ്. ഇവിടെ അന്തേവാസികള്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ മട്ടുംഗ ഡേവിസ് സാസൂണ്‍ ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ചിരുന്നത്.