ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയിലെ 21 നേതാക്കൾ കോൺഗ്രസിലേക്ക്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ഗുലാം നബി ന്യായീകരിച്ച് സംസാരിച്ചതിനെ തുടർന്നാണ് കൂട്ടത്തോടെ നേതാക്കൾ കോൺഗ്രസിലേക്ക് ചേർന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നത്.
'ഭൂമിയിലെ സാഹചര്യത്തെക്കുറിച്ച് വിവരമില്ലാത്തവരാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത്' എന്നായിരുന്നു ഗുലാം നബിയുടെ പരാമർശം. ഇത്തരത്തിൽ പറഞ്ഞുകൊണ്ട് ജിഎൻഎ (ഗുലാം നബി ആസാദ്) തന്റെ ഡിഎൻഎയിൽ വ്യത്യാസം വന്നുവെന്ന് തെളിയിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
"2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരാളിൽ നിന്നാണ് ഈ വാക്കുകൾ! എംപി സ്ഥാനം ഇല്ലാതായിട്ടും ന്യൂഡൽഹിയിലെ ബംഗ്ലാവിൽ തുടരാൻ അദ്ദേഹത്തിന് അനുമതി നൽകിയതിനെ അദ്ദേഹം ന്യായീകരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു," കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗുലാം നബി ആസാദിന് വേണ്ടി തനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയവരുൾപ്പെടെ 21 നേതാക്കൾ ഇന്ന് രാവിലെ കോൺഗ്രസിൽ ചേർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസാദ് സ്വന്തം പാർട്ടി രൂപീകരിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് ആസാദിന്റെ പാർട്ടിയിൽ ചേർന്ന നിരവധി നേതാക്കളാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ വാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
മുൻ മന്ത്രിയും പാന്തേഴ്‌സ് പാർട്ടിയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗവും ജമ്മു കശ്മീരിലെ എഎപിയുടെ എസ്‌സി/എസ്ടി, ഒബിസി വകുപ്പിന്റെ തലവനുമായ യശ്പാൽ കുണ്ഡലും കോൺഗ്രസിൽ ചേർന്നവരിൽ ഉൾപ്പെടുന്നു. ആസാദിന്റെ പാർട്ടിയിൽ ചേർന്ന ജെകെപിസിസി മുൻ വൈസ് പ്രസിഡന്റ് ഹാജി അബ്ദുൾ റഷീദ് ദാറും കോൺഗ്രസിൽ തിരിച്ചെത്തി.
നരേഷ് കെ ഗുപ്ത, ശ്യാം ലാൽ ഭഗത്, സൈമ ജാൻ, ഷാജഹാൻ ദാർ, തരൺജിത് സിങ് ടോണി, ഗസൻഫർ അലി, സന്തോഷ് മജോത്ര, രജനി ശർമ, നിർമൽ സിങ് മേത്ത, നസീർ അഹമ്മദ് ഔഖാബ്, മഹേശ്വർ വിശ്വകർമ, ജങ് ബഹാദൂർ ശർമ എന്നിവരാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയിൽ നിന്ന് കോൺഗ്രസിൽ ചേർന്നത്. ഹമിത് സിങ് ബട്ടി, രമേഷ് പണ്ഡോത്ര, വൈദ് രാജ് ശർമ, മൻദീപ് ചൗധരി, ഫാറൂഖ് അഹമ്മദ് എന്നിവർ എഎപിയിൽ നിന്നും മദൻ ലാൽ ചലോത്ര എപിഎൻഐ പാർട്ടിയിൽ നിന്നും നമ്രത ശർമ അപ്നി പാർട്ടിയിൽ നിന്നുമാണ് കോൺഗ്രസിൽ ചേർന്നത്.