പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനവുമായി 19 പ്രതിപക്ഷ പാർട്ടികൾ. ജനാധിപത്യത്തിന്റെ ആത്മാവിനെത്തന്നെ പാർലമെന്റിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടിരിക്കുമ്പോൾ ഒരു പുതിയ കെട്ടിടത്തിന് വലിയ പ്രാധാന്യമില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി പറയുന്നു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പൂർണമായും മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ് ഇത്. രാഷ്ട്രപതിയാണ് രാജ്യത്തിന്റെ മേധാവി. പാർലമെന്റിന്റെ അഭിവാജ്യ ഘടകവുമാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്റിന് പ്രവർത്തിക്കാൻ കഴിയില്ല. എന്നിട്ടും രാഷ്ട്രപതിയെ മാറ്റി നിർത്തി പ്രധാനമന്ത്രി ഉദ്‌ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു. സവർക്കറിന്റെ ജന്മദിനമായ മെയ് 28നാണ് ഉദ്‌ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
രാഷ്ട്രപതിയെ മാറ്റി നിർത്തുന്നത് ആ ഉന്നത പദവിയെ അപമാനിക്കുന്നതും ഭരണഘടനയുടെ അന്തസിനെ ലംഘിക്കുന്നതുമാണ്. ജനാധിപത്യ വിരുദ്ധത പ്രധാനമന്ത്രിക്ക് പുതുമയുള്ളതല്ല. ആരോടും കൂടിയാലോചിക്കാതെ മഹാമാരിക്കാലത്ത് വലിയ തുക ചെലവാക്കി ആർക്ക് വേണ്ടിയാണ് പുതിയ മന്ദിരം നിര്മിച്ചതെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. സ്വേച്ഛാധിപത്യ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ പോരാടുമെന്നും പ്രസ്താവനയിൽ പറയുന്നു.
തൃണമൂൽ കോൺഗ്രസ്, സിപിഐ, ആം ആദ്മി പാർട്ടി, സിപിഎം, ആർജെഡി, ഡിഎംകെ, ശിവസേന ഉദ്ധവ് പക്ഷം തുടങ്ങിയ പാർട്ടികൾ സ്വന്തം നിലയ്ക്ക് ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സംയുക്ത പ്രസ്താവനയിറക്കിയത്. സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ ഉദ്ഘാടനം നടത്തുന്നതും രാഷ്ട്രപതിയെ ഒഴിവാക്കിയതുമാണ് പ്രതിപക്ഷത്തെ പ്രധാന എതിർപ്പ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർട്ടി, ശിവസേന (ഉദ്ധവ് പക്ഷം) സമാജ്‌വാദി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), വിടുതലൈ ചിരുതൈകൾ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ് സിപിഎം, ആർജെഡി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ജെഡി(യു), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഷണൽ കോൺഫറൻസ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നീ 19 പാർട്ടികൾ ചേർന്നാണ് പ്രസ്താവയിറക്കിയിരിക്കുന്നത്.