രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്ത. ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഗുലാമിന്റെ വിശ്വസ്തനായ കശ്മീർ മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദക്കമുള്ള 17 മുതിര്‍ന്ന നേതാക്കളാണ് ഗുലാമിന്റെ പാര്‍ട്ടി വിട്ട് പുറത്തുവന്നത്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപീകരിക്കുകയും വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത ആസാദിന് കൊഴിഞ്ഞുപോക്ക് വലിയ തിരിച്ചടിയാകും. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ചന്ദിനെ കൂടാതെ മുന്‍ പിസിസി അധ്യക്ഷൻ പീര്‍സാദ മുഹമ്മദ് സായിദ്, ചന്ദര്‍ പ്രഭ ശര്‍മ, ഡിഎപിയുടെ ജമ്മു ജില്ലാ പ്രസിഡന്റായിരുന്ന വിനോദ് ശര്‍മ എന്നിവരും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ നേതാക്കളില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് വിട്ടത് ഏറ്റവും വലിയ മണ്ടത്തരമണെന്നാണ് താരാചന്ദ് പ്രതികരിച്ചത്. പാര്‍ട്ടി വിട്ടതിന് പീര്‍സാദ ജമ്മു കശ്മീരിലെ ജനങ്ങളോടും പാർട്ടിയോടും ക്ഷമാപണം നടത്തി. എന്നാല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയവരാണ് പാര്‍ട്ടി വിട്ടതെന്ന് ഡിഎപി പ്രതികരിച്ചു.
താരാ ചന്ദ്, ബല്‍വാന്‍ സിംഗ്, മുന്‍ മന്ത്രി ഡോ മനോഹര്‍ലാല്‍ ശര്‍മ എന്നിവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം ഡിഎപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ഡോ മനോഹര്‍ ലാല്‍ ശര്‍മ കോണ്‍ഗ്രസില്‍ ചേരാതെ സ്വതന്ത്രനായി തുടരുമെന്നാണ് റിപ്പോർട്ടുകള്‍.
രണ്ട് നേതാക്കള്‍ കൂടി ഉടനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ജയറാം രമേശ് പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്, ജോഡോ യാത്ര ജമ്മു കശ്മീരില്‍ എത്തുമ്പോഴേക്ക് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരും അഖണ്ഡ ഇന്ത്യ ആഗ്രഹിക്കുന്നവരുമായ എല്ലാവരും യാത്രയില്‍ അണിചേരും' കെ സി വേണുഗോപാല്‍ പറഞ്ഞു.