ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. മൈസുരു-ദര്‍ബാംഗ ഭാഗമതി എക്‌സ്പ്രസ് ട്രെയിന്‍ ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ട്രെയിനിൽ കുടുങ്ങിയ യാത്രക്കാരെ യാത്ര തുടരുന്നതിനായി ഇന്ന് രാവിലെ മറ്റൊരു ട്രെയിനിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം ഉണ്ടായത്. സിഗ്നൽ നൽകിയത് പോലെ മെയിൻ ലൈനിലേക്ക് തിരിയുന്നതിന് പകരം ട്രെയിൻ ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിൻ്റെ പാഴ്സൽ വാൻ തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. യാത്രക്കാരുണ്ടായിരുന്ന കോച്ചുകളിലാണ് തീപിടിച്ചത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് അപകടത്തിൽപ്പെടുന്ന സമയം ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.
അപകടത്തെ തുടര്‍ന്ന് ചെന്നൈ - വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായിരുന്നു. നിലവിൽ ആ ഭാഗത്ത് കൂടിയുള്ള ട്രെയിൻ ഗതാഗതം അടച്ചിരിക്കുകയാണ്. ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്സ്പ്രസ്, എറണാകുളം - പറ്റ്ന സ്പെഷ്യൽ ട്രെയിൻ, റ്റാറ്റനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് (18189) തുടങ്ങിയവയും വഴിതിരിച്ചുവിടുന്നവയിൽ ഉൾപ്പെടുന്നുണ്ട്.
രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിലെ ഗവൺമെൻ്റ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യാത്രക്കാരെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു. മന്ത്രി ആവഡി നാസറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്‌പ്രസിൻ്റെ കുടുങ്ങിയ യാത്രക്കാർക്ക് യാത്ര തുടരാൻ ഒരു പ്രത്യേക ട്രെയിൻ ഇന്ന് രാവിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അർദ്ധരാത്രി കഴിഞ്ഞപ്പോൾ, കുടുങ്ങിപ്പോയ യാത്രക്കാരെ എംടിസി ബസുകൾ വഴി ഡോ. എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ 4:45 ഓടെയാണ് പകരം ട്രെയിൻ യാത്രക്കാരുമായി സർവീസ് ആരംഭിച്ചത്. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകിയതായും റെയിൽവേ അറിയിച്ചു.
അപകടത്തിൽപ്പെട്ട കോച്ചുകളിൽ നിന്ന് 95 ശതമാനത്തിലധികം യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും ഇതുവരെ ആളപായമോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കി. ഇന്നലെ രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അര ഡസനിലധികം ട്രെയിനുകൾ ഇതര റൂട്ടുകളിലൂടെ തിരിച്ചുവിടുകയും ചെയ്തിരുന്നു.