2017-ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം യുപിയിൽ 190 പേർ പോലീസ് ഏറ്റുമുട്ടലിൽ മരിച്ചെന്ന കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് യുപി സർക്കാർ. അതേ കാലയളവിൽത്തന്നെ പോലീസ് വെടിവയ്പില്‍ പരിക്കേറ്റവരുടെ എണ്ണം 5591 ആണ്. ഈ ശനിയാഴ്ച പോലീസ് സ്‌മൃതി ദിവസത്തിൽ ലഖ്നൗവിലെ പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ കണക്കുകൾ പറഞ്ഞ് പോലീസിനെ അഭിനന്ദിച്ചത്. തന്റെ സർക്കാരിന്റെ ആദ്യത്തെ പരിഗണന ജനങ്ങളിൽ സുരക്ഷിതത്വബോധവും കുറ്റവാളികളിൽ നിയമത്തോട് പേടിയും സൃഷ്ടിക്കുകയാണെന്ന് യോഗി പറഞ്ഞു.
ഏറ്റുമുട്ടൽ കൊലകൾ അഭിമാനത്തോടെ അവതരിപ്പിക്കുന്ന സർക്കാരിനെ വളരെ ഗൗരവതരമായ ചോദ്യങ്ങളുമായാണ് മനുഷ്യാവകാശപ്രവർത്തകർ നേരിടുന്നത്. ഏറ്റുമുട്ടൽ കൊലകൾ എന്നതിനപ്പുറം നേരത്തെ ആസൂത്രണം ചെയ്തു നടത്തുന്ന കൊലപാതകങ്ങളാണിതെന്ന ആരോപണം നിരവധി പേർ ഉന്നയിച്ചിട്ടുണ്ട്. ഇങ്ങോട്ട് ആക്രമിക്കുമ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങൾ തിരിച്ച് വെടിയുതിർക്കുന്നതെന്നാണ് പോലീസ് പക്ഷം. ഏറ്റുമുട്ടലുകൾ സംഘടിപ്പിക്കുന്ന രീതിയുടെ സാമ്യതകൾ കാരണം ഈ കൊലപാതകങ്ങളിൽ നിരവധി സംശയങ്ങൾ ഉയർന്നിരുന്നു.
1986ൽ നടപ്പിലാക്കിയ ഉത്തർപ്രദേശ് ഗ്യാങ്സ്റ്റർ ആൻഡ് ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ഇപ്പോഴത്തെ ബി ജെ പി സർക്കാർ വ്യാപകമായി ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങൾ പലപ്പോഴായി ഉയർന്നിരുന്നു. ഈ നിയമം അനുസരിച്ച് ഗ്യാങ്സ്റ്റർ ആയി സർക്കാർ കണ്ടെത്തുന്ന ആളുകളുടെ സ്വത്തുവകകൾ ഉൾപ്പെടെ പിടിച്ചെടുക്കാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റിനു നൽകുന്നുണ്ട്. ഈ നിയമം വലിയതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി മനസിലാക്കി അലഹബാദ് ഹൈക്കോടതി നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ നിയമം ബി ജെ പി സാധാരണക്കാർക്കും രാഷ്ട്രീയ ശത്രുക്കൾക്കുമെതിരെയാണ് മിക്കപ്പോഴും ഉപയോഗിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. അതേസമയം ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ ബി ജെ പി സർക്കാർ നിലവിൽവന്നതിനു ശേഷം 69332 പേർക്കെതിരെ ഗുണ്ടാ നിയമവും, 887 പേർക്കെതിരെ ദേശീയ സുരക്ഷാ നിയമവും പ്രയോഗിച്ചിട്ടുണ്ടെന്നത് ആദിത്യനാഥ് നേട്ടമായി ഉയർത്തിക്കാണിക്കുകയാണ്.
യുപി ഗുണ്ടാ നിയമമനുസരിച്ച്, ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിയാണ് ഒരു ഗ്യാങ്സ്റ്റർ അഥവാ ഗുണ്ട. നിയമത്തിലെ വകുപ്പ് 14 പ്രകാരം മേല്പറഞ്ഞ ഗുണ്ടയുടെ സ്വത്ത് പിടിച്ചെടുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനു അധികാരമുണ്ടായിരിക്കും. 68ഓളം പേരിൽ നിന്നായി 3650 കോടി രൂപയോളം വിലവരുന്ന സ്വത്ത് വകകൾ പിടിച്ചെടുത്തതായാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗത്തിൽ നിന്ന് മനസിലാകുന്നത്.
അത്തരം ഗുണ്ടാ സംഘങ്ങൾ ഇപ്പോൾ യുപിയിൽ പ്രവർത്തിക്കുന്നില്ലെന്നും, ഗുണ്ടകൾ ഒരാൾ പോലും ഒഴിയാതെ ജയിലിൽ അടയ്ക്കപ്പെടുകയോ, ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും, പോലീസിന്റെ ഇത്തരം നടപടികളിലൂടെ സംസ്ഥാനത്ത് സ്ത്രീകളുൾപ്പെടെയുള്ള ദുർബലരായ ആളുകൾക്ക് സുരക്ഷിതത്വബോധം ലഭിക്കുന്നുണ്ടെന്നും യോഗി അവകാശപ്പെടുന്നു.
സാമൂഹിക പ്രവർത്തകൻ രാജീവ് യാദവ് ഈ വാദത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ മുഴുവൻ ഏറ്റുമുട്ടൽ കൊലകളിലൂടെ പരിഹരിച്ച് കഴിഞ്ഞു എന്നവകാശപ്പെടുന്ന യോഗി സർക്കാർ എന്തിനാണ് ഇപ്പോഴും ഈ ഗുണ്ടാനിയമമുപയോഗിച്ച് കേസുകൾ ചുമത്തുന്നതെന്നും, ആളുകളുടെ ആസ്തികൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതെന്നും രാജീവ് യാദവ് ചോദിക്കുന്നു. യു പിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മുഴുവൻ പിന്തുടരുന്ന രാജീവ് യാദവ് ഈ കൊലപാതകങ്ങളിൽ മിക്കതും സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് ഉറപ്പിച്ച് പറയുന്നു. ഏറ്റുമുട്ടൽ കൊലകൾ സാധാരണമാക്കി മാറ്റുകയാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും രാജീവ് ആരോപിക്കുന്നു.
ഇത്തരം കൊലപാതകങ്ങളെ പ്രകീർത്തിച്ചുകൊണ്ട് യു പി പോലീസ് മേധാവി നിരന്തരം ഇറക്കുന്ന ബുള്ളെറ്റിനുകൾ പോലീസുകാർക്ക് പ്രചോദനമാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017 മാർച്ച് മുതൽ ഓരോ ദിവസവും ശരാശരി 2.4 പേർക്ക് പോലീസ് വെടിവെപ്പിൽ പരിക്കേൽക്കുന്നുണ്ടെന്നും, ഓരോ മാസവും 2.4 പേർ കൊല്ലപ്പെടുന്നുണ്ടെന്നുമാണ് കണക്ക്. ഒക്ടോബർ 21ന് ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന ഒരാളെ ഹമിർപൂരിൽ പോലീസ് വെടിവച്ച് കൊന്നു. അയാളിൽ നിന്നും ഒരു നാടൻ ആയുധവും കണ്ടെടുത്തു. അതേ ദിവസം തന്നെയാണ് പോലീസിന്റെ സുരക്ഷാ വീഴ്ചകാരണം കൊല്ലപ്പെട്ട എം പി ആതിഖ് അഹമ്മദിന്റെ കൂട്ടാളികളായിരുന്ന രണ്ടുപേരുടെ 19.30 കോടി രൂപ മൂല്യമുള്ള സ്വത്ത് പിടിച്ചെടുക്കുന്നത്. ആതിഖ് അഹമ്മദിന്റെ മരണം പോലീസ് സുരക്ഷ പരാജയപ്പെട്ടതിന്റെ ഏറ്റവും ദുരന്തപൂർണ്ണമായ ഉദാഹരണമാണ്. ആതിഖിന്റെ കൂട്ടാളികളായ മുഹമ്മദ് സൗദിന്റെയും, മുഹമ്മദ് ഫൈസിന്റെയും സത്തുകൾ പിടിച്ചെടുത്തത് അവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട 16 എഫ് ഐ ആറുകളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് പിന്നീട് പറഞ്ഞു.
ക്രമസമാധാനം ഏറ്റുമുട്ടലിലൂടെ നിലനിർത്താമെന്ന തോന്നലിലാണ് ഇപ്പോൾ യു പി പോലീസ് എന്നും, പൊതുജനങ്ങൾക്ക് പോലും പോലീസ് നീതി നടപ്പിലാക്കുകയാണെന്ന തോന്നലുണ്ടാകുന്നത് സർക്കാരിന് കൂടുതൽ ധൈര്യം നൽകുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകൻ രാജീവ് യാദവ് പറയുന്നു.
ഈ ഏറ്റുമുട്ടൽ കൊലകളുടെയെല്ലാം തിരക്കഥ ഏകദേശം ഒരുപോലെയാണ്. പോലീസ് സംശയം തോന്നി ഒരു വ്യക്തിയെ വഴിയിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നു. അത് മിക്കവാറും ഒരു ഹൈവേയുടെ അരികിൽ ഏതെങ്കിലും ഫാമിന്റെയോ കനാലിന്റെയോ ഭാഗത്തായിരിക്കും. മിക്കവാറും കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി ഒരു മോട്ടോർ സൈക്കിളിൽ ആയിരിക്കും.ഇയാൾ പെട്ടന്ന് പോലീസിന് നേരെ വെടിയുതിർക്കുകയും തിരിച്ച് പോലീസ് ആത്മരക്ഷാർത്ഥം നടത്തുന്ന വെടിവെപ്പിൽ അയാൾ മരിക്കുകയും ചെയ്യുന്നു. ഇത്തരം കേസുകളിൽ മിക്കവാറും കൊലചെയ്യപ്പെടുന്ന വ്യക്തിയിൽ നിന്നും പോലീസ് നാടൻ തോക്കുകൾ കണ്ടെടുക്കാറാണ് പതിവ്.
യു പിയിൽ ഒക്ടോബർ 20ന് നടന്ന മൂന്ന് ഏറ്റുമുട്ടൽ കൊലകളിലും ഇതേ മാതൃക കാണാൻ സാധിക്കും. ഒക്ടോബർ 19 ന് രാത്രി പോലീസ് ഒരാളെ ബുലന്ദ്ഷഹറിൽ വെടിവച്ച് കൊന്നു. അയാളിൽ നിന്നും ആഭരണങ്ങൾ പിടിച്ചെടുത്തു. ഒക്ടോബർ 20ന് മഹാരാജ്ഘഞ്ചിൽ പോലീസ് രണ്ടുപേരെ വെടിവച്ച് കൊന്നു. അവരിൽ നിന്ന് 55 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവും, 12 ലക്ഷം രൂപ വിലവരുന്ന വെള്ളിയും പിടിച്ചെടുത്തു. ഒക്ടോബർ പത്തിനാണ് ഇവർ ഇത് മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്.
കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് അഖിലേഷ് യാദവ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ നാലിരട്ടി ഏറ്റുമുട്ടൽ കൊലകൾ ഇപ്പോൾ സംഭവിക്കുന്നുണ്ട് എന്നാണ്. 2017 മുതൽ 2022 വരെ യോഗിയുടെ കാലത്ത് 162 പേർ പോലീസ് ഏറ്റുമുട്ടലിൽ കൊലചെയ്യപ്പെട്ടപ്പോൾ, 2012 മുതൽ 2017 വരെ അഖിലേഷ് യാദവ് ഭരണത്തിലിരുന്ന സമയത്ത് 41 പേർ മാത്രമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.