INDIA

17-ാം ലോക്സഭാ സമ്മേളനം ഇന്ന് അവസാനിക്കും, 'രാമക്ഷേത്ര നിർമാണത്തിലെ മോദിയുടെ പങ്ക്' ചർച്ചയാകും

വെബ് ഡെസ്ക്

ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി 17-ാമത് ലോക്സഭാ സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീഴും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് പാർലമെന്റിന്റെ ഇരു സഭകളും രാമക്ഷേത്രം സാധ്യമായതിനെ കുറിച്ചും അത് സാധ്യമാകാൻ കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും ചർച്ച ചെയ്യും. രാജ്യ സഭയിലും ലോക്സഭയിലും ചര്‍ച്ച കൊണ്ടുവരാനാണ് ബിജെപി നീക്കം.

എല്ലാ അംഗങ്ങളും ഹാജരായിരിക്കും എന്നുറപ്പിക്കാൻ ബിജെപി, പാർലമെന്റ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാമക്ഷേത്രം സാധ്യമാക്കിയ നരേന്ദ്രമോദിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പാർലമെന്റ് പ്രമേയം പാസാക്കാൻ സാധ്യതയുള്ളതാണ് റിപ്പോർട്ടുകളുണ്ട്. പ്രമേയത്തിന് പുറമെ 'അമൃത് കാൽ' (വികസിത ഭാരതം) എന്ന വിഷയത്തിൽ ചർച്ചയുമുണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമരാജ്യത്തേതു പോലെ മികച്ച ഭരണം ഉറപ്പാക്കലാണ് ലക്ഷ്യം എന്ന് ബിജെപി നേതാക്കൾ പറയുന്നു. ഏതുതരം രാജ്യത്തെ ആണ് നമ്മൾ വാർത്തെടുക്കേണ്ടത്? എത്തരത്തിലുള്ള നേതൃത്വമാണ് നമുക്ക് വേണ്ടത്? തുടങ്ങിയ ചർച്ചകളാകും ഉണ്ടാവുക. പാർലമെന്റ് സെഷൻ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയുടെ പ്രസംഗമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ശനിയാഴ്ചത്തേക്കുള്ള ലിസ്റ്റിംഗ് പ്രകാരം കേന്ദ്രമന്ത്രി സത്യപാൽ സിങ്ങും ശിവസേന എംപിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനുമായ ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയും റൂൾ 193 പ്രകാരം ചർച്ചകൾക്ക് തുടക്കം കുറിക്കും. ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗങ്ങളിൽ രാമരാജ്യം കൊണ്ടുവരാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത് എന്ന് കേന്ദ്രമന്ത്രി സത്യപാൽ സിങ് പാർലമെന്റിൽ പറഞ്ഞത് ഈ ആഴ്ചയാണ്.

'രാമരാജ്യം നിലവിൽ വരുന്നതുവരെ തങ്ങൾ വിശ്രമിക്കില്ല , സ്വാതന്ത്ര്യ സമരകാലത്ത് തന്നെ മഹാത്മാ ഗാന്ധി ഉയർത്തിയ പ്രധാനപ്പെട്ട കാര്യമാണ് രാമരാജ്യം, പ്രധാനമന്ത്രി പിൻതുടരുന്നത് മഹാത്മാഗാന്ധിയെയും, മഹർഷി ദയാനന്ദിനെയും, ദീൻ ദയാൽ ഉപാധ്യായയെയുമാണ്'. സത്യപാൽ സിങ് പറയുന്നു.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ശേഷം ജനുവരി 25ന് ചേർന്ന മന്ത്രിസഭായോഗം ക്ഷേത്രം സാധ്യമാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു. 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അതിന്റെ ആത്മാവ് പ്രതിഷ്ഠിക്കപ്പെട്ടത് 2024 ജനുവരി 22നാണ് എന്നായിരുന്നു ആ പ്രമേയത്തിലെ ഒരു വാചകം.

മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് രണ്ടായിരമാണ്ടിലെ ചരിത്രപരമായ കാബിനറ്റാണ് എന്നും പ്രധാനമന്ത്രി 'ജനനായകനും' മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന നേതാവാണെന്നുമാണ് പ്രമേയം പറയുന്നത്. അഞ്ച് നൂറ്റാണ്ടുകളോളമായി ഇന്ത്യൻ ജനത കണ്ട സ്വപ്നം നരേന്ദ്രമോദി സാധിച്ച്ച്ചു തന്നു എന്നും പ്രമേയം അവകാശപ്പെട്ടിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും