നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 31 പേര്‍ മരിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ തന്നെ ഔറംഗബാദ് മെഡിക്കല്‍ കോളേജിലും കൂട്ടമരണം. 24 മണിക്കൂറിനുള്ളില്‍ 18 പേരാണ് ഛത്രപതി സാംബാജി നഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനുമിടയിലാണ് ഇത്രയും മരണമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.
പതിനെട്ടിൽ നാല് പേരെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പേര്‍ ഹൃദയാഘാതം മൂലവും രണ്ട് പേര്‍ ന്യൂമോണിയ ബാധിച്ചും മരിച്ചു. മൂന്ന് രോഗികള്‍ക്ക് വൃക്ക തകരാറും ഒരാള്‍ക്ക് കരള്‍ തകരാറുമുണ്ടായിരുന്നു. ഒരാള്‍ മരിച്ചത് വൃക്കയുടെയും കരളിന്റെയും തകരാര്‍ മൂലമായിരുന്നു. റോഡ് അപകടം, വിഷബാധ, അപ്പന്‍ഡിക്‌സ് പൊട്ടിയത് മൂലമുള്ള അണുബാധ എന്നിവ കാരണം ഓരോരുത്തര്‍ വീതം മരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവരിൽ മാസം തികയാതെ ജനിച്ച രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇരു കുഞ്ഞുങ്ങളും മരിച്ചത്. ഓരോ കുഞ്ഞിനും 1300 ഗ്രാം മാത്രമായിരുന്നു ഭാരം.
അതേസമയം, ആശുപത്രിയിൽ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കുറവില്ലെന്ന് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ 1177 കിടക്കകളുടെ അനുമതിയുണ്ടെന്നും എന്നാല്‍ മിക്കപ്പോഴും 1600ലധികം രോഗികള്‍ പ്രവേശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രി ത്രിതീയ പരിചരണ യൂണിറ്റായതിനാല്‍ കഴിഞ്ഞ മാസം മാത്രം 28,000 രോഗികളാണ് പ്രവേശിച്ചത്. ഇതില്‍ 419 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണത്തിന്റെ 1.45 ശതമാനമാണിതെന്നും സൂപ്രണ്ട് പറയുന്നു.
മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നതിന് പിന്നാലെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് മരിച്ച ഏഴ് പേരില്‍ നാല് പേരും കുട്ടികളാണ്. ആകെ മരിച്ച 31 പേരില്‍ 16 പേരും കുട്ടികളാണ്.