INDIA

2023|ഇന്ത്യന്‍ രാഷ്ട്രീയത്തിന് സെമി ഫൈനല്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ രൂക്ഷമാവുകയും സാമൂഹികവും സാമുദായികവുമായ പിളര്‍പ്പുകള്‍ വര്‍ധിക്കുകയും ചെയ്ത വര്‍ഷമാണ് കടന്നുപോകുന്നത്

വെബ് ഡെസ്ക്

2024ലെ പൊതുതിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കലായിരിക്കും ഇന്ത്യയ്ക്ക് ഈ വര്‍ഷം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള അന്തരം വര്‍ധിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ രൂക്ഷമാവുകയും സാമൂഹികവും സാമുദായികവുമായ പിളര്‍പ്പുകള്‍ രൂക്ഷമാവുകയും ചെയ്ത വര്‍ഷം. 2022 ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്. തിരഞ്ഞെടുപ്പ് നടന്ന ഏഴ് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചിലും ബിജെപി അധികാരത്തിലെത്തി. ഹിമാചല്‍ നഷ്ടപ്പെട്ടത് മാത്രമാണ് വിജയയാത്രയ്ക്ക് അപവാദമായത്.

2022ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയിരിക്കും പുതുവര്‍ഷവും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലെത്തും. മേയില്‍ കര്‍ണാടക, വര്‍ഷാവസാനം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളും വിധിയെഴുതും. സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ജനവിധി തൊട്ടടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനകള്‍ നല്‍കും.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലെത്തും

എന്നാല്‍, കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്ക് സാഹചര്യങ്ങള്‍ അത്ര സുഖകരമല്ല. പാളയത്തിലെ പടമൂലം പലവട്ടം പൊട്ടിത്തെറിയുടെ സൂചനകള്‍ നല്‍കിയ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിനും വലിയ വെല്ലുവിളിയാണ്. മധ്യപ്രദേശും ഛത്തീസ്ഗഡും എന്താണ് ചിന്തിക്കുന്നത് എന്നതില്‍ അവസാനം വരെ സസ്‌പെന്‍സും നിലനിന്നേക്കും.

എന്ത് വിലകൊടുത്തും തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിനെ വീഴ്ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി. സംഘടനാതലത്തിലും അധികാരമുപയോഗിച്ചും എല്ലാ വഴികളും ബിജെപി ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, തെലങ്കാനയില്‍ തുടങ്ങി ദേശീയ തലത്തിലേക്ക് വളരാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. ടിആര്‍എസിനെ ബിആര്‍എസ് എന്ന ഭാരത് രാഷ്ട്ര സമിതി എന്നാക്കിയാണ് റാവുവിന്റെ തന്ത്രങ്ങള്‍ പുരോഗമിക്കുന്നത്.

എന്ത് വിലകൊടുത്തും തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിനെ വീഴ്ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഈ വര്‍ഷം. സംസ്ഥാനത്തിന് പുറത്തേക്ക് പടരാനുള്ള ടിഎംസിയുടെ നീക്കങ്ങളായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും മമത ബാനര്‍ജി ലക്ഷ്യമിടുന്നത്. ത്രിപുരയിലും മേഘാലയയിലും ചുവടുറപ്പിക്കാനായിരിക്കും മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ശ്രമം. പഞ്ചാബിലെ എഎപിയുടെ വന്‍ വിജയവും ഗോവയിലും ഗുജറാത്തിലും സാന്നിധ്യമറിയിക്കാനും കഴിഞ്ഞ എഎപിയുടെ മനസിലിരിപ്പും ഈ വര്‍ഷം സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു കയറുക എന്നതായിരിക്കും. ഒന്നിലധികം സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന മൂന്നാമത്തെ കക്ഷിയായി ആം ആദ്മി മാറിക്കഴിഞ്ഞു.

ത്രിപുരയിലും മേഘാലയയിലും ചുവടുറപ്പിക്കാനായിരിക്കും മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ശ്രമം

ബിജെപിയുടെ മനസ്സിലിരുപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ജനപ്രീതിയില്‍ ഊന്നിക്കൊണ്ടായിരിക്കും ബിജെപി മുന്നോട്ട് പോവുക. വരുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്പൂര്‍ണ ബജറ്റാണ് ഇത്തവണ ഒരുങ്ങുന്നത്. അടുത്തവര്‍ഷം ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളായിരിക്കും ഇത്തവണ ബജറ്റിലുണ്ടാവുക എന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍, കുതിച്ചുയരുന്ന പണപ്പെരുപ്പം, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വന്‍ പ്രഖ്യാപനങ്ങള്‍ക്ക് മുതിരുമോ എന്നതും ശ്രദ്ധേയമാണ്. നിര്‍ണായക ഘട്ടത്തില്‍ മന്ത്രിസഭയിലുള്‍പ്പെടെ അഴിച്ചുപണി ഉണ്ടാകുമോ എന്നതാണ് മറ്റൊരു ചോദ്യം.

ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടി പരമാവധി ഉപയോഗപ്പെടുത്തിയായിരിക്കും ബിജെപിയുടെ വരാനിരിക്കുന്ന നീക്കങ്ങള്‍. ഇന്ത്യയുടെ അധ്യക്ഷ സ്ഥാനം ഇതിനോടകം തന്നെ പ്രചാരണായുധമാക്കിക്കഴിഞ്ഞു. ദേശീയ ആഘോഷമാക്കി ജി20 യോഗത്തെ മാറ്റാനായിരിക്കും സര്‍ക്കാര്‍ ശ്രമം. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന വിഷയം. ലോകം ഇന്ത്യയിലേക്ക് ശ്രദ്ധ തിരിക്കും മുന്‍പ് ഇക്കാര്യത്തില്‍ നിര്‍ണായക ഒരു തീരുമാനം ഉണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്. രാമക്ഷേത്ര വിഷയം വര്‍ഷാവസാനത്തോടെ വീണ്ടും ചര്‍ച്ചയായേക്കും. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമായിരിക്കും പ്രധാന വിഷയം. ഡിസംബറില്‍ ക്ഷേത്രം തുറന്നു നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റും സൂചനകള്‍ നല്‍കുന്നു.

കോണ്‍ഗ്രസ്- തളരുമോ? വരുമോ?

രണ്ട് സുപ്രധാന പരീക്ഷണങ്ങളാണ് കോണ്‍ഗ്രസ് 2022ല്‍ നടത്തിയത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാളെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചതാണ് ഇതില്‍ ആദ്യത്തേത്. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയെ തൊട്ടറിയാന്‍ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയാണ് രണ്ടാമത്തേത്. രാഷ്ട്രീയത്തെ ഗൗരവകരമായി കാണാത്ത നേതാവ് എന്ന വിമര്‍ശനം മറികടക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്കായി എന്നാണ് നേതൃത്വത്തിന്റെ മനസിലുള്ളത്. ഇതിലൂടെ പാര്‍ട്ടിയുടെ സാധ്യതകളും, പ്രതിച്ഛായയും തിരിച്ചുപിടിക്കാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവിന് സഹായിക്കുമോ അതോ തൊലിപ്പുറത്തെ ചികിത്സ മാത്രമാക്കി മാറുമോ എന്നും ഈ വര്‍ഷം വ്യക്തമാകും.

പ്രതിപക്ഷ ഐക്യം, പ്രാദേശിക പാര്‍ട്ടികള്‍, ആംആദ്മിയുടെ സ്വപ്‌നം

ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനാവുമോ എന്നാണ് ഈ വര്‍ഷവും പ്രധാന രാഷ്ട്രീയ ചര്‍ച്ചാ വിഷയം. ബിജെപി വിരുദ്ധ തിരഞ്ഞെടുപ്പ് സഖ്യം ഇന്ത്യയില്‍ സാധ്യമാണോ? സംസ്ഥാനതല സഖ്യങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പര്യമെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലും ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും കുറവല്ല. ഇത്തരം ചര്‍ച്ചകളും സജീവമാണ്.

2024ല്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തണമെങ്കില്‍ എഎപിക്ക് 2022ലെ താളം നിലനിര്‍ത്തണം. ദേശീയ രാഷ്ട്രീയത്തില്‍ ഇനിയും തനിക്കൊരു അവസരം ഉണ്ടെന്ന് വ്യക്തമാക്കാനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്. 2025ലെ ബിഹാര്‍ തിരഞ്ഞെടുപ്പ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന പ്രഖ്യാപനം പോലും ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും പരസ്യമായ വര്‍ഷമായിരുന്നു അവസാനിച്ചത്

സര്‍ക്കാര്‍-ജുഡീഷ്യറി സംഘര്‍ഷം

കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും പരസ്യമായ വര്‍ഷമായിരുന്നു അവസാനിച്ചത്. 2015ലെ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമമാണ് ഏറ്റുമുട്ടലിന് വിഷയം. കൊളീജിയം സംവിധാനത്തിനെതിരായ സര്‍ക്കാരിന്റെ വിമര്‍ശനങ്ങള്‍ സുപ്രീം കോടതി തള്ളിയതും, ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പേരുകളെ സര്‍ക്കാര്‍ തിരിച്ചയച്ചതും വിഷയം സങ്കീര്‍ണമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം, നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍, ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റല്‍, ഇലക്ടറല്‍ ബോണ്ട് വിഷയം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ മുമ്പാകെ നില്‍ക്കുന്ന സാഹചര്യവും പോരിന് ആക്കം കൂട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ