രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പതിനാറുകാരി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. റാഞ്ചി സ്വദേശിയായ റിച്ച സിൻഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് റിച്ചയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. രാജസ്ഥാനിലെ എൻട്രൻസ് കോച്ചിങ് ആസ്ഥാനമായ കോട്ടയിൽ എട്ട് മാസത്തിനിടെ ഇരുപത്തിയഞ്ച് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.
പതിനൊന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന സിൻഹ ഈ വർഷം ആദ്യമാണ് കോട്ടയിലെ കോച്ചിങ് സെന്ററിൽ ചേർന്നത്. കുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പരീക്ഷകൾക്കായുള്ള കോച്ചിങ്ങിന് പ്രതിവർഷം രണ്ട് ലക്ഷത്തോളം വിദ്യാർഥികളാണ് കോട്ടയിലെത്തുന്നത്. പരീക്ഷാ സമ്മർദ്ദം മൂലം ഈ വർഷം ജില്ലയിൽ 25 വിദ്യാർഥികളുടെ ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
രാജസ്ഥാൻ പോലീസിന്റെ കണക്കുകൾ പ്രകാരം 2022ൽ 15, 2019ൽ 18, 2018ൽ 20, 2017ൽ ഏഴ്, 2016ൽ 17, 2015ൽ 18 എന്നിങ്ങനെയാണ് ആത്മഹത്യാ കണക്ക്. കോവിഡ് കാരണം കോച്ചിങ് സെന്ററുകൾ അടച്ചതുമൂലം 2020ലും 2021ലും വിദ്യാർഥി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കോട്ടയിലെ ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ, എല്ലാ ഹോസ്റ്റൽ മുറികളിലും സ്പ്രിങ് ലോഡഡ് ഫാനുകളും, കോച്ചിങ് സെന്ററുകളിൽ പേയിങ് ഗസ്റ്റ് താമസവും നിർബന്ധമാക്കി ജില്ലാ ഭരണകൂടം നേരത്തെ ഉത്തരവിറക്കിയിരുന്നു. ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്ക് മാനസിക പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കാനും കോച്ചിങ്ങിന് വരുന്ന വിദ്യാർഥികളുടെ ആത്മഹത്യകൾ വർധിക്കുന്നത് തടയാനും ലക്ഷ്യമിട്ടുകൊണ്ടാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നതെന്ന് കോട്ട ജില്ലാ കളക്ടർ ഓം പ്രകാശ് ബങ്കർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ കോച്ചിങ് സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യ ഒഴിവാക്കാൻ രാജസ്ഥാൻ ഹൈക്കോടതി ശുപാർശ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ് ഏർപ്പെടുത്തേണ്ട ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ രാജസ്ഥാൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് (നിയന്ത്രണ) ബിൽ 2023 അവതരിപ്പിക്കുന്നതും പരിഗണനയിലുണ്ട്.