INDIA

ചോദ്യങ്ങളെയ്തും ചര്‍ച്ചയില്‍ നിറഞ്ഞും രാജ്യസഭയില്‍ രണ്ടു പതിറ്റാണ്ട്; എസ് പിയുടെ 'ആംഗ്രി യങ് ലേഡി'

ഭര്‍ത്താവ് അമിതാഭ് ബച്ചനെപ്പോലെ രാഷ്ട്രീയത്തില്‍ ജയയ്ക്ക് കാലിടറിയില്ല

പൊളിറ്റിക്കൽ ഡെസ്ക്

സിനിമാ-കായിക മേഖലയില്‍നിന്ന് രാജ്യസഭയില്‍ എത്തുന്നവര്‍ പൊതുവേ പ്രകടനങ്ങളില്‍ പിന്നോട്ടാണ്. ചുരുക്കം ചിലര്‍ മാത്രമാണ് ആദ്യ ടേമിനുശേഷം രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍, ജയാ ബച്ചന്‍ ഇവര്‍ക്കൊരു അപവാദമാണ്. സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ ജയാ ബച്ചന്‍ 'മിണ്ടാതിരിക്കാനല്ല' രാജ്യസഭയില്‍ പോകുന്നത്. ചോദ്യങ്ങള്‍ കൊണ്ടും സഭയിലെ പങ്കാളിത്തം കൊണ്ടും മികച്ച ഗ്രാഫ് നിലനിര്‍ത്തുന്ന ജയാ ബച്ചനെ വീണ്ടും പാര്‍ലമെന്റിലേക്ക് അയയ്ക്കാൻ സമാജ്‌വാദി പാര്‍ട്ടിയെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്.

സ്ത്രീസുരക്ഷ, സ്ത്രീകളുടെ അവകാശങ്ങള്‍, കുട്ടികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, വര്‍ഗീയത അടക്കമുള്ള വിഷയങ്ങളിലാണ് ജയ ബച്ചന്‍ രാജ്യസഭയില്‍ സംസാരിച്ചിട്ടുള്ളത്

വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതോടെ, രാജ്യസഭയില്‍ അഞ്ചാം ടേമാണ് ജയയ്ക്ക്. ഭര്‍ത്താവ് അമിതാഭ് ബച്ചന് രാഷ്ട്രീയത്തില്‍ കാലിടറിയതുപോലെ ജയക്ക് കാലിടറിയിട്ടില്ല. 2004-ലാണ് ജയ ബച്ചൻ ആദ്യമായി എസ് പി ടിക്കറ്റില്‍ രാജ്യസഭയിലെത്തിയത്. 2006-ലും 2012-ലും 2018-ലും എസ് പി ടിക്കറ്റില്‍ രാജ്യസഭയില്‍ തുടര്‍ച്ച. മറ്റു പ്രമുഖ നേതാക്കള്‍ക്ക് അവസരം നല്‍കാതെ ജയാ ബച്ചനെ തുടര്‍ച്ചയായി രാജ്യസഭയിലേക്ക് പറഞ്ഞുവിടുന്നതില്‍ എതിര്‍പ്പുയര്‍ന്നപ്പോഴും മുലായം സിങ് യാദവിന്റെ കുടുംബത്തോടുള്ള അടുത്ത ബന്ധം ജയയെ തുണച്ചു.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യസഭ എംപിമാരില്‍ മുന്‍നിരയിലാണ് ജയാ ബച്ചന്റെ സ്ഥാനം. പാര്‍ലര്‍മെന്റില്‍ തികഞ്ഞ 'മര്യാദക്കാരിയല്ല' ജയ. വികാരാധീനവും പ്രകോപിപ്പിക്കുന്നതുമായ പ്രസംഗങ്ങളാണ് ശൈലി. രാജ്യസഭയിലെ ഈ ടേം തീരുന്നതിന് മുന്‍പ് നടത്തിയ പ്രസംഗത്തിലും ജയ ബച്ചന്‍ രൂക്ഷമായ ഭാഷ പ്രയോഗിച്ചു. രാജ്യസഭ അധ്യക്ഷന്‍ ജഗ്‌ദീപ് ധന്‍കറാണ് അവസാനമായി ജയയുടെ വാക്കിന്റെ ചൂടറിഞ്ഞത്.

''എംപിമാര്‍ സ്‌കൂള്‍ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം,'' എന്നായിരുന്നു ജയാ ബച്ചന്റെ പ്രതികരണം. ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റപ്പോള്‍ ''മികച്ച നടിയായ നിങ്ങള്‍ നിരവധി റീടേക്കുകള്‍ എടുത്തിട്ടില്ലേ,''യെന്ന് ധന്‍കര്‍ ചോദിച്ചതാണ് ജയയെ ചൊടിപ്പിച്ചത്.

മണിപ്പൂര്‍ കലാപ വിഷയത്തിൽ മോദി സര്‍ക്കാരിനെതിരെ ജയാ ബച്ചന്‍ രൂക്ഷവിമർശമാണ് ഉയർത്തിയത്. രണ്ട് ഗോത്രവര്‍ഗ സ്ത്രീകള്‍ തെരുവില്‍ നഗ്‌നരായി വലിച്ചിഴക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും ലോകമൊട്ടാകെ ഇത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ഇവിടുത്തെ നേതാക്കള്‍ മിണ്ടുന്നില്ലെന്ന് ജയ തുറന്നടിച്ചു.

സുശാന്ത് സിങ് രജ്‌പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗം ജയ ബച്ചനെതിരെ കനത്ത വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അവരുടെ വസതിക്ക് സുരക്ഷ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായി. ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ അതിപ്രസരമാണെന്ന ബിജെപി എംപി രവി കിഷന്റെ പരാമര്‍ശത്തിന് മറുപടി പറഞ്ഞതാണ് വിവാദമായത്.

ചലച്ചിത്രരംഗത്തുള്ളവരെല്ലാം മയക്കുമരുന്നിന് അടിമകളാണെന്ന് അതേമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നത് ശരിയല്ലെന്ന് ജയ നിലപാടെടുത്തു. ''വളരെ കുറച്ച് ആളുകളുടെ പേരില്‍ മുഴുവന്‍ ഇന്‍ഡസ്ട്രിയെയും അപമാനിക്കരുത്. ഇതുവരെ സിനിമാ മേഖലയിലുണ്ടായിരുന്ന അംഗമാണ് ബോളിവുഡില്‍ മുഴുവന്‍ മയക്കുമരുന്നണെന്ന പരാമര്‍ശം നടത്തിയത്. അന്നം തന്ന കൈയ്ക്ക് തന്നെ കൊത്തുന്ന പ്രവര്‍ത്തിയാണ് പലരും ചെയ്യുന്നത്. ബോളിവുഡില്‍നിന്ന് പ്രശസ്തരായവര്‍ തന്നെ ആ മേഖലയെ അഴുക്കുചാലെന്ന് വിളിക്കുന്നത് അപമാനമാണ്,'' എന്നd ജയ പറഞ്ഞു. ഇതിന് പിന്നാലെയാണ് ജയ ബച്ചനെതിരെ പ്രതിഷേധം ശക്തമായത്.

വൈകാരിക പ്രസംഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജയ ബച്ചന്റെ മറുപടിയും വൈകാരികമായാണ്. ''എനിക്ക് പെട്ടെന്ന് ദേഷ്യം വരും. പിന്നെ സഹിക്കാന്‍ സാധിക്കില്ല. ഇഷ്ടപ്പെടാത്തത് കേട്ടാല്‍ പൊട്ടിത്തെറിച്ചുപോകും.''

2019-2024 കാലയളവില്‍ ജയാ ബച്ചന്റെ രാജ്യസഭയിലെ ഹാജർ 82 ശതമാനമാണ്. ഇത് ശരാശരിയായ 79 ശതമാനത്തേക്കാള്‍ മൂന്നു ശതമാനം കൂടുതലാണ്. 2009-നും 2024-നും ഇടയില്‍ 292 ചര്‍ച്ചകളില്‍ പങ്കെടുത്തു. അതേസമയം, ഒരു സ്വകാര്യ ബിൽ പോലും അവതരിപ്പിച്ചിട്ടില്ല. ചോദ്യോത്തര വേളയില്‍ 451 ചോദ്യങ്ങള്‍ ജയ ചോദിച്ചിട്ടുണ്ട്.

2023-ലെ മണ്‍സൂണ്‍ സമ്മേളനം മുതല്‍ സഭ കൂടിയ എല്ലാ ദിവസവും ജയ ബച്ചന്‍ രാജ്യസഭയിലുണ്ടായിരുന്നു. സ്ത്രീസുരക്ഷ, സ്ത്രീകളുടെ അവകാശങ്ങള്‍, കുട്ടികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, വര്‍ഗീയത അടക്കമുള്ള വിഷയങ്ങളിലാണ് ജയ ബച്ചന്‍ രാജ്യസഭയില്‍ സംസാരിച്ചിട്ടുള്ളത്.

രാജ്യത്തെ ഏറ്റവു സ്വത്തുള്ള എംപിമാരുടെ പട്ടികയിലാണ് ജയാ ബച്ചന്റെ സ്ഥാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ, ജയാ ബച്ചന്റെയും ഭര്‍ത്താവ് അമിതാഭ് ബച്ചന്റെയും സ്വത്തുവിവരങ്ങള്‍ പുറത്തുവന്നിരുന്നു. സത്യവാങ്മൂലത്തില്‍ പറയുന്നത് പ്രകാരം ഇരുവരുടെയും ആസ്തി 1,578 കോടി രൂപയാണ്. 2022-23 വർഷത്തെ ജയാ ബച്ചന്റെ വ്യക്തിഗത ആസ്തി 1.64 കോടി രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273.75 കോടി രൂപയുമാണ്.

ഇരുവരുടെയും മൊത്തം ആസ്തിയിൽ 729.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 849.11 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുമാണ് ജയാ ബച്ചനുള്ളത്. ബ്രാന്‍ഡ് അംബാസഡർ, എംപി ശമ്പളം, പ്രൊഫഷണല്‍ ഫീസ് എന്നിവയില്‍ നിന്നാണ് ജയ ബച്ചന്റെ സമ്പാദ്യം. 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങൾ സ്വന്തമായുണ്ട്. 10 കോടി രൂപയാണ് ബാങ്ക് ബാലൻസ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി